ഒടിടിയും രക്ഷയാവുന്നില്ല: മലയാള സിനിമയില്‍ സാമ്പത്തിക നേട്ടം 10% സിനിമകള്‍ക്ക് മാത്രം

  • കഴിഞ്ഞവര്‍ഷം തിയറ്റര്‍ റിലീസിനെത്തിയ 176 സിനിമകളില്‍ 159 ചിത്രങ്ങളും പരാജയമായിരുന്നു
  • ലാഭം നേടാന്‍ സാധിച്ചാല്‍ വേറെ ഏതു മേഖലയിലുള്ളതിനേക്കാളും എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ സാധിക്കും

Update: 2023-01-06 12:15 GMT

കഴിഞ്ഞദിവസം പുറത്തിറങ്ങിയ കണക്കനുസരിച്ച് 2022 ലെ മലയാള സിനിമകളില്‍ 90 ശതമാനവും സാമ്പത്തിക പരാജയം നേരിട്ടവയാണെന്ന് പറയുന്നു. എന്നാല്‍ ഇത് കഴിഞ്ഞവര്‍ഷത്തെ മാത്രം സ്ഥിതിയല്ല. കുറേയേറെ വര്‍ഷങ്ങളായി മലയാള സിനിമ വ്യവസായം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്.

വര്‍ഷങ്ങളായി 80 ശതമാനത്തോളം സാമ്പത്തിക പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഈ മേഖലയിലേക്ക് വീണ്ടും വീണ്ടും പുതിയ നിര്‍മ്മാതാക്കള്‍ കടന്നുവരുന്നത് ഒരു ഭാഗ്യപരീക്ഷണം എന്ന നിലയില്‍ മാത്രമാണ്. ചിലര്‍ അതില്‍ വിജയിക്കുകയും ലാഭം നേടുകയും ചെയ്യുന്നു. മറ്റുചിലരാകട്ടെ മൊത്തം തുകയും സിനിമയ്ക്ക് വേണ്ടി ചെലവഴിക്കുകയും ഒടുക്കം ഒന്നുമല്ലാതാകുകയും ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം തിയറ്റര്‍ റിലീസിനെത്തിയ 176 സിനിമകളില്‍ 159 ചിത്രങ്ങളും പരാജയമായിരുന്നു. 17 ചിത്രങ്ങള്‍ മാത്രമാണ് വിജയം നേടിയത്. അതില്‍ തന്നെ 10 കോടിക്കുമുകളില്‍ ലാഭം നേടിയതാകട്ടെ വെറും 8 സിനിമകള്‍ മാത്രം. എന്നിട്ടും എന്തിനാണ് മലയാള സിനിമയിലേക്ക് കടന്നുവരാന്‍ എല്ലാവരും ആഗ്രഹിക്കുന്നത്.

പെട്ടെന്നുള്ള പ്രശസ്തി, പണം പദവി ഇതൊക്കെ അതിനുകാരണമാണ്. ലാഭം നേടാന്‍ സാധിച്ചാല്‍ വേറെ ഏതു മേഖലയിലുള്ളതിനേക്കാളും എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ സാധിക്കും. അതുപോലെ ജനങ്ങള്‍ക്കിടയില്‍ വേഗം തന്നെ പ്രശസ്തരാകാന്‍ കഴിയും. മറ്റുപല സദുദ്ദേശ്യവും ദുരുദ്ദേശ്യവും മലയാള സിനിമയിലേക്കുള്ള ചുവടുവയ്പിനു പിന്നില്‍ ഉണ്ട്.

അന്യഭാഷാ സിനിമകള്‍ കൊയ്യുന്നു

അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ വന്ന് കോടികള്‍ നേടിയെടുത്ത കാഴ്ചയാണ് കഴിഞ്ഞവര്‍ഷം കണ്ടത്. തെലുങ്ക്, തമിഴ്, കന്നഡ സിനിമകള്‍ കേരളത്തില്‍ നിന്ന് നല്ല ലാഭം നേടി. കന്നഡ ചിത്രം കെജിഎഫ് 2, കാന്താര, തമിഴ് ചിത്രം വിക്രം, തെലുങ്ക് ചിത്രം പുഷ്പ ഇവയൊക്കെയും കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളായിരുന്നു.

വലിയ ലോജിക് ഇല്ലാതെ ഇറങ്ങിയ പടങ്ങളായിട്ടുപോലും ഇവയൊക്കെ കേരളത്തില്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ കലാമൂല്യമുള്ള സിനിമകള്‍ പലതും ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

അന്യഭാഷാ സിനിമകളില്‍ പലതും ആക്ഷനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ളവയാണ്. കേരളത്തില്‍ ഹിറ്റാകുന്നതും അങ്ങനെയുള്ള ആക്ഷന്‍ സിനിമകളാണ്. മറ്റുഭാഷാ സിനിമകളില്‍ അവബോധമുള്ള മലയാളികള്‍ ലോജിക് നോക്കാതെ മേക്കിംഗ് മാത്രം നോക്കിയാണ് ഇവ കാണാന്‍ തിയറ്ററില്‍ പോകുന്നത്. മാത്രമല്ല ഇത്തരം സിനിമകളുടെ ആരാധകര്‍ പലപ്പോഴും യുവാക്കളാണ്.

