സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ മുന്നേറി കേരളം, ഹാര്‍ഡ് വെയര്‍ വിഭാഗത്തില്‍ ഒന്നാമത്

Update: 2022-12-19 09:45 GMT

തിരുവനന്തപുരം: ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഏറ്റവും കൂടുതല്‍ കേരളത്തില്‍. അഞ്ചാമത് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിന്‍ടെക്ക് സാസ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ വെഞ്ച്വര്‍ കാപിറ്റല്‍ സമാഹരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2015 മുതലുള്ള കണക്കുപ്രകാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയ മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും ഈ മേഖലകളുടേതാണ്.

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 39 ശതമാനമാണ് നിക്ഷേപമുള്ളത്. ആരോഗ്യസംരക്ഷണം (26.7 ശതമാനം), എന്റര്‍പ്രൈസ് ടെക് (23.3 ശതമാനം), ഡീപ് ടെക് (4.6 ശതമാനം), ട്രാന്‍സ്‌പോര്‍ട് ടെക് (2.9 ശതമാനം). കേരളത്തിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ 32 മില്ല്യണ്‍ ഡോളര്‍ ആണ്. അതിനാല്‍ തന്നെ സാസ് ഉള്‍പ്പെടുന്ന എന്റര്‍പ്രൈസസ് ടെക്‌നോളജിയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിലും വെഞ്ച്വര്‍ ക്യാപിറ്റല്‍ വരവിലും ഒന്നാമനായി ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് കൂടുതലുള്ളത് കേരളത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ കേരളത്തിലെ ഹാര്‍ഡ് വെയര്‍ പ്രൊഡക്ട്/ സര്‍വീസ് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകളില്‍ 15.2 മില്ല്യണ്‍ അഥവാ മൊത്തം 551 മില്ല്യണ്‍ ഡോളറിന്റെ 2.7 ശതമാനം സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ സമാഹരിക്കുന്ന മൊത്തം ഫണ്ടിംഗ് പാന്‍ ഇന്ത്യ തലത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ വരവിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം ഫണ്ടിംഗ് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടികാട്ടി ഇന്നൊവേഷന്‍ ഗ്രാന്റും സീഡ് ഫണ്ട് സപ്പോര്‍ട്ടും ഉള്‍പ്പെടെ കെഎസ്യുഎം അവതരിപ്പിച്ച ചില സ്‌കീമുകളും ഇക്വിറ്റി ഡിലൂഷന്‍ ഇല്ലാതെ മൂലധനം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനര്‍ത്ഥം പ്രാരംഭഘട്ടത്തില്‍ ഇക്കോസിസ്റ്റത്തിലുടനീളമുള്ള സംരംഭകര്‍ക്ക് സ്വകാര്യമൂലധനം ആവശ്യമില്ലാതെ തന്നെ അവരുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സമാരംഭിക്കാനും കഴിയുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നേരിട്ട് സംഭരണം നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

സ്റ്റാര്‍ട്ടപ്പുകള്‍ 2015 മുതല്‍ സമാഹരിച്ചത് 4,557 കോടി; പുതുതായി 4000 സ്റ്റാര്‍ട്ടപ്പുകള്‍

2015 മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 4,557 കോടി (551 മില്ല്യന്‍ ഡോളര്‍). അഞ്ചാമത് കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് ഈ കാലയളവില്‍ തന്നെ 4000 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. 2015 ല്‍ 200 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമുണ്ടായിരുന്നിടത്താണ് 2022 ആകുമ്പോഴേക്കും 4000 ആയി നേട്ടം കൈവരിച്ചിരിക്കുന്നത്.

എന്നാല്‍ 2021 ല്‍ സാമ്പത്തിക മാന്ദ്യം, പാന്‍ഡമിക് തുടങ്ങി മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ കാരണം പുതിയ സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ കുറവുവന്നിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌കരിച്ചു കഴിഞ്ഞു. നിലവില്‍ 15000 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുകയും, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

Tags:    

Similar News