ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍, അമൂലിൻറെ അമരക്കാരൻ

പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് വിശ്വസിച്ച കുര്യന്‍ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി 15 ഹോണോററി ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

;

Update: 2022-01-13 23:58 GMT

ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്‍ ജനിച്ചത് കോഴിക്കോടാണ്, 1921ല്‍. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം കോയമ്പത്തൂരിലായിരുന്നു. അത് കഴിഞ്ഞ് ചെന്നൈയിലെ ലയോള കോളേജില്‍ ചേര്‍ന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദം നേടി. പിതാവിന്റെ മരണത്തോടെ ഇരുപത്തിരണ്ടാം വയസ്സില്‍ അമ്മയുടെ അമ്മാവന്റെ
സംരക്ഷണത്തിലായി. താമസം തൃശ്ശൂരിലുമായി. അമ്മയുടെ നിര്‍ബന്ധം മൂലം ജംഷദ്പുരിലെ ടാറ്റ സ്റ്റീല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി.

അമ്മാവന്റെ സംരക്ഷണം മതിയാക്കി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടി ഡയറി എഞ്ചിനീയറിംഗ് പഠിച്ചു. പിന്നീട്, അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിച്ചു. മെറ്റലര്‍ജിയില്‍ ബിരുദാനന്തരവും ന്യുക്ലിയര്‍ ഫിസിക്‌സില്‍ ജൂനിയര്‍ കോഴ്‌സും
പൂര്‍ത്തിയാക്കി മടങ്ങി. പഠനം പൂര്‍ത്തിയാക്കി എത്തിയ വര്‍ഗ്ഗീസിന് നല്‍കിയ സ്‌കോളര്ഷിപ്പിന്ന് പകരമായി സര്‍ക്കാര്‍ അഞ്ച് കൊല്ലത്തെ സേവനത്തിന്ന് ഗുജറാത്തിലെ
ആനന്ദിലേക്ക് പറഞ്ഞയച്ചു. അവിടുത്തെ ക്ഷീര കര്‍ഷകര്‍ ഒരു പ്രമുഖ വ്യവസായിയുടെ ചൂഷണത്തിന്ന് ഇരയായി ജോലി ചെയുന്ന അവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

അവരോടൊപ്പം നിന്ന് പോരാടുന്ന തൃഭുവന്‍ ദാസ് പട്ടേല്‍ എന്ന നേതാവിനോടൊപ്പം വര്‍ഗ്ഗീസ് ചേര്‍ന്നപ്പോള്‍ അത് അമുൽ എന്ന സ്ഥാപനത്തിന്റെ തുടക്കം കുറിക്കുന്ന ചരിത്രപരമായ സംഭവമായി. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന തൃഭുവനദാസ് പട്ടേലും കുര്യനും അവിടുത്തെ ക്ഷീരകര്‍ഷകരെ ചേര്‍ത്ത് ഖൈര ജില്ല
സഹകരണ ക്ഷീര കര്‍ഷക യൂണിയന്‍ സ്ഥാപിച്ചു. ഇതാണ് പിന്നീട് അമുല്‍ എന്ന മഹാപ്രസ്ഥാനമായി വളര്‍ന്നത്.


പാല്‍ ഉത്പാദനം ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പോലും തികയാതെയിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദന രാഷ്ട്രമാക്കിയതിന്റെ ഖ്യാതി ഡോക്ടര്‍ കുര്യനാണ് എന്ന് നിസ്സംശയം പറയാം. ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷന്റെ മാതൃകയില്‍ രാജ്യത്തുടനീളം ക്ഷീര സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു.


പാല്‍ സംഭരണത്തിനും പാല്‍ അടിസ്ഥാനമാക്കിയ മറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഏകീകരിച്ച ഒരു വിപണന സംവിധാനം ഉണ്ടാക്കുവാനും രാജ്യത്തെ ക്ഷീര കര്‍ഷകരെ പ്രചോദിപ്പിച്ചത് കുര്യനാണ്. രാജ്യത്തെ ക്ഷീര സഹകരണ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന ദേശീയ ക്ഷീര വികസന ബോര്‍ഡ് (NDDB) രൂപീകരിക്കുന്നതിനും അതിന്ന് മാര്‍ഗ്ഗരേഖ ഉണ്ടാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് കുര്യനായിരുന്നു. താന്‍ ക്ഷീര
കര്‍ഷകര്‍ക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു സേവകന്‍ മാത്രമാണ് എന്നാണ് കുര്യന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.


പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് വിശ്വസിച്ച കുര്യന്‍ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി 15 ഹോണോററി ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹ്യ നേതൃത്വത്തിനുള്ള മാഗ്‌സെസെ അവാര്‍ഡ്, വേള്‍ഡ് ഫുഡ് പ്രൈസ്, കൃഷി രത്‌ന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച കുര്യന് ഏറ്റവും വിലപ്പെട്ടതായി തോന്നിയത് 'രാജ്യത്തിന്റെ പാല്‍ക്കാരന്‍' എന്ന് ജനങ്ങള്‍ നല്‍കിയ വിശേഷണമാണ്.
രാജ്യം പദ്മശ്രീയും പദ്മ വിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു.

 

Tags:    

Similar News