വ്യാജ ഉത്പന്നങ്ങള്‍; കൊച്ചിയിലെ കടകള്‍ക്കെതിരെ ആപ്പിള്‍

  • എസിപിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സൗത്ത്, സെന്റ്രല്‍ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു

Update: 2022-12-17 07:45 GMT

കൊച്ചി: നമ്മുടെ മാര്‍ക്കറ്റില്‍ ഏതൊരു ഉത്പന്നം ഇറങ്ങിയാലും ഇതിനോടൊപ്പം ഇറങ്ങുന്നതാണ് അതിന്റെ വ്യാജ പതിപ്പും. ഇത്തരം വ്യാജ ഉത്പന്നങ്ങളുടെ രൂപവും ഉപയോഗവും ഒറിജിനലിനെ പോലെ തന്നെയാണെന്നതാണ് വേറൊരു കാര്യം. ഇത്തരത്തിലുള്ള വ്യാജന്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ആപ്പിള്‍.

വ്യാജ ഉത്പന്നങ്ങള്‍ വിറ്റ കൊച്ചിയിലെ രണ്ട് കടകള്‍ക്കെതിരെ ആപ്പിള്‍ പരാതി നല്‍കുകയും പൊലിസ് നടപടിയെടുക്കുകയും ചെയ്തു. ആപ്പിളിന്റെ വ്യാജ ചാര്‍ജര്‍, എയര്‍പോഡ്, ഡാറ്റ കേബിള്‍ എന്നിവ വില്‍പ്പന നടത്തിയതിനാണ് പള്ളിമുക്ക്, എം ജി റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരേ എറണാകുളം സൗത്ത്, സെന്റ്രല്‍ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആപ്പിള്‍ ഇന്ത്യക്കുവേണ്ടി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രിഫിന്‍ ഇന്റലെക്ച്വല്‍ സര്‍വീസസ് പ്രവറ്റ്‌ലിമിറ്റിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് മണിയരവിന്ദ് എറണാകുളം എസിപിക്ക് കൊച്ചിയിലെ വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസിപിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സൗത്ത്, സെന്റ്രല്‍ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കമ്പനിയുടെ വ്യാജ ഉത്പന്നങ്ങള്‍ക്കെതിരേ രാജ്യത്തുടനീളം ഗ്രിഫിന്‍ ഇന്റലെക്ച്വല്‍ സര്‍വീസസ് പ്രവറ്റ്‌ലിമിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ കൊച്ചിയില്‍ എത്തുകയും നഗരത്തിലെ രണ്ടു കടകളില്‍ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തത്.

ഐപിസി സെക്ഷന്‍ 486, 420 എന്നീ വകുപ്പുകള്‍ പ്രകാരാമാണ് പൊലിസ് കടയുടമകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഇത്തരം വ്യാജ ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും തുടര്‍ന്നും പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു.

Tags:    

Similar News