ആനുകൂല്യം തരാന്‍ മടിയാണോ? ഒന്നും നഷ്ടപ്പെടാതെ കമ്പനി മാറാം-കൂടുതല്‍ അറിയാം മെഡിക്ലെയിം പോര്‍ട്ടബിലിറ്റി

  • പോളിസിയില്‍ ചേര്‍ക്കുമ്പോഴുള്ള ആവേശവും താല്‍പ്പര്യവും ക്ലെയിം ചെയുമ്പോള്‍ കാണിക്കാറില്ലേ? കമ്പനി ഉടായിപ്പാണെന്ന് തോന്നുന്നെങ്കില്‍ ഒന്നും നഷ്ടപ്പെടാതെ മാറാന്‍ വഴിയുണ്ട്...

Update: 2023-03-23 06:45 GMT

വിശ്വനാഥന്‍ ഓടാട്ട്-മാനേജിംഗ് ഡയറക്ടര്‍, എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്

നിലവിലുള്ള മെഡിക്ലെയിം പോളിസി ഉടമകള്‍ക്ക്, പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റുമ്പോള്‍ നിലവിലുള്ള പോളിസിയിലെ ആനുകൂല്യങ്ങളില്‍ പലതും നഷ്ടപ്പെട്ടെന്നിരിക്കാം. പക്ഷേ, പോര്‍ട്ടബിലിറ്റി നിലവില്‍ വന്നതുമുതല്‍, ഐആര്‍ഡിഎ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് പോളിസി ഉടമയ്ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇന്‍ഷുറന്‍സ് കമ്പനി മാറുന്നതിന് അവസരം ലഭിച്ചിരിക്കുകയാണ്.

ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, ഇഷ്ടാനുസരണം ഇന്‍ഷുറന്‍സ് കമ്പനി/പോളിസി തെരഞ്ഞെടുക്കുവാന്‍ അവസരവും ഉണ്ടായാല്‍ സ്വാഭാവികമായും മെച്ചപ്പെട്ട പോളിസി, അനുബന്ധ ക്ലെയിം, സേവനങ്ങള്‍ എന്നിവ കൃത്യനിഷ്ഠമായി നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍/തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ക്കനുകൂലമായ ഒരു വിപണിയാണ് പ്രതീക്ഷിക്കുന്നത്. മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് അധഃപതനവും സംഭവിച്ചേക്കാം.

നിലവിലുള്ള പോളിസിയിലെ ആനുകൂല്യങ്ങള്‍

മെഡിക്ലെയിം പോളിസി ആദ്യമായി എടുക്കുമ്പോള്‍ ആദ്യത്തെ മുപ്പത് ദിവസത്തേക്ക് അസുഖം മൂലമുള്ള ചികിത്സാ ചെലവുകള്‍ ലഭിക്കുകയില്ല. അതേസമയം അപകടം മൂലമുള്ള ചികിത്സാ ചിലവ് ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് ആദ്യത്തെ വര്‍ഷത്തില്‍ ക്ലെയിം ലഭ്യമല്ലാത്ത ചികിത്സകളും, തുടര്‍ന്ന് പല പോളിസികളിലും ഒന്നും, രണ്ടും, മൂന്നും വര്‍ഷങ്ങളില്‍ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങളും ഉണ്ട്. എന്നാല്‍ മിക്കവാറും പോളിസികള്‍ നാല് വര്‍ഷം പൂര്‍ത്തിയായാല്‍ ഭൂരിഭാഗം അസുഖങ്ങള്‍ക്കും അതോടൊപ്പം നിലവിലുണ്ടായിരുന്ന അസുഖങ്ങള്‍ക്കും ചികിത്സാ ചിലവ് ലഭിക്കുന്നു.

കൂടാതെ, ക്ലെയിം ഇല്ലാതിരുന്ന വര്‍ഷങ്ങളില്‍ നോ ക്ലെയിം ബോണസിനും അര്‍ഹതയുണ്ടായിരിക്കും. നാല് വര്‍ഷത്തോളം ക്ലെയിം രഹിത വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഭൂരിഭാഗം വ്യക്തിഗത/ഫാമിലി പോളിസികളിലും ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഒരു ശതമാനം മെഡിക്കല്‍ പരിശോധനക്കായി പോളിസി ഉടമക്ക് നല്‍കുന്നുമുണ്ട്.

ഇപ്രകാരം നല്‍കുന്നതിലൂടെ ഏതെങ്കിലും അസുഖങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെങ്കില്‍ അത് നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കും. തന്‍മൂലം ഭാവിയിലെ വലിയ സാമ്പത്തിക ചിലവ് ഒരു പരിധി വരെ നിയന്ത്രിക്കാനും കമ്പനികള്‍ക്ക് കഴിയും. മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ഒരു പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റുമ്പോള്‍, പുതുതായി പോളിസി എടുക്കുന്നതിന് സമാനമായിരിക്കും.

