275 കോടിയിറക്കി, 13 ദിവസം കൊണ്ട് 832 കോടി തൂത്തുവാരി പഠാൻ
- പടം ഇറങ്ങി 5 ദിവസം കൊണ്ട് കളക്ട് ചെയ്തത് 550 കോടി രൂപ
- ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ് തന്റെ പേരില്‍ എഴുതി ചേർത്തിരിക്കുകയാണ് കിംഗ് ഖാന്‍
ഒടുവിൽ പഠാന്‍, വെറുപ്പിന്റെയും വിവാദങ്ങളുടേയും കൊടുമുടി കീഴടക്കി വിജയക്കൊടി നാട്ടിയിരിക്കുന്നു. സംഘപരിവാരത്തിന്റെ ജാതിയ കുത്തൊഴുക്കില്‍ പെട്ടുപോകാതെ 1000 കോടിയിലേയ്ക്കുള്ള ജൈത്രയാത്രയിലാണ് പഠാനും കൂട്ടരും. താന്‍ തന്നെയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ഷാറുഖ് ഖാന്‍.
റിലീസിന് മുന്നേ തന്നെ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച പഠാന്‍ പക്ഷേ ഇപ്പോള്‍ ശരിക്കും വാര്‍ത്താ താരം തന്നെയാണ്. ജനുവരി 25 നായിരുന്നു റിലീസ്. പടം ഇറങ്ങി 5 ദിവസം കൊണ്ട് കളക്ട് ചെയ്തത് 550 കോടി രൂപ. ഏകദേശം 800 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം വൈകാതെ 1000 കോടിയെന്ന ബംബര്‍ െേറക്കാര്‍ഡിലേയ്ക്ക് എത്തും.
വിദ്വേഷത്തിന്റെ ആഖ്യാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ വിസമ്മതിച്ച ഒരു നടന്‍, എന്നിട്ടും അയാള്‍ തന്റെ എതിരാളികള്‍ക്ക് ഉത്തരം നല്‍കി, പഠാന്‍...
ബോളിവുഡ് സിനിമ ഇപ്പോഴും ഒരു 50 വര്‍ഷം പുറകിലാണ് എന്നതില്‍ സംശയമൊന്നുമില്ല, ചില മാറ്റങ്ങള്‍ അവിടെയും ഇവിടെയും സംഭവിക്കുന്നതല്ലാതെ.. പക്ഷേ ഒരിക്കലും മാറ്റം സംഭവിക്കാത്ത, ഇനിയൊരു 50 വര്‍ഷം കഴിഞ്ഞാലും ഒരു മാറ്റവും ഉണ്ടാകാത്ത ഒന്നുണ്ട് , ഹിന്ദി സിനിമയില്‍..... ഷാറുഖ് ഖാന്‍ .
ഒരു പേരിനപ്പുറം ഇയാളൊരു വികാരമാണ് എന്ന് പറയുന്നതില്‍ തെല്ലും മോശം തോന്നുന്നില്ല. സ്വയം പടുത്തുയര്‍ത്തിയ സാമ്രാജ്യത്തില്‍ അയാള്‍ വലിച്ചിട്ടിരിക്കുന്ന സിംഹാസനം ആ മനുഷ്യന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും തോല്‍വികളും അവഗണനകളും ചേര്‍ത്ത് നിര്‍മ്മിച്ചതാണ്.
അതെ,തിരശീലയോടുള്ള അയാളുടെ അഭിനിവേശം അസ്തമിക്കുന്നില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് പഠാന്‍. എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് പറയുന്നത് ഈ മനുഷ്യന്റെ കാര്യത്തില്‍ സത്യമാണ്. 57-മത്തെ വയസിലാണ് ഇന്നത്തെ ന്യൂജെന്‍ നടന്‍മാരെ പോലും നാണിപ്പിക്കും വിധം പഠാനിൽ ഷാറുഖിന്റെ പ്രകടനം.
ചിത്രത്തിലെ പാട്ട് റിലീസായതിന് പിന്നാലെ നായികയായ ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തിന്റെ നിറം ചൂണ്ടിക്കാണിച്ചു തുടങ്ങിയതാണ് സംഘ്പരിവാര്‍- ഹിന്ദുത്വ കേന്ദ്രങ്ങളുടെ ഷാറുഖിനോടും ചിത്രത്തിനോടുമുള്ള യുദ്ധം.എന്നാല്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ എത്തിയത് എല്ലാ ചോദ്യങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമുള്ള മറുപടിയുമായിട്ടായിരുന്നു.
