പണിമുടക്കിയ ജീവനക്കാരുടെ ലോഗിന്‍ ഐഡി നീക്കം ചെയ്തു, അണിയറയില്‍ പിരിച്ചുവിടല്‍ നടപടികള്‍

  • നവംബര്‍ 14 മുതല്‍ വലിയൊരു വിഭാഗം ഡെലിവറി തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്കിലാണ്

Update: 2022-12-16 09:00 GMT

എറണാകുളം: ജില്ലയിലെ സ്വിഗ്ഗി ഡെലിവറി പാര്‍ട്ണര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് പ്രക്ഷോഭകാരികളായ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കമ്പനി. ലോഗിന്‍ വിശാദാംശങ്ങള്‍ നീക്കം ചെയ്താണ് കമ്പനി നടപടിക്ക് തുടക്കമിട്ടതെന്നാണ് സ്വിഗ്ഗി തൊഴിലാളികള്‍ പറയുന്നത്. നവംബര്‍ 14 മുതല്‍ വലിയൊരു വിഭാഗം ഡെലിവറി തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്കിലാണ്. സമരത്തില്‍ സജീവമായി പങ്കെടുത്ത തൊഴിലാളികളുടെ ലോഗിന്‍ ഐഡി യാതൊരു അറിയിപ്പും കൂടാതെ നീക്കം ചെയ്തു. 500 ഓളം തൊഴിലാളികളെ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നാണ് വിവരം.

കൊച്ചിയിലെ നാല് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തുന്ന ഓരോ ഡെലിവറിക്കും മിനിമം വേതനം 20 രൂപയില്‍ നിന്നും 35 രൂപയാക്കി ഉയര്‍ത്തണമെന്നതാണ് സമരക്കാരുടെ ആവശ്യം. സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 5000 ഡെലിവറി തൊഴിലാളികള്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നുണ്ട്.

കമ്പനിയില്‍ നിന്നും പിരിച്ചുവിടലിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണമൊന്നും വന്നിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി കമ്പനിയുടെ അധികൃതരുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി സുമേഷ് പദ്മന്‍ പറഞ്ഞു.


Tags:    

Similar News