അന്യഭാഷാ സിനിമകളില്‍ അധികവും കാണുന്നത് യുവാക്കളുടെ തള്ളിക്കയറ്റമാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് ലാഭം നേടാന്‍ പെട്ടെന്നു സാധിക്കും. കെജിഎഫ് 2 പോലുള്ള മാസ്സ് എന്റര്‍ടെയ്നര്‍ സിനിമകള്‍ക്ക് കേരളത്തില്‍ എന്നും വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അല്ലുഅര്‍ജുന്റെ സിനിമകള്‍ക്ക് അവിടെയുള്ളതുപോലെ ആരാധകര്‍ ഇവിടെയും ഉണ്ട്.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരില്‍ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് വേണ്ടത് ഫാലിമി ഓറിയന്റടായിട്ടുള്ള അല്ലെങ്കില്‍ കലാമൂല്യമുള്ള സിനിമകളാണ്.

അതുകൊണ്ടാണ് വലിയ താരനിരയൊന്നും ഇല്ലാതെ പുറത്തിറങ്ങിയ 'ജയ ജയ ജയ ജയഹേ' കഴിഞ്ഞവര്‍ഷത്തെ സുവര്‍ണ്ണ സിനിമയായി തീര്‍ന്നത്. സ്ത്രീകളെയും അതുവഴി കുടുംബത്തെയും തിയറ്ററില്‍ നിറയ്ക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചു.

കലാമൂല്യമുള്ള സിനിമകളുടെ പരാജയം

കലാമൂല്യമുള്ള സിനിമകള്‍ കൂടുതല്‍ ഇറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം ഇന്‍ഡസ്ട്രി. എന്നാല്‍ മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തിയറ്ററില്‍ പോയി സിനിമ കാണുക എന്നതില്‍ പല കര്യങ്ങളും നോക്കാറുണ്ട്. തിയറ്ററില്‍ പോയി കാണാതിരിക്കാനുള്ള കാരണങ്ങള്‍ ഒരുപാടുണ്ട്. കാലാവസ്ഥയും മറ്റു തിരക്കുകളും ഒക്കെ നോക്കിയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുന്നത്.

വേറൊരു കാരണം എന്നത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വന്നതിനു ശേഷം തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുന്നു. അതുകൊണ്ടുതന്നെ തിയറ്റര്‍ എക്സ്പീരിയന്‍സ് വേണ്ടെന്നു തോന്നുന്ന സിനിമകള്‍ ഒടിടിയില്‍ വരാന്‍ കാത്തിരിക്കുന്നു.

ഇപ്പോഴത്തെ വീടുകളിലെ സ്ഥിതിയനുസരിച്ച് മിക്കവീടുകളിലും ഒരു മിനി തിയറ്റര്‍ സെറ്റപ് ഉണ്ട്. അതുകൊണ്ടുതന്നെ തിയറ്ററില്‍ പോയി തന്നെ കാണണം എന്ന നിര്‍ബന്ധമില്ലാത്ത സിനിമകള്‍ വീട്ടില്‍ നിന്ന് സൗകര്യപൂര്‍വ്വം കുറഞ്ഞ ചെലവില്‍ കാണാന്‍ സധിക്കുമ്പോള്‍ അതു വേണ്ടെന്നു വയ്ക്കാന്‍ ആരും തയ്യാറാകില്ല.

കൂടിയ നിരക്കില്‍ ടിക്കറ്റെടുത്ത് തിയറ്ററില്‍ പോകുന്ന നേരത്ത് കുറഞ്ഞ നിരക്കില്‍ നമ്മുടെ സൗകര്യത്തിനനുസരിച്ച് ഒടിടിയില്‍ സിനിമ കാണാന്‍ ആളുകള്‍ തീരുമാനിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല.

ദൃശ്യം2 ഹിന്ദിയില്‍ നേടിയത് 235 കോടി

മലയാള ചിത്രമായ ദൃശ്യം 2 ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോള്‍ 235 കോടിയിലേറെ രൂപയാണ് നേടിയത്. കേരളത്തില്‍ വലിയ വിജയം നേടിയിരുന്നെങ്കിലും സാമ്പത്തികമായി ഇത്രയും നേട്ടം കിട്ടിയിരുന്നില്ല. അതിനുകാരണം ഭാഷ തന്നെയാണ്. ഹിന്ദി എന്നത് വളരെ വലിയൊരു ഏരിയ മുഴുവന്‍ ഉള്ള ഭാഷയാണ്.

മലയാളികള്‍ പോലും ഹിന്ദി സിനിമകള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചെറിയൊരു ഏരിയയിലുള്ള മലയാള ഭാഷയില്‍ ഉണ്ടായിട്ടുള്ള സിനിമയുടെ കലക്ഷന്‍ എന്നത് അതനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളൂ. എങ്കിലും മലയാളത്തില്‍ പിറന്നൊരു സിനിമ ബോളിവുഡില്‍ സാമ്പത്തികമായി വിജയിച്ചതില്‍ അഭിമാനിക്കാം.

ഒടിടിക്കും രക്ഷിക്കാനാവുന്നില്ല

ഹൃദയം, ഭീഷ്മ പര്‍വ്വം, കടുവ, ജനഗണമന, ന്നാ താന്‍ കേസ് കൊട്, തല്ലുമാല, റോഷാക്ക്, ജയ ജയ ജയ ജയഹേ എന്നീ സിനിമകളാണ് 10 കോടിക്കുമുകളില്‍ തിയറ്റര്‍ വിഹിതം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നേടിക്കൊടുത്തത്. ആകെ കലക്ഷന്‍ 30 കോടിയെങ്കിലും ലഭിച്ചാലാണ് ഈ തുകയെങ്കിലും ലഭിക്കുന്നത്.

ഒടിടി ബിസിനസ് 26,000 കോടിയായതിന്റെ ഗുണം മലയാള സിനിമയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണെങ്കിലും വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന സാമ്പത്തിക പരാജയത്തിന് തടയിടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Tags:    

Similar News