കേരള വ്യവസായ നയം; നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കും
കേരളത്തിലെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി ഒഴിവാക്കും. 2023 ലെ പുതിയ വ്യവസായ നയത്തിൻ്റെ ഭാഗമായാണ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിനും പാട്ടക്കരാറിൽ ഏർപ്പെടുന്നതിനും സ്റ്റാമ്പ് ഇനത്തിലും രജിസ്ട്രേഷൻ ഫീസ് ഇനത്തിലും പൂർണ്ണമായ ഇളവ് ലഭിക്കും. 22 മുൻ ഗണനാ മേഖലകളാണ് വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവക്കായി 18 ഇനം ഇൻസൻ്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസുകൾ പൂർണ്ണമായി ഒഴിവാക്കുന്ന നടപടി. ഇതു സംബന്ധിച്ച കെ. എസ്. ഐ.ഡി.സിയുടെ ശുപാർശ പരിശോധിച്ച ധനകാര്യ, രജിസ്ട്രേഷൻ വകുപ്പുകൾ ഇളവുകൾ അനുവദിക്കാൻ ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇളവ് വഴിയൊരുക്കും.