ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി; തുടർച്ചയായ മൂന്നാം വർഷം ഒരു ലക്ഷം സംരംഭങ്ങൾ
അന്താരാഷ്ട്ര അംഗീകാരം നേടി മുന്നേറുന്ന സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും കേരളത്തിൽ 1,00,000 സംരംഭങ്ങൾ എന്ന നേട്ടം കൈവരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പ്രതിവർഷം 10,000 സംരംഭങ്ങൾ മാത്രം ആരംഭിച്ചിരുന്ന കേരളത്തിൽ ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം സംരംഭക വർഷം പദ്ധതി ആരംഭിക്കുകയും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം നിശ്ചയിച്ച് പ്രവർത്തിക്കുകയും ചെയ്തതായി മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പ്
അന്താരാഷ്ട്ര അംഗീകാരം നേടി മുന്നേറുന്ന സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും കേരളത്തിൽ 1,00,000 സംരംഭങ്ങൾ എന്ന നേട്ടം സാധ്യമായിരിക്കുന്നു എന്ന കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ്. പ്രതിവർഷം 10,000 സംരംഭങ്ങൾ മാത്രം ആരംഭിച്ചിരുന്ന കേരളത്തിൽ ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം സംരംഭക വർഷം പദ്ധതി ആരംഭിക്കുകയും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം നിശ്ചയിച്ച് പ്രവർത്തിക്കുകയും ചെയ്തു. 2022-23, 2023-24, 2024-25 വർഷങ്ങളിലെല്ലാം പദ്ധതി വിജയകരമായി ഒരു ലക്ഷം സംരംഭങ്ങളെന്ന നേട്ടം കൈവരിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്ലാറ്റ്ഫോമായ അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടിയ ഈ പദ്ധതിയിലൂടെ നാളിതുവരെയായി 3,44,143 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. 22068.3 കോടി രൂപയുടെ നിക്ഷേപവും 7,29,770 തൊഴിലും കേരളത്തിലുണ്ടായി. ഒപ്പം 1,09,583 വനിതകൾ ഈ പദ്ധതിയിലൂടെ സംരംഭക ലോകത്തേക്ക് കടന്നുവന്നു എന്നതും അഭിമാനകരമായ നേട്ടമാണ്. കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി അവതരിപ്പിക്കുന്നതിനായി മാർച്ച് മാസത്തിൽ വാഷിങ്ങ്ടണിൽ വച്ച് നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ വാർഷിക സമ്മേളനത്തിലേക്കും കേരളത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്.