മിനിമം 3 ലക്ഷം രൂപ ലാഭം നേടാന്‍ ഒരു ഫാം ബിസിനസ്
- മികച്ച ബ്രീഡുകള്‍ കണ്ടെത്തണം, വലിയ വിപണി എളുപ്പം തുടങ്ങാം
- ചെറിയ തോതില്‍ തുടങ്ങാൻ 50 ആടിന് ഒരു ഏക്കർ സ്ഥലം മതി.
- 24 മാസത്തില്‍ ആടുകള്‍ മൂന്ന് തവണ പ്രസവിക്കുമെന്നാണ് കണക്ക്.
അഗ്രികള്‍ച്ചറല്‍ ഫാമിങ് ബിസിനസുകള്‍ നിരവധിയുണ്ട്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങിയാല്‍ വലിയ ലാഭം നേടാവുന്ന ഈ മേഖലക്ക് മലയാളികള്‍ വേണ്ടത്ര ഗൗരവം നല്‍കിയിട്ടില്ലെന്ന് പറയാം. അത്യാവശ്യം കാലിസ്ഥലം ഉണ്ടെങ്കില്‍ സ്വന്തമായി ഒരു ഫാമിങ് ബിസിനസ് തുടങ്ങിയാല്‍ സാമ്പത്തികമായി പച്ചപിടിക്കും. അത്തരം താല്‍പ്പര്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ബിസിനസാണ് ആട് ഫാം. മാംസവിപണിയില്‍ ഇത്രത്തോളം വില ലഭിക്കുന്ന മറ്റൊരു ഇനമില്ല. ബീഫ് മാര്‍ക്കറ്റിനേക്കാളും ആട്ടിറച്ചിക്കുള്ള സാധ്യത ആരെയും പറഞ്ഞ് മനസിലാക്കി തരേണ്ടതില്ല. ഒരു കിലോ ആട്ടിറച്ചിക്ക് 600 രൂപയ്ക്ക് മുകളിലാണ് വില. അതുകൊണ്ട് തന്നെ തുടങ്ങിയാല്‍ വിപണി കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. ആട് ഫാം ആരംഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇവിടെ പറയാം.
സ്ഥലം വേണം
ആട് ഫാം തുടങ്ങാന്‍ വേണ്ട സ്ഥലം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ഫാമിന് അകത്ത് ഒരു ആടിന് 20 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് വേണ്ടത്. ഇത് കണക്കാക്കിയാല്‍ ആദ്യഘട്ടത്തില്‍ എത്ര ആട് വേണമെന്നതിനെ അടിസ്ഥാനപ്പെടുത്തി ഷെഡിനുള്ള സ്ഥലം എത്ര വേണമെന്ന് നിശ്ചയിക്കാം. 500 ആടുകളെ വളര്‍ത്താന്‍ 10 ഏക്കർ സ്ഥലം ആണ് വേണ്ടത്. ഇതില്‍ ഷെഡും ഉള്‍പ്പെടും. ചെറിയ തോതില്‍ തുടങ്ങുകയാണെങ്കില്‍ 50 ആടിന് ഒരു ഏക്കർ സ്ഥലം മതിയാകും.
ഫാം നിര്‍മിക്കാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കാലിസ്ഥലമാകുന്നതാണ് നല്ലത്. എന്നാല്‍ പരിസരവാസികളുടെ പരാതികള്‍ ഉണ്ടാകില്ല. മേഞ്ഞ് നടക്കാന്‍ മതിയായ സ്ഥലം ഉണ്ടെങ്കില്‍ കാലിത്തീറ്റയുടെ അളവ് കുറഞ്ഞ് കിട്ടും. അതുകൊണ്ട് പുല്‍മേടുകളുള്ള ഏരിയയാണ് നല്ലത്. എന്നാല്‍ ചുരുങ്ങിയ സ്ഥലത്തും ഇത് ആരംഭിക്കാവുന്നതാണ്.
മികച്ച ഇനങ്ങള്‍ വാങ്ങുക
ആട് ഫാം ആരംഭിക്കുമ്പോള്‍ വാങ്ങുന്ന ഇനങ്ങള്‍ ശ്രദ്ധിക്കണം. മികച്ച പ്രതിരോധ ശേഷിയും തൂക്കം കൂടുന്ന ബ്രീഡുകള്‍ നോക്കി വേണം വാങ്ങാന്‍. ബ്രീഡിനെ തെരഞ്ഞെടുക്കുമ്പോള്‍ ആണ്‍ ആടിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കണം. പെണ്‍ ആടുകളെ വാങ്ങുമ്പോള്‍ ഒരു പ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ലഭിക്കുന്ന ഇനത്തിന് പ്രാധാന്യം നല്‍കണം. ഒപ്പം തന്നെ കുറഞ്ഞ ഗര്‍ഭകാലമുള്ള ഇനങ്ങള്‍ ഏതാണെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. 20 പെണ്‍ ആടുകള്‍ക്ക് ഒരു ആണ്‍ ആട് എന്ന തോതിലായിരിക്കണം വാങ്ങേണ്ടത്. പ്രജനന ആവശ്യങ്ങള്‍ക്ക് ആരോഗ്യമുള്ളതും കരുത്തുറ്റതുമായ ആണ്‍ ആടിനെ തെരഞ്ഞെടുക്കണം. 18 മുതല്‍ 20 മാസം പ്രായമായാല്‍ പെണ്‍ ആടുകള്‍ ഗര്‍ഭംധരിക്കാന്‍ പാകമാകും. 24 മാസത്തിനുള്ളില്‍ ആടുകള്‍ മൂന്ന് തവണ പ്രസവിക്കുമെന്നാണ് കണക്ക്.
