സംസ്ഥാനത്ത് പച്ചക്കറിയുടെ വില വര്‍ധിച്ചതോടെ നട്ടം തിരിഞ്ഞ് സാധാരണക്കാര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായത്. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തൊട്ടാൽ പൊള്ളുന്ന വിലയാണ് സംസ്ഥാനത്ത് പച്ചക്കറിക്ക് ഇപ്പോൾ. മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികൾക്കെല്ലാം വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 600 ന് മുകളിലായിരുന്നെങ്കില്‍ ഇന്ന് ഇത് 800 ന് മുകളിലേക്ക് എത്തി.
തമിഴ്‌നാട്ടിലെ തുടര്‍ച്ചയായ മഴയാണ് പച്ചക്കറി വിലയെ ബാധിച്ചതെന്ന് കടയുടമകള്‍ പറയുന്നു. ചെറുനാരങ്ങ, സവാള, വെളുത്തുള്ളി, വെണ്ട, തക്കാളി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില കൂടിയത്. തിരുവനന്തപുരത്ത് തക്കാളിക്ക് 35 രൂപയും എറണാകുളത്ത് 40 രൂപയുമാണ് വില. എന്നാല്‍ കണ്ണൂര്‍ കാസര്‍കോട് ഭാഗത്ത് തക്കാളിക്ക് 26, 25 എന്നിങ്ങനെയാണ് വിലവിവരം. അതേസമയം 100 ന് മുകളിൽ തുടരുകയാണ് മുരിങ്ങയ്‌ക്കയുടെ വില. എറണാകുളത്ത് 120 രൂപയും കണ്ണൂരില്‍ 142 രൂപയുമാണ് വില. വെളുത്തുള്ളിക്ക് 400 രൂപയാണ് വിലനിലവാരം. തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വില ആശങ്കയ്ക്ക് വഴിവെക്കുന്നതാണ്.