പല വമ്പന്‍ പണം മുടക്കി ചിത്രങ്ങളും അമ്പേ പരാജയമാകുന്ന കാഴ്ച്ചയായിരുന്നു കുറച്ചു നാളുകളായി ബോളിവുഡില്‍. പഠാന്‍ പക്ഷേ റിലീസ് ചെയ്യുന്നതിനുമുമ്പ് തന്നെ കണക്കുകളുടെ കളി തുടങ്ങിയിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ്‌രാജ് ഫിലിംസ് പഠാന്റെ മൊത്തം ആഗോള ഗ്രോസ് കളക്ഷനെ 'അവിശ്വസനീയമായ 800 കോടിയെന്നാണ് വിശേഷിപ്പിച്ചത്. അതായത് 100 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയ പത്താന്‍ 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയായി മാറി കഴിഞ്ഞു.എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ഹിന്ദി സിനിമ, അതുപോലെ തന്നെ ഷാറുഖിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രം... യഷ് രാജ് ഫിലിംസ് ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ... അങ്ങനെ എല്ലാം പഠാന്‍ തന്നെ.
കണക്ക് പറയാനാണെങ്കില്‍ അങ്ങ് പ്രൊഡക്ഷന്‍ മുതല്‍ തുടങ്ങണം. കിംഗ് ഖാന്റെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ വേണ്ടി ആദിത്യ ചോപ്ര ഇറക്കിയത് മൊത്തം 275 കോടി രൂപയായിരുന്നു.മുടക്കുമുതല്‍ ചിത്രമിറങ്ങി അഞ്ചാം ദിവസം ഡബിളായി തന്നെ അവര്‍ തിരിച്ചുപിടിച്ചു.
ഔദ്യോഗിക കളക്ഷനെ കുറിച്ച് പറയുകയാണെങ്കില്‍, ചിത്രം 13 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 832 കോടി രൂപയാണ് തുത്തുവാരിയത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് 515 കോടിയും വിദേശ വിപണിയില്‍ നിന്ന് 317 കോടിയും ഉള്‍പ്പെടുന്നു.
അതായത് ഇറങ്ങിയ ദിവസം മുതല്‍ നോക്കുകയാണെങ്കില്‍ ഒരു ദിവസം 50 കോടി രുപ എന്ന കണക്കിലാണ് പഠാന്റെ കളക്ഷന്‍.ഫെബ്രുവരിയില്‍ വേറേ വലിയ റീലിസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഉടന്‍ തന്നെ 1000 കോടിയിലെത്തുമെന്നതില്‍ സംശയമില്ല.
റണ്‍ബീര്‍- ആലിയ അമിതാഭ് ബച്ചന്‍ തുടങ്ങി ബിടൗണിലെ മിന്നുതാരങ്ങളെ അണിനിരത്തി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ബ്രഹ്‌മാസ്ത്ര, 400 കോടി മുടക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. പക്ഷേ ആകെ 431 രൂപയുടെ കളക്ഷന്‍ മാത്രമാണ് ചിത്രത്തിന് നേടാനായത്. എടുത്തുപറയത്തക്ക ഗംഭീര വിജയങ്ങളൊന്നുമില്ലാത്ത 2022 നെ പിന്നിലാക്കി ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ് തന്റെ പേരില്‍ എഴുതി ചേര്‍ക്കുകയാണ് കിംഗ് ഖാന്‍ എന്ന പഠാന്‍.
വെറുപ്പിന്റെ കോട്ട കെട്ടി പലരും അയാളെ അകറ്റിനിര്‍ത്തിയപ്പോഴും വിവാദങ്ങളുടെ ശരവര്‍ഷം തൊടുത്തുവിട്ടപ്പോഴും അയാള്‍ക്ക് ഒറ്റയുത്തരമേ ഉണ്ടായിരുന്നുള്ളൂ ... പിക്ച്ചര്‍ അഭി ഭീ ബാക്കി ഹേ മേരേ ദോസ്റ്റ്,,,