ഡോ എം എസ് സ്വാമിനാഥന്‍

ഡോ. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍, 1925, ഓഗസ്റ്റ് 7 ന് കുംഭകോണത്ത് ജനിച്ചു.

Update: 2022-01-14 04:02 GMT

ഡോ. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍, 1925, ഓഗസ്റ്റ് 7 ന് കുംഭകോണത്ത് ജനിച്ചു. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.

കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ സ്വാമിനാഥന്‍ 1940ല്‍ തിരുവനന്തപുരത്ത് ഇന്നത്തെ യൂണിവേഴ്സിറ്റി കോളജില്‍ സുവോളജി ബിരുദപഠനത്തിന് ചേര്‍ന്നു. കൃഷിയെ സ്‌നേഹിച്ചിരുന്ന അദ്ദേഹം കോയമ്പത്തൂര്‍ കാര്‍ഷിക കോളജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. 1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തെ അതികായനായി.

സ്വാമിനാഥന്‍ 1979 ലും 1980 ലും കൃഷി മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 1982 വരെ ഇന്ത്യയുടെ ആസൂത്രണ കമ്മീഷനില്‍ കൃഷിയുടെയും ഗ്രാമവികസനത്തിന്റെയും ചുമതല വഹിച്ചിരുന്നു. 1982 ല്‍ ഫിലിപ്പീന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജനറലായി. 1988-ലെ വേള്‍ഡ് ഫുഡ് പ്രൈസ് ജേതാവായ റോബര്‍ട്ട് ചാന്‍ഡലറാണ് ഈ സ്ഥാനം ആദ്യം വഹിച്ചത്.

അദ്ദേഹത്തിന്റെ സാങ്കേതികമായ അറിവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സാങ്കേതികവിദ്യ എത്തിക്കുക എന്ന ആശയവും സമൂഹത്തിന് ഗുണകരമായി. ലോകമെമ്പാടുമുള്ള സര്‍വകലാശാലകളില്‍ നിന്ന് അദ്ദേഹത്തിന് 50 ലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സും റോയല്‍ സൊസൈറ്റി ഓഫ് ലണ്ടനും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 30 ലധികം അക്കാദമികളില്‍ ഡോ.എം എസ് സ്വാമിനാഥന്‍ അംഗമായിരുന്നു.

1971 ല്‍ മാഗ്സാസെ അവാര്‍ഡ്, 1987 ലെ റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി, 1987 ല്‍ വേള്‍ഡ് ഫുഡ് പ്രൈസ്, 2000 ല്‍ ഫ്രങ്ക്ലിന്‍ റൂസ്വെല്‍റ്റ് പുരസ്‌ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായി.

കര്‍ഷകര്‍ക്ക്, ഉയര്‍ന്ന വിളവ് തരുന്ന കാര്‍ഷിക ഇനങ്ങള്‍ നല്‍കികൊണ്ട് കാര്‍ഷികമേഖലയില്‍ ഉണര്‍വ് നല്‍കിയത് ഡോ എംഎസ് സ്വാമിനാഥന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്തി, പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

Tags:    

Similar News