വീട്ടുമുറ്റത്തൊരു കളിമൺ സംരംഭം; പ്രതിമാസം നാലു ലക്ഷം വരെ സമ്പാദിക്കാം
- വെറും 300 രൂപ മുടക്കി, പരമ്പരാഗത തൊഴിലില്‍ വൈവിധ്യവും പുതുമയും കൊണ്ടുവന്ന് ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സംരംഭകന്റെ കഥ
- കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം നേടാന്‍ സാധിക്കുന്ന മേഖലയാണിത്. കുറച്ച് സമയവും അധ്വാനവും ഉണ്ടെങ്കില്‍ മാസം ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും.
മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്നൂറുരൂപാ മുതല്‍മുടക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഒരു സംരംഭം. ഇന്ന് പ്രതിമാസം നാല് ലക്ഷത്തിലേറെ വരുമാനമുള്ള, സ്വദേശത്തും വിദേശത്തും പേരുകേട്ട ഈ സ്ഥാപനത്തിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ, ദൃഢനിശ്ചയത്തിന്റെ കരുത്തുണ്ട്.
അന്യം നിന്നുപോകുമായിരുന്ന തന്റെ പരമ്പരാഗത തൊഴിലായ മണ്‍പാത്രനിര്‍മ്മാണം ഏറ്റെടുത്ത് കൊണ്ട് അതില്‍ വൈവിധ്യങ്ങളായ രൂപങ്ങള്‍ മെനഞ്ഞെടുത്ത് വിജയം സൃഷടിച്ച വി.കെ ജയന്‍ എന്ന ജയേട്ടന്റെ വിജയഗാഥയാണിത്.
വൈവിധ്യങ്ങളുടെ കലാവിരുത്
എറണാകുളം തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഏരൂരിലാണ് Terra Crafts എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി മണ്‍പാത്രനിര്‍മ്മാണ മേഖലയിലുള്ള ജയേന്‍ ഇതിനോടകം രണ്ടായിരത്തിലേറെ വൈവിധ്യരൂപങ്ങള്‍ കളിമണ്ണില്‍ നിന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
സാധാരണഗതിയില്‍ മണ്‍പാത്രനിര്‍മ്മാണം എന്നത് അടുക്കളയ്ക്കാവശ്യമായ ചട്ടിയിലും കലത്തിലും ഒതുങ്ങുമ്പോള്‍ ഇവിടെ ഇദ്ദേഹം കളിമണ്ണുകൊണ്ട് കലാവിരുത് തീര്‍ക്കുകയാണ്. കൂടുതലും പൂച്ചട്ടികളും അലങ്കാര വസ്തുക്കളുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പൂച്ചട്ടികള്‍ തൊട്ട് എന്തിനും ഏതിനും കാലത്തിന്റെതായിട്ടുള്ള മാറ്റങ്ങള്‍ വരുത്തിയാണ് വിപണിയിലേക്കെത്തിക്കുന്നത്. കൂടാതെ കളിമണ്ണ് ഉപയോഗിച്ചുള്ള മ്യൂറല്‍ ആര്‍ടും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഒപ്പം മണ്‍പാത്ര നിര്‍മ്മാണം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. ഇതിനോടകം ഒരുപാട് പേര്‍ക്ക് മണ്‍പാത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ജയനും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് മകനും സാധിച്ചിട്ടുണ്ട്.
വിപണി സാധ്യത കണ്ടെത്തുന്നു
1991ലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. മണ്‍പാത്ര നിര്‍മാണ്ണം ഉപേക്ഷിച്ച് പലരും പലവഴി കണ്ടെത്തിയപ്പോള്‍ വീട്ടിലെ എതിര്‍പ്പിനെ പോലും മറികടന്ന് ഒരു ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു ജയന്‍. കോളേജ് പഠനത്തോടൊപ്പം തനിക്ക് പാരമ്പര്യമായി കിട്ടിയ തൊഴിലിന്റെ അനന്തസാധ്യതകളും അദ്ദേഹം കണ്ടെത്തി.
ചക്രത്തില്‍ മണ്‍പാത്രം നിര്‍മ്മിക്കുന്നത് പഠിക്കണം എന്ന ആഗ്രഹത്താല്‍ പല സ്ഥലങ്ങളിലും അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തി. അങ്ങനെയാണ് തിരുവനന്തപുരത്തുള്ള ഗാന്ധിസ്മാരക നിധി എന്ന സ്ഥാപനത്തില്‍ നിന്നും കളിമണ്‍ ശില്‍പങ്ങളുടെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നത്. അവിടെ നിന്നാണ് കളിമണ്ണില്‍ നിന്ന് കല വികസിപ്പിക്കാമെന്നും അതുവഴി സമ്പാദിക്കാമെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നത്. പിന്നീട് ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കര്‍ണാടകയിലുള്ള ബല്‍ഗാമില്‍ ഖാദി കമ്മീഷന്‍ നടത്തിയ കോഴ്‌സില്‍ ചേര്‍ന്നു. കുറച്ചുകാലം തന്റെ മാസ്റ്ററിന്റെ കീഴില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തമായൊരു സ്ഥാപനം എന്ന ചിന്തയിലേക്ക് എത്തുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെ തുടങ്ങിയ ഈ സംരംഭം ഇന്ന് ഇന്ത്യയിലെ തന്നെ ടെറാകോട്ട യൂണിറ്റില്‍ ഏറ്റവും കൂടുതല്‍ വൈവിധ്യങ്ങളാര്‍ന്ന ഡിസൈന്‍ രൂപകല്‍പന ചെയ്യുന്ന സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു.
