സ്റ്റോക്ക് മാർക്കറ്റിലേക്ക് വരുമ്പോൾ ഒരു നല്ല നിക്ഷേപകനാവാം. ഭാഗം -1
- കോർപറേറ്റുകൾ ലോകത്തെല്ലായിടത്തും തൊഴിലും സമ്പത്തും ഉണ്ടാക്കുന്നു
- ആളുകൾക്കിടയിൽ ഗ്രീഡ് ഒരു വലിയ ഘടകം ആണ്
ഒരു നല്ല നിക്ഷേപകനാവുക എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. എങ്ങനെ ഒരു നല്ല നിക്ഷേപകൻ ആവാം എന്നതിനെ ക്കുറിച്ചും സ്റ്റോക്ക്മാർക്കറ്റിനെ ക്കുറിച്ചും ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജുമായി മൈഫിൻ പോയിന്റിലെ അനു വി കെ നടത്തിയ അഭിമുഖം
? 1992-ലാണ് ഡിബിഎഫ്എസ് സ്ഥാപിതമായത്. സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് മലയാളികൾക്കിടയിൽ അത്രത്തോളം ധാരണ ഇല്ലാത്ത സമയത്ത് ഈ മേഖലയിലേക്ക് വരുന്നത് എങ്ങനെയാണ്.
എല്ലാവരും ലൈഫിൽ എന്തെങ്കിലുമൊക്കെ ആഗ്രഹിക്കും. എന്നാൽ ആഗ്രഹിക്കുന്ന മേഖലയിലേയ്ക്കായിരിക്കില്ല പലരും എത്തിപ്പെടുക. യഥാർത്ഥത്തിൽ, ഞാൻ കോസ്‌ററ് അക്കൗണ്ടൻസി പഠിക്കാൻ കൊച്ചിയിൽ വന്നതാണ്. ഒരു ജോലിയിൽ കയറി. കോസ്‌ററ് അക്കൗണ്ടന്റ് ആവണം എന്നതായിരുന്നു ആഗ്രഹം. കമ്പനി തുടങ്ങുന്നത് ഇരുപത്തിയഞ്ചാമത്തെ വയസിലാണ്. ചെറിയ ജോലികൾ ചെയ്തും മറ്റും സ്വതന്ത്രമായി ബ്രോക്കറേജ് ബിസിനസിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ആദ്യത്തെ രണ്ടു മൂന്നു വർഷം അതിൽ ഗ്രൗണ്ട് വർക്ക് നടത്തി. ആഗ്രഹിച്ച മേഖല അല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങൾ ഇതിലും ഉണ്ടെന്നും മനസിലായി. പഠിച്ച പല കാര്യങ്ങളും ഈ മേഖലയിൽ പ്രയോഗിക്കാൻ കഴിയുമെന്ന് മനസിലായി. ഞാൻ അതിനെപ്പറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചു.
ലോകത്തെല്ലായിടത്തും കോർപറേറ്റുകൾ ആണ് തൊഴിലും സമ്പത്തും ഉണ്ടാക്കുന്നത് എന്ന് മനസിലായി. നമ്മുടെ രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെ പല കാര്യങ്ങളും കോർപറേറ്റുകൾ ചെയ്യുന്നുണ്ട്. അതിനു ഷെയർ മാർക്കറ്റ് യോജിച്ച മേഖലയാണെന്നു മനസിലായപ്പോൾ പിന്തുണക്കായി പാർട്ണർമാരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സാമ്പത്തികമുൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അത്തരം ഒരു ബിസിനസ്സിലേക്ക് എടുത്തു ചാടുമ്പോൾ പൊതുവെ ഫാമിലിയിൽ നിന്നോ സൊസൈറ്റിയിൽ നിന്നോ സപ്പോർട്ട് കിട്ടില്ല. ദൈവാനുഗ്രഹത്താൽ രണ്ട് പാർട്ണർമാരെ കണ്ടെത്താൻ കഴിഞ്ഞു. 1992 ൽ കമ്പനി ആയി തുടങ്ങി.
