കേരളം ഇന്ന് എടുത്തത് 5,300 കോടി, ഈ വര്‍ഷത്തെ മൊത്തം കടം 27,839 കോടി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരത്തെയുള്ള നിര്‍ദേശം അനുസരിച്ച് മാര്‍ച്ച് 28 ന് 3,037 കോടി കടമെടുക്കാനായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ഇത് 16, 28 വര്‍ഷ കാലാവധിയുള്ള രണ്ടു കടപ്പത്രങ്ങള്‍ ( സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍ ) വഴി സമാഹരിക്കാനായിരുന്നു ലക്ഷ്യം.

Update: 2023-03-28 11:20 GMT



തിരുവനന്തപുരം: ചൊവ്വാഴ്ച വിപണിയില്‍ നിന്ന് 5,300 കോടി കടമെടുത്തതോടെ കേരളം ഈ സാമ്പത്തിക വര്‍ഷം വിപണിയില്‍ നിന്നുള്ള കടമെടുപ്പ് അവസാനിപ്പിച്ചു. ഈ സാമ്പത്തികവര്‍ഷം ഒറ്റദിവസം എടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഇതോടെ വിപണിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത മൊത്തം കടം 27,839 കോടിയായി. കഴിഞ്ഞവര്‍ഷം ഇത് 27,000 കോടി ആയിരിന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരത്തെയുള്ള നിര്‍ദേശം അനുസരിച്ച് മാര്‍ച്ച് 28 ന് 3,037 കോടി കടമെടുക്കാനായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ഇത് 16, 28 വര്‍ഷ കാലാവധിയുള്ള രണ്ടു കടപ്പത്രങ്ങള്‍ ( സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍ ) വഴി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവസാന നിമിഷം ഇത് 5,300 കോടി ആയി ഉയര്‍ത്തുകയായിരുന്നു. ഇതനുസരിച്ചു 16 ,28, 35 വര്‍ഷത്തെ കാലാവധിയുള്ള മൂന്നു കടപ്പത്രങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു.

സംസ്ഥാനങ്ങള്‍ക്കു വിപണിയില്‍ നിന്ന് കടം എടുക്കുന്നതിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക എന്നുള്ളത് കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ്. 'ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മന്റ് ആക്ട'് ആണ് ഇതിന് പ്രധാനമായും തടസം നില്‍ക്കുന്നത്.

സംസ്ഥാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി എടുക്കുന്ന വായ്പ്പകള്‍ക്ക് ജ്യാമ്യം നില്‍ക്കണമെന്ന് കേരളം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് നിരാകരിച്ചു. കേരളത്തിന് ആ വായ്പ്പകള്‍ക്ക് ഉറപ്പു നല്‍കേണ്ടതായി വന്നു. ഇതോടെ ബജറ്റില്‍ പറഞ്ഞത് കൂടാതെ കേരളം സ്വന്തം ഉത്തരവാദത്തില്‍ എടുക്കുന്ന കടം ( ഓഫ് ബജറ്റ് ബോറോവിങ്സ് ) കുത്തനെ കൂടി.

ഈ പശ്ചാത്തലത്തിലാണ് ദൈനദിന ചെലവുകള്‍ക്കായി 40,000 കോടി നേരിട്ട് വിപണിയില്‍ നിന്ന് കടമെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത് വെട്ടിക്കുറക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി കേരളം അതിന്റെ പൊതുമേഖലാസ്ഥാപനങ്ങള്‍ എടുക്കുന്ന കടങ്ങള്‍ക്കു ജാമ്യം നില്‍ക്കുന്നുണ്ട്. എന്നാല്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി ), കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് ( കെഎസ്എസ്പിഎല്‍ ) എന്നിവ എടുത്ത വലിയ കടങ്ങള്‍ക്ക് സംസ്ഥാനം ഉറപ്പുനല്കിയിരുന്നു.

കേരളം ബജറ്റിന് പുറത്ത് കടമെടുക്കന്നതിലുള്ള കേന്ദ്രത്തിന്റെ നിര്‍ദാക്ഷണ്യ നിലപാട് വളരെക്കാലമായി തുടര്‍ന്ന് വരുകയാണ്. എന്തായാലും, ആര്‍ ബി ഐ അറിയിച്ചതിലും കൂടുതല്‍ തുക കടമെടുക്കാന്‍ കേരളത്തെ കേന്ദ്രം അനുവദിച്ചതില്‍ നിന്നും കേന്ദ്ര നിലപാടില്‍ അയവ് വന്നതായി കരുതാം.

സിഎജി യുടെ ഏറ്റവും പുതിയ കണക്കു അനുസരിച്ചു, ഫെബ്രുവരി അവസാനം വരെ കേരളത്തിന്റെ കടം 24,684 കോടിയാണ് . ഇതില്‍ ഏകദേശം 21,539 കോടിയും വിപണിയില്‍ നിന്ന് സമാഹരിച്ചതാണ്. ഇത് കാണിക്കുന്നത് ഫെബ്രുവരി അവസാനം സംസ്ഥാനത്തിന്റെ മൊത്തം കടത്തില്‍ 87.25 ശതമാനവും വിപണിയുടെ സംഭാവനയാണ് എന്നാണ് .


Tags:    

Similar News