സര്‍ക്കാര്‍ ജോലിക്കായി കാത്ത് മലയാളി, മുന്നില്‍ തിരുവനന്തപുരം
- അതേസമയം ഏറ്റവും ജനസംഖ്യയുള്ള മലപ്പുറത്ത് 4.87 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
സര്‍ക്കാര്‍ ജോലികളോട് ഏറെ പ്രിയമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. ജോലി തേടിനടക്കുന്ന ഏതൊരാളുടെയും മനസ്സില്‍ ചെറിയൊരു ആഗ്രഹമായെങ്കിലും സര്‍ക്കാര്‍ ജോലി ഉണ്ടാകും. അതൊരു അതിശയമുള്ള കാര്യമല്ല, കാരണം മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റേതൊരു ജോലിയെക്കാളും മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ ജോലിയാണ് എന്നത് തന്നെ. അതിനാല്‍ തന്നെ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്.
തൊഴില്‍ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കു പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ ഒന്നാമത് ഉള്ളത് തിരുവനന്തപുരമാണ്. കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരത്തെ 33.01 ലക്ഷം ജനസംഖ്യയില്‍ 13.25 ശതമാനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഏറ്റവും ജനസംഖ്യയുള്ള മലപ്പുറത്ത് 4.87 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശരാശരി എംപ്ലോയ്‌മെന്റ് നിരക്ക് എന്നത് 8.17 ശതമാനമാണ്. ജില്ലകളിലെ മൊത്തം ജനസംഖ്യയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് നിരക്കു കണക്കാക്കുന്നത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ തൊഴില്‍ രഹിതര്‍ മാത്രമല്ല ഉള്ളത്. ഇവരെക്കൂടാതെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് മെച്ചപ്പെട്ട ജോലിക്കായി ശ്രമിക്കുന്നവരുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണത്തില്‍ രണ്ടാമത് കൊല്ലമാണ് (11.8%). കൂടാതെ ആലപ്പുഴ (10.42) മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഏറ്റവും കുറവ് ജനസംഖ്യയുള്ള വയനാട് നാലാം സ്ഥാനത്താണുള്ളത് (9.24% ). അതേസമയം കണ്ണൂരില്‍ 25,23,003 പേരില്‍ 5.48 ശതമാനം അതായത് 1,38,403പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,07,375 പേരുള്ള കാസര്‍ഗോഡ് ജില്ലയില്‍ 72,619 പേരാണ് (5.55%) രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.