ദക്ഷിണേന്ത്യയിൽ തന്നെ കമ്പനിയായിട്ടുള്ള ആദ്യത്തെ ബ്രോക്കറേജ് സ്ഥാപനം ആയിരുന്നു. അതിനു ശേഷം ബിസിനസ് വിപുലീകരിച്ചു. തുടക്കത്തിൽ സ്മൂത്ത് ആയ രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ പോയത്. 1992 ൽ കമ്പനി തുടങ്ങിയ സമയത്ത് പല പ്രതിസന്ധികളും രാജ്യത്തു സമ്പദ് വ്യവസ്ഥയിൽ ഉണ്ടായി. ലിബറലൈസേഷൻ ഇന്ത്യയിൽ വന്നു. പല രാഷ്ട്രീയ പ്രതിസന്ധികളും ഉണ്ടായി. ഇന്ത്യ ആറ്റം ബോംബ് പരീക്ഷിച്ചപ്പോൾ ഇന്ത്യക്കെതിരെ ഉപരോധം വന്നു. 2008-ൽ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. ആ സമയത്തതൊന്നും ഞങ്ങൾ വിട്ട് പോയില്ല . സമീപ കാലത്ത് കോവിഡ് വന്നപ്പോഴും വലിയ പ്രതിസന്ധി ഉണ്ടായി. പക്ഷേ, ഇത്തരം പ്രതിസന്ധികൾ താത്കാലികമാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ കുറച്ചു കാലം കൂടെ വെയിറ്റ് ചെയ്യാൻ തയ്യാറായി. അന്ന് ബോൾഡ് ആയി തീരുമാനം എടുത്തത് കൊണ്ട് ഞങ്ങൾക്ക് മാനേജ് ചെയ്യാനായി.
?കോവിഡ് കാലത്ത് ആണ് കൂടുതൽ ആളുകൾ സ്റ്റോക്ക് മാർക്കറ്റ് മേഖലയിലേക്ക് വന്നത്. അത്തരത്തിലുള്ള ആളുകൾ ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നുണ്ടോ ?
കോവിഡ് കാലഘട്ടത്തിൽ കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് വന്നു. കാരണം ആളുകളെല്ലാം ടിവിയുടെയും ലാപ്‌ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിൽ ആയപ്പോൾ അവർക്ക് വേറൊന്നും ചെയ്യാൻ ഇല്ലാതെ വന്നു. പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു കോവിഡിന്റെ ആദ്യഘട്ടത്തിൽ ലോക്ക് ഡൗണിൽ ഉണ്ടായത്. ആളുകൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് പരിധി ഉണ്ടായിരുന്നു.
ഓൺലൈൻ ആയുള്ള ഇക്കോ സിസ്റ്റം നേരത്തെ തന്നെ സ്റ്റോക്ക് മാർക്കറ്റിലുണ്ടായിരുന്നതിനാൽ കുറെപ്പേർ ഈ മേഖലയിലേക്ക് വന്നു. സമൂഹ മാധ്യമങ്ങൾ വഴി വലിയ ഹൈപ്പ് ഒക്കെ ഉണ്ടായപ്പോൾ ആളുകൾ കൂടുതലായി ഈ മേഖലയിൽ വന്നു. എന്നാൽ കോവിഡിന്റെ ആദ്യഘട്ടത്തിൽ വിപണി ഇടിയുകയാണ് ഉണ്ടായത്. ബഹുഭൂരിപക്ഷവും ദീർഘ വീക്ഷണത്തോടെ ഈ മേഖലയിലേക്ക് വന്നതൊന്നും അല്ല. കൂടുതൽ ആളുകളും ഫിൻ ഇൻഫ്‌ളുവൻസർമാർ ഉൾപ്പെടെയുള്ളവരുടെ പല സ്വാധീനങ്ങൾ കൊണ്ട് വന്നതാണ്. വിപണി കയറിയെങ്കിലും നല്ല പങ്ക് ആളുകൾക്കും പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല.
?യുവാക്കൾ കൂടുതലായും സ്റ്റോക്ക് മാർക്കറ്റ് മേഖലയിലേക്ക് വരുന്നത് ഇതിൽ നിന്നുള്ള ലാഭം മാത്രം കണ്ടുകൊണ്ടാണോ? ഇൻവെസ്റ്റ്‌മെന്റ് മേഖലയിലെ സാദ്ധ്യതകൾ കണ്ടു കൊണ്ടാണോ.
അവെയർനെസ്സ് ലെവൽ ഒക്കെ വളരെ കൂടുതലാണ്. ഏറ്റവും വലിയ അട്ട്രാക്ഷൻ ഏറ്റവും കൂടുതൽ ബെനിഫിറ്റ് ഉണ്ടാവുന്നതാണ് ആരും സമ്മതിച്ചില്ലെങ്കിലും ആളുകൾക്കിടയിൽ ഗ്രീഡ് എന്നത് ഒരു വലിയ ഘടകം തന്നെയാണ് . ഒരാൾ എനിക്ക് 25,000 രൂപ ശമ്പളം ലഭിച്ചാൽ സന്തോഷവാനാണെന്നു പറയും. അത് കിട്ടി മൂന്നു മാസം കഴിഞ്ഞാൽ ചിന്ത മാറും. വേറൊരാൾക്ക് 30,000 കിട്ടുമ്പോൾ ചിന്താഗതി മാറും. സ്റ്റോക്ക് മാർക്കറ്റിലെ പല കഥകളും കേൾക്കുമ്പോൾ അതുപോലെ ആവണം എന്ന് ആളുകൾക്ക് തോന്നും. ഈ മാനസികാവസ്ഥ സ്റ്റോക്ക് മാർക്കറ്റിൽ പ്രതികൂലമായി ബാധിക്കും. സ്റ്റോക്ക് മാർക്കറ്റിൽ വരുന്നവർ ആദ്യം ഇൻവെസ്റ്റ്മെന്റിൽ ആണ് വരേണ്ടത്. ഈ മേഖലയിൽ എങ്ങനെയാണ് സമ്പത്ത് ഉണ്ടാക്കേണ്ടത് എന്ന കൃത്യമായ ധാരണയോടെ ആയിരിക്കണം വരേണ്ടത്.