ചില ബ്രീഡുകളെ വളര്‍ത്തണമെങ്കില്‍ പ്രാദേശിക ,ജില്ലാ അതോറിറ്റികളുടെ അനുമതി ആവശ്യമാണ്.
ഭാരം വര്‍ധിപ്പിക്കുക
വാണിജ്യ അടിസ്ഥാനത്തില്‍ ആട് ഫാം ആരംഭിക്കുമ്പോള്‍ പാല്‍ വില്‍പ്പനയും തോല്‍ വില്‍പ്പനയും മാറ്റി നിര്‍ത്തിയാല്‍ പ്രധാന ലക്ഷ്യം മാംസ മാര്‍ക്കറ്റ് തന്നെയാണ്. അതുകൊണ്ട് ആടുകളുടെ തൂക്കം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
3 മുതല്‍ 4 മാസം വരെ പ്രായമുള്ള ആണ്‍ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്ത് 6 മുതല്‍ 7 മാസം വരെ സീറോ ഗ്രാസിംഗ് ഡയറ്റ് നല്‍കി 9 മുതല്‍ 10 മാസം വരെ പ്രത്യേകം വളര്‍ത്തുക. ശേഷം ഇവയെ മാര്‍ക്കറ്റില്‍ നല്‍കാം.
ഇനങ്ങള്‍ ഏതൊക്കെ
ഇറച്ചിക്കായുള്ള ആടുകളാണെങ്കില്‍ ഇന്ത്യയില്‍ സാധാരണ വളര്‍ത്തുന്നത് ബോര്‍, ബീറ്റല്‍, മടാവു, ബ്ലാക്ക് ബംഗാള്‍ തുടങ്ങിയ ബ്രീഡുകളാണ്. എന്നാല്‍ പാല്‍ ആവശ്യത്തിനാണെങ്കില്‍ സാനെന്‍, ജമുനപ്യാരി, ടോഗന്‍ബര്‍ഗ്, ആഗ്ലോ നൂബിയന്‍, ആല്‍പൈന്‍ തുടങ്ങിയ ബ്രീഡുകളാണ് നല്ലത്.
ചെലവ്
ഈ ബിസിനസ് ആരംഭിക്കാന്‍ വേണ്ടി വരുന്ന ചെലവ് ഫാമിന്റെ വലുപ്പവും തെരഞ്ഞെടുക്കുന്ന സ്ഥലവും ആടുകള്‍ക്ക് ചെലവാക്കുന്ന തുകയും അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കുന്നത്. നല്ല തീറ്റ ലഭിക്കുന്ന കാലിസ്ഥലത്താണ് ഫാം ആരംഭിക്കുന്നതെങ്കില്‍ കാലിത്തീറ്റ വാങ്ങാനുള്ള ചെലവ് പാതിയായി കുറയും. എത്ര ആടുകളെ എത്ര കുറഞ്ഞ തുകയ്ക്ക് ലഭ്യമാക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. 25 കിലോ തൂക്കം വരുന്ന 60 പെണ്‍ ആടുകളും 35 കിലോ തൂക്കം വരുന്ന 5 ആണ്‍ ആടുകളെയും ഫാമിലേക്ക് വാങ്ങാന്‍ 4,18,000 രൂപ കാണണം. ജീവനുള്ള ആടിന് കിലോയ്ക്ക് 250 രൂപാ തോതിലാണ് വില കണക്കാക്കിയത്..
കാലിത്തീറ്റയ്ക്ക് വേണ്ടി ആകെ 1,33,200 രൂപയാണ് ഏകദേശം ചെലവ് വരുന്നത്. 1600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഷെഡ് നിര്‍മിക്കാന്‍ 1,60,000 രൂപയും വാക്‌സിനേഷനും മെഡിക്കല്‍ ചെലവുകള്‍ക്കും വേണ്ടി 5,000 രൂപയും മാറ്റിവെക്കേണ്ടി വരും. ഫാമിലെ തൊഴിലാളിക്ക് പ്രതിമാസം 6,000 രൂപ ശമ്പളം വരും. ഒരു ഏക്കറിൽ പച്ചപ്പുല്ല് വളര്‍ത്താന്‍ 15,000 രൂപയും ചെലവാകും. അങ്ങനെ മൊത്തം ഈ വിഭാഗത്തില്‍ 2,16,000 രൂപയാണ് ചെലവ്. സ്ഥിര നിക്ഷേപം അടക്കം 8,00,000 ലക്ഷം രൂപയുണ്ടെങ്കില്‍ വലിയൊരു ആട് ഫാം തന്നെ തുടങ്ങാം.
എന്നാല്‍ ചെരിയ തോതില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആടുകളുടെ എണ്ണം കുറയ്ക്കാം. ചെറിയ തോതില്‍ തുടങ്ങുന്നവര്‍ക്ക് ആട് ഫാമില്‍ നിന്ന് നാലു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഒരു വര്‍ഷം വരുമാനം ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള ചെലവ് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വേണ്ടിവരിക. മൂന്ന് ലക്ഷം രൂപയോളം ഏറ്റവും കുറഞ്ഞത് ലാഭമായി മാറ്റിവെക്കാം.