കൃത്യമായി ജിഎസ്ടി അടയ്ക്കുന്നത് മഞ്ജുവും ടൊവീനോയും, സൂപ്പര്‍ താരങ്ങളെ തൊടുന്നില്ല, ഖജനാവിന് നഷ്ടം കോടികള്‍

  • രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഒന്നാം നിരയിലെയും രണ്ടാം നിരയിലെയും താരങ്ങളുടെ നികുതി കുടിശ്ശിക നിര്‍ണയിക്കുന്നത് വൈകുന്നതെന്ന് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക കൈക്കൂലിയായി ലഭിക്കുന്നതായും വിവരമുണ്ട്.

Update: 2023-02-27 05:30 GMT

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇന്ധനത്തിന് സെസ് ചുമത്താനുള്ള നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് യഥാവിധം നികുതി പിരിച്ചെടുക്കുന്നില്ല. ഇതുവഴി കോടികളുടെ വരുമാനമാണ് ഖജനാവിന് നഷ്ടമാകുന്നത്. സംസ്ഥാനത്തിന് സേവന നികുതിയിനത്തില്‍ പ്രധാന സ്രോതസ്സാണ് ചലച്ചിത്ര മേഖല. നടീനടന്മാര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നെല്ലാം വന്‍ തുകയാണ് ലഭിക്കുക.

ശ്രീനാഥ് ഭാസി വില്ലനാണോ?

നടന്‍ ശ്രീനാഥ് ഭാസിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ രണ്ടു തവണ സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പരിശോധന ഇതുവരെ നടന്നിട്ടില്ല. ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം താഴെക്കിടയിലെ ഉദ്യോഗസ്ഥര്‍ റെയിഡിന് വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം.

സൂപ്പര്‍ താരങ്ങളെ തൊടില്ല

2017 ജൂണില്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം ഇതുവരെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ ജിഎസ്ടി പരിശോധന നടത്തിയിട്ടില്ല. രണ്ടാം നിര താരങ്ങളിലേക്കും പരിശോധന എത്തിയിട്ടില്ല. മൂന്നാം നിരയിലെ 10 യുവതാരങ്ങള്‍ക്കെതിരേ 30 ലക്ഷം മുതല്‍ മൂന്ന് കോടി വരെ നികുതി അടയ്ക്കാനുള്ളതിന്റെ പേരില്‍ നികുതി വകുപ്പ് നടപടികള്‍ തുടങ്ങിവച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് നിര്‍മാതാക്കളില്‍ നിന്നും താരസംഘടനയായ അമ്മയില്‍ നിന്നും ശേഖരിച്ച സുപ്രധാന വിവരങ്ങള്‍ ഈ താരങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പഴുതുകള്‍ സൃഷ്ടിച്ചു.

ഇതിന് പ്രത്യുപകാരമെന്ന നിലയില്‍ ഈ യുവതാരങ്ങള്‍ ഇടതുപക്ഷ സര്‍വിസ് സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ഇത് കൂടാതെ ഈ സംഘടനയുടെ കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് ഇത്തരത്തില്‍ ഇന്റലിജന്‍സ് നടപടികള്‍ക്ക് വിധേയരായവരില്‍ നിന്നും സംസ്ഥാന നികുതി വകുപ്പിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുകോടി രൂപയോളം വാങ്ങിനല്‍കിയതായും വിവരമുണ്ട്.

ആസിഫലി, സിദ്ദീഖ്, ഷെയിന്‍ നിഗം

മൂന്നാംനിര താരങ്ങളുടെ വരുമാനവും നികുതിയടവും പരിശോധിച്ചപ്പോള്‍ വന്‍ വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മിക്കവരും ജിഎസ്ടി അടച്ചിട്ടില്ല. അതിനു മുമ്പ് അടച്ചതു തന്നെ നാമമാത്രമായാണ്. ഈ പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ജിഎസ്ടി ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ മറവില്‍ വിദൂരങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്.