നമ്മുടെ രാജ്യത്ത് പൊതുമേഖലയിൽ പല സ്ഥാപനങ്ങൾ ഉണ്ട്. സർക്കാർ തന്നെ തൊഴിൽദാതാവ് ആണ്. കൂടാതെ കമ്പനികൾ, അസംഘടിതമേഖല , കാർഷിക മേഖല തുടങ്ങിയ മേഖലകളിൽ ധാരാളം പേർ തൊഴിലെടുക്കുന്നുണ്ട്. എന്നാൽ രാജ്യത്തിന്റെ 40 വർഷത്തെ ചരിത്രം എടുത്ത് പഠിച്ചാൽ വളരെ വേഗത്തിൽ വളർന്നു വരുന്ന മേഖലയാണ് കോർപ്പറേറ്റ് മേഖല. രാഷ്ട്രീയ പരമായി, കോർപറേറ്റുകൾ കുത്തകകളാണന്നൊക്കെ പറയും. ഞാൻ കുത്തകകളെ സപ്പോർട്ട് ചെയ്യുകയല്ല. കുത്തക മറ്റൊരു കൺസെപ്റ്റ് ആണ്.
എന്നാൽ യൂറോപ്പ് ,യു എസ് ഉൾപ്പെടെ വികസിത രാഷ്ട്രങ്ങളിൽ സമ്പത്ത് ഉണ്ടാക്കുന്നതിലും തൊഴിൽ നൽകുന്നതിനും മറ്റും കോർപറേറ്റുകളുടെ പങ്ക് വളരെ വലുതാണ്. സർക്കാരിന് നികുതിയ നല്ലൊരു പങ്കും ലഭിക്കുന്നത് ഈ കോർപറേറ്റുകളിൽ നിന്നാണ്. സാധാരണ വ്യക്തി ബിസിനസ് നടത്തുമ്പോൾ ഉള്ള പരിമിതി അവിടെ ഇല്ല.
ഒരു വലിയ കമ്പനിക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവും. ഒരു കമ്പനിക്ക് ഉള്ളിൽ ബുദ്ധിപരമായി ചിന്തിക്കുന്ന ഒരു വലിയ ടീം ഉണ്ടാവും. പല പ്രതിസന്ധികളെയും അവർ അതിജീവിക്കും. നമ്മൾ അത്തരം കമ്പനികളുടെ ഷെയർ ഹോൾഡർമാർ ആവുന്നു. നേരിട്ട് ബിസിനസ് നടത്തുന്നതിലും നല്ലതാണ് നന്നായി പെർഫോം ചെയ്യുന്ന കമ്പനികളുടെ ഷെയർ വാങ്ങി ആ ബിസിനസ്സിൽ പങ്കാളി ആവുന്നത്. ഇക്കോണമി ഒരു വർഷം അഞ്ചോ ആറോ ശതമാനം വളരുമ്പോൾ പല കമ്പനികളും 20 മുതൽ 25 ശതമാനം വരെ വളരുന്നുണ്ട്. സ്ഥിരനിക്ഷേപം ,റിയൽ എസ്റ്റേറ്റ് തുടങ്ങി ഏതു സാധാരണ നിക്ഷേപ മാർഗത്തിലും 7 മുതൽ 8 ശതമാനം മാത്രമേ റിട്ടേൺ ലഭിക്കുള്ളു. ഇക്കണോമിയിലെ വളർച്ചയെയും കടത്തിവെട്ടുന്ന വളർച്ച ഉണ്ടാവണം. ഈ അവസരം മനസിലാക്കാതെ ഏതെങ്കിലും സ്റ്റോക്കുകളിൽ മാറി മാറി നിക്ഷേപിക്കുന്ന ആളുകളുടെ ഗ്രീഡ് ഈ മേഖലയിൽ ഉണ്ടാവരുത്. അപ്പോൾ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. ചിലപ്പോൾ ഉദ്ദേശിക്കുന്നതിനേക്കാൾ മോശം റിസൾട്ട് ലഭിക്കും