വിശദമായി പറഞ്ഞാല്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു പോളിസി ഉടമ, വീണ്ടും പോളിസിയിലെ എല്ലാ ആനുകൂല്യങ്ങളും കിട്ടാന്‍ വീണ്ടും നാല് വര്‍ഷം കൂടി കാത്തിരിക്കണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലവിലുള്ള കമ്പനിയില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട് മറ്റ് ഏത് കമ്പനിയുടെ പോളിസിയിലേക്കും ഇഷ്ടപ്രകാരം മാറ്റാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ ഇങ്ങനെ

പോര്‍ട്ടബിലിറ്റിക്കായി നിര്‍ദ്ദിഷ്ട ഫോമില്‍ പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്ക് അപേക്ഷ നല്‍കണം. ഇതോടൊപ്പം പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്ന പോളിസിയുടെ അപേക്ഷാ ഫോമും, നിലവിലുള്ള മെഡിക്ലെയിം പോളിസിയുടെ ഒരു കോപ്പിയും നല്‍കണം.

പോളിസി കാലാവധി തീരുന്നതിന് 45 ദിവസം മുന്‍പായി ഇത് നല്‍കേണ്ടതാണ്. നിലവിലുള്ള പോളിസിയുടെ ക്ലെയിം വിവരങ്ങള്‍, മുന്‍കാല ചരിത്രം എന്നിവ അപേക്ഷ നല്‍കിയ കമ്പനി നിലവിലുള്ള പോളിസി എടുത്ത കമ്പനിയില്‍ നിന്നും അറിഞ്ഞിരിക്കണം. അതിന് രേഖാമൂലം മറുപടി ലഭിച്ച ഉടന്‍ തന്നെ പുതുതായി പോളിസി എടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി, അവരുടെ പ്രീമിയം നിരക്ക്, നിബന്ധനകള്‍ എന്നിവ ഉപഭോക്താവിനെ അറിയിക്കുന്നു. പ്രീമിയം അടച്ചു കഴിഞ്ഞ ഉടന്‍, പോളിസി കാലാവധി തീരുന്ന തീയതി മുതല്‍ പുതുക്കിയ പോളിസി തുടര്‍ച്ചയായി ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുന്നു.

പോളിസി/കമ്പനി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെഡിക്ലെയിം പോളിസികളില്‍ ഉപഭോക്താവിന് വാഗ്ദാനങ്ങള്‍ മാത്രം നല്‍കി, സമയാസമയങ്ങളില്‍ വേണ്ട സേവനം നല്‍കാത്ത അസുഖങ്ങള്‍ പിടിപെട്ട് ആശുപത്രിയില്‍ പോയി സൗജന്യ ചികിത്സ കിട്ടാതെയും, അര്‍ഹമായ ചികിത്സാ ചിലവുകള്‍ ലഭിക്കാതെയും വിഷമിക്കുന്നവരുണ്ട്.

ഒടുവില്‍ അവര്‍ നിലവിലുള്ള കമ്പനിയില്‍ തന്നെ വീണ്ടും പ്രീമിയം അടച്ച് തുടരാന്‍ നിര്‍ ബന്ധിതരാകുന്നു. ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുവാന്‍, നിലവിലുള്ള കമ്പനികള്‍, പോളിസി കള്‍ എന്നിവ താരതമ്യം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമതായി കമ്പനിയുടെ സേവന നിലവാരം വിലയിരുത്തണം. യഥാസമയം പോളിസി നല്‍കുന്നുണ്ടോ? ഹെല്‍ത്ത് കാര്‍ഡ് താമസംവിനാ നല്‍കുന്നുണ്ടോ?

ക്ലെയിം ഉണ്ടായാല്‍ അവശ്യം വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുന്നുണ്ടോ? സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളില്‍ സഹായിക്കുന്നുണ്ടോ? സമയപരിധിക്കുള്ളില്‍ തന്നെ ക്ലെയിം തീര്‍പ്പാക്കി കൊടുക്കുന്നുണ്ടോ? പോളിസി പുതുക്കുന്നതിനുള്ള നോട്ടീസ് യഥാസമയം നല്‍കുന്നുണ്ടോ? എന്നീ കാര്യങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്. പ്രീമിയം വാങ്ങുമ്പോഴുള്ളതുപോലെ തന്നെ, ക്ലെയിം ഉണ്ടാകുമ്പോഴും അതേ താല്‍പര്യം കമ്പനികള്‍ പ്രകടിപ്പിക്കണം. ഒരു പ്രത്യേക കമ്പനിയുടെ പ്രതിനിധിയില്‍ നിന്നോ, ഏജന്റില്‍ നിന്നോ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍, ആ പ്രത്യേക കമ്പനിയുടേതു മാത്രമായുള്ള മെഡിക്ലെയിം പോളിസിയുടെ വിവരമാണ് ലഭ്യമാവുക. എന്നാല്‍, ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനികളില്‍ നിന്നാകുമ്പോള്‍, ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളുടേയും പോളിസികളുടെ വിശദ വിവരങ്ങളും, അവ താരതമ്യം ചെയ്യാനുള്ള അവസരവും ഉപഭോക്താവിന് ലഭിക്കുന്നു.

Tags:    

Similar News