ആസിഫലി, സിദ്ദീഖ്, ഷെയിന്‍ നിഗം എന്നിവരുടെ അഞ്ചുവര്‍ഷത്തെ വരുമാനം ജി.എസ്.ടി വകുപ്പ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പരിശോധിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞവര്‍ഷം നികുതി അടച്ചിട്ടില്ലെന്നും മുമ്പ് അടച്ചത് തന്നെ നാമമാത്രമായാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ടൊവീനോയാണ് ഹീറോ; മഞ്ജുവും

നടന്മാര്‍ വാര്‍ഷിക വരുമാനത്തിന്റെ 18 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. എന്നാല്‍ പലരും ചെറിയ തുകയേ നല്‍കാറുള്ളൂ. ചിലര്‍ തീരെ നല്‍കുന്നില്ല. ഓരോ സിനിമയുടെയും നിര്‍മാതാക്കള്‍ നല്‍കിയ കണക്കിലെ പ്രതിഫലത്തിനനുസരിച്ചാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ നടന്മാരുടെ യഥാര്‍ഥ വരുമാനം (ഉദ്ഘാടനം, മറ്റു പരിപാടികള്‍ തുടങ്ങി സിനിമയുടെ പുറത്തുനിന്നുള്ളത് ഉള്‍പ്പെടെ) ഇതിന്റെ നാലിരട്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഏതാനും നടന്മാര്‍ മാത്രമാണ് കൃത്യമായി നികുതിയടക്കുന്നത്. ഇതില്‍ മഞ്ജു വാര്യര്‍, ടൊവീനോ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടും.

ജോജു മാസാണ്

ജോസഫ്, ചുരുളി, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നായകനും ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ഉദാഹരണം സുജാത, ചാര്‍ലി തുടങ്ങിയ ഹിറ്റുകളുടെ നിര്‍മാതാവുമായ ജോജു ജോര്‍ജ് കഴിഞ്ഞ വര്‍ഷം സേവനനികുതി അടച്ചിട്ടില്ല. അതിനു മുമ്പത്തെ മൂന്നുവര്‍ഷവും വന്‍ വരുമാനമുണ്ടായെങ്കിലും ഏതാനും ലക്ഷം രൂപ മാത്രമേ ഇദ്ദേഹം അടച്ചിട്ടുള്ളൂ. അതേസമയം ജോജു അഞ്ചു വര്‍ഷത്തിനിടെ 13 ആഡംബര കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

വന്‍ സ്രാവുകളെ തൊട്ടാല്‍

രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഒന്നാം നിരയിലെയും രണ്ടാം നിരയിലെയും താരങ്ങളുടെ നികുതി കുടിശ്ശിക നിര്‍ണയിക്കുന്നത് വൈകുന്നതെന്ന് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക കൈക്കൂലിയായി ലഭിക്കുന്നതായും വിവരമുണ്ട്. സിനിമാ താരങ്ങളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ചില പ്രമുഖ യുവതാരങ്ങള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ പോലും എടുക്കാതെ നികുതിവലയ്ക്ക് പുറത്താണെന്ന് കണ്ടെത്തി.

രജിസ്ട്രേഷന്‍ എടുത്ത ചില താരങ്ങള്‍ നികുതി റിട്ടേണുകള്‍ സമയബന്ധിതമായി ഫയല്‍ ചെയ്ത് നികുതി ബാധ്യത തീര്‍ക്കാറുമില്ല. അടക്കുന്നവര്‍ തന്നെ യഥാര്‍ഥ വരുമാനം മറച്ചുവച്ച് ചെറിയ തുക അടക്കുകയാണ് ചെയ്തുവരുന്നതെന്നും കണ്ടെത്തി. വിവിധ സിനിമാ നിര്‍മാണ കമ്പനികളുടെ കണക്കുകള്‍ പിടിച്ചെടുത്ത് ഈ താരങ്ങള്‍ വാങ്ങിയ പ്രതിഫലം കണ്ടെത്തി നികുതി ബാധ്യത തിട്ടപ്പെടുത്തിയപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ വരുമാനം മറച്ചുവച്ചതായി നികുതി വകുപ്പിന് ബോധ്യപ്പെട്ടത്.

നികുതി ചോര്‍ച്ച അടയുമോ?

സേവന മേഖലയില്‍ നിന്നും ലഭിക്കേണ്ട വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതായി സംസ്ഥാന നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നികുതി ചോര്‍ച്ച പരിഹരിക്കുന്നതിന് കര്‍ശന നടപടികളിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ എല്ലാ തുടര്‍നടപടികളും ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടില്‍ മുടങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞവര്‍ഷം എറണാകുളം ഇന്റലിജന്‍സ് വിഭാഗം ആസിഫലിക്കും ജോജുവിനുമെതിരേ കേസെടുത്തിരുന്നു. ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട സേവന മേഖലകളില്‍ നിന്നും 20 ലക്ഷം രൂപയിലധികം വരുമാനം നേടുന്നവര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമാ രംഗത്ത് 20 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള ചലച്ചിത്ര പ്രവര്‍ത്തകരില്‍ പകുതി പേരും ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടില്ലെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News