നിര്‍മ്മാണ രീതി
ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സമയമെടുത്ത് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് മണ്‍പാത്ര നിര്‍മ്മാണം. ഏകദേശം രണ്ടാഴ്ച മുതല്‍ ഒരുമാസം വരെയാണ് ഇവ നിര്‍മിക്കാന്‍ വേണ്ടിവരുന്ന സമയം.
കളിമണ്ണ് അരച്ചെടുക്കുകയെന്നതാണ് ആദ്യപടി. അതിനു ശേഷം ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന് അനുസരിച്ച് ചക്രത്തിലോ മോള്‍ഡിലോ ആയിട്ടാണ് ചെയ്‌തെടുക്കുന്നത്. ചക്രത്തിലാണ് ചെയ്‌തെടുക്കുന്നതെങ്കില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും. ഒട്ടിക്കലും ഫിനിഷിങ്ങും ഒക്കെ കഴിഞ്ഞാല്‍ പിന്നെ ഉണങ്ങിയതിന് ശേഷം ചൂളയില്‍ വച്ച് ചുട്ടെടുക്കുന്നു. ഇവ പെയിന്റ് ചെയ്ത ശേഷമാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ടെറാ ക്രാഫ്റ്റില്‍ പന്ത്രണ്ടിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
മാര്‍ക്കറ്റില്‍ ഡിമാന്റുണ്ടോ?
മുമ്പുള്ളതിനേക്കാള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് ജയന്‍ പറയുന്നത്. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രാധാന്യം കൂടിയതോടെ എല്ലാതരം ആളുകളും ഇതിനെ സ്വീകരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ കയറ്റുമതിയും നടക്കുന്നുണ്ട്. പല ആളുകളും ഇവരുടെ കൈയ്യില്‍നിന്നും വാങ്ങി ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. ആര്‍കിടെക്ടുകള്‍, വീട്ടമ്മമാര്‍ തുടങ്ങി വീട് അലങ്കരിക്കാനും പൂന്തോട്ടം അലങ്കരിക്കാനുമായി നിരവധി പേരാണ് ടെറാ ക്രാഫ്റ്റില്‍ എത്തിച്ചേരുന്നത്.
കൊറോണക്കാലത്തും പതറാതെ
വ്യാവസായിക രംഗം മൊത്തത്തില്‍ താളംതെറ്റിയ സമയമായിരുന്നു കൊറോണക്കാലം. എന്നാല്‍ ഈ സമയത്തും നേട്ടം കൊയ്ത മേഖലകളില്‍ ഒന്നാണ് തന്റേതെന്നാണ് ജയന്റെ വാക്കുകള്‍. ആ സമയം എല്ലാവരും വീടിനുള്ളിലായപ്പോള്‍ അലങ്കാര വസ്തുക്കള്‍ക്ക് ഡിമാന്റ് കൂടുകയും അതില്‍ നിന്നു നല്ല വരുമാനം ലഭിക്കുകയും ചെയ്തു.
വിജയ രഹസ്യം
കാലത്തിനനുസരിച്ചുള്ള മാറ്റം, അതാണ് തന്റെ വിജയ രഹസ്യമെന്ന് ഉറപ്പിച്ച് പറയുകയാണ് ജയേട്ടന്‍. കാലക്രമേണ പുതിയ ഡിസൈനുകള്‍ കണ്ടെത്തുകയും പുതിയ രീതികള്‍ പരീക്ഷിക്കുയും ചെയ്യുന്നു. കാലത്തിനൊപ്പം നീങ്ങുന്ന ഡിസൈനുകള്‍ പുതുമ സൃഷ്ടിക്കുകയും അതുവഴി നല്ല ലാഭം നേടുകയും ചെയ്യുമെന്നതാണ് വിജയതന്ത്രമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മാസ വരുമാനം ലക്ഷങ്ങള്‍
കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം നേടാന്‍ സാധിക്കുന്ന മേഖലയാണിത്. കുറച്ച് സമയവും അധ്വാനവും ഉണ്ടെങ്കില്‍ മാസം ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും. ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ മാത്രം പ്രതിമാസം നാല് ലക്ഷം രൂപ നേടാന്‍ സാധിക്കുന്നുണ്ട്. കൂടാതെ മണ്‍പാത്ര നിര്‍മ്മാണ ക്ലാസുകള്‍ നല്‍കുന്നതിലൂടെയും ജയന്‍ വരുമാനം കണ്ടെത്തുന്നു.
മേഖല വളരട്ടെ...
ലളിതകലാ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ജയന്‍ ഈ മേഖലയില്‍ നേടിയിട്ടുണ്ട്. സ്വന്തമായി ഒരു സ്ഥാപനം നടത്തുക മാത്രമല്ല, അതുവഴി പലര്‍ക്കും തന്റെ അറിവ് പകര്‍ന്ന് നല്‍കാനും ജയന്‍ എന്നും നോക്കുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന് പിന്തുണയും പിന്തുടര്‍ച്ചക്കാരുമായി ഭാര്യയും മക്കളും കൂടെയുണ്ട്. മണ്‍പാത്ര നിര്‍മ്മാണ മേഖലക്കു വേണ്ടി ജീവിക്കുന്ന ഇദ്ദേഹത്തിന്റെ ആഗ്രഹമെന്നത് ഇതുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രവും അക്കാദമിയും കേരളത്തിലുണ്ടാകണം എന്നതാണ്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറച്ചുകൂടി പ്രോത്സാഹനമുണ്ടായാല്‍ മണ്‍പാത്ര നിര്‍മ്മാണ മേഖലക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് സാധ്യമാകും എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.