ഗിയര്‍ മാറ്റി കെഎസ്ആര്‍ടിസി; വരുമാനം കൂട്ടാനും ഇന്ധന ചെലവ് കുറയ്ക്കാനും പുതിയ പദ്ധതി

  • വ്യത്യസ്തമായ രീതികളിലൂടെ കൂടുതല്‍ വരുമാനം നേടാനുള്ള മാനേജ്‌മെന്റിന്റെ നിരവധി സംരംഭങ്ങളില്‍ ഒന്നാണ് യാത്രാ ഫ്യൂവല്‍സ്

Update: 2022-12-17 07:45 GMT

Photo : Anandhu MyFin

കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം നേടാനും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും 'യാത്രാ ഫ്യൂവല്‍സ്' ഔട്ട്ലെറ്റ് വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാനത്തുടനീളം പുതുതായി 75 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. നിലവില്‍ 13 'യാത്രാ ഫ്യൂവല്‍സ്' ഔട്ട്ലെറ്റുളാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെയുള്ള ഇന്ധനവില്‍പ്പനയില്‍നിന്ന് 10.92 കോടി രൂപയുടെ വരുമാനമാണ് നവംബറില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 5.63 കോടി രൂപയായിരുന്നു ഇത്.

കമ്പനിയുടെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്ന തുകയുടെ അമ്പത് ശതമാനത്തിലധികം ഇന്ധനത്തിനാണ് ഉപയോഗിക്കുന്നത്. ഡീസല്‍ വിലയിലെ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 173 കോടി രൂപയുടെ അധിക ചെലവും കമ്പനിക്കുണ്ടായിട്ടുണ്ട്. യാത്രാ ഫ്യൂവല്‍സില്‍ നിന്നുള്ള ഇന്ധനവും ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള വരുമാനവും ഉപയോഗിച്ചാണ് മിക്ക ബസുകള്‍ക്കും റീട്ടെയില്‍ നിരക്കില്‍ ഡീസല്‍ ലഭ്യമാക്കുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരുവനന്തപുരം, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂന്നാര്‍, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവയൂര്‍, തൃശൂര്‍, പറവൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുകളുമായി സഹകരിച്ച് കെഎസ്ആര്‍ടിസിക്ക് ഇന്ധന വില്‍പ്പന കേന്ദ്രങ്ങളുണ്ട്.

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോയില്‍ മറ്റൊരു ഔട്ട്‌ലെറ്റും ആരംഭിക്കാന്‍ പോവുകയാണ്. മൂന്നാറിലെ ഔട്ട്‌ലെറ്റില്‍ നിന്ന് പ്രതിദിനം എട്ട് ലക്ഷം വരുമാനം നേടുന്നുണ്ട്.വ്യത്യസ്തമായ രീതികളിലൂടെ കൂടുതല്‍ വരുമാനം നേടാനുള്ള മാനേജ്‌മെന്റിന്റെ നിരവധി സംരംഭങ്ങളില്‍ ഒന്നാണ് യാത്രാ ഫ്യൂവല്‍സ്.

ബജറ്റ് ടൂറുകള്‍ തുടങ്ങാന്‍ സഹായിക്കുന്നതിനു പുറമെ ചെലവ്, റൂട്ടുകള്‍, ഡ്യൂട്ടികള്‍ എന്നിവ നല്ലരീതിയില്‍ കൊണ്ടുപേകാന്‍ ഇതിനുകഴിഞ്ഞു. പാറശ്ശാല യൂനിറ്റില്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആര്‍ടിസിക്ക് 14 ശതമാനം വരുമാനം നേടിക്കൊടുത്തു. പ്രവര്‍ത്തന ചെലവ് കുറച്ചുകൊണ്ട് അടുത്തവര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്തുടനീളം ഈ മാതൃക നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News