ഗുണമേന്മയുള്ള റെയിൽവേ ഭക്ഷണം: ഈറ്റ് റൈറ്റിൽ കേരളം നമ്പർ വണ്‍
- രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ്
- കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അംഗീകാരം
- ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു
കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ 'ഈറ്റ് റൈറ്റ് സ്റ്റേഷന്' അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്റിന് കീഴിലുള്ള ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന് പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.
പരപ്പനങ്ങാടി, തലശ്ശേരി, കണ്ണൂര്‍, വടകര, തിരൂര്‍, കോഴിക്കോട് ഷൊര്‍ണൂര്‍ ജംങ്ഷന്, പാലക്കാട് ജംങ്ഷന്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, ആലുവ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ, കരുനാഗപ്പള്ളി, കൊല്ലം, വര്‍ക്കല, തിരുവനന്തപുരം എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന് അംഗീകാരം ലഭിച്ചത്.
കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണ് ഇപ്പേള്‍ ലഭിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ അടുത്തിടെ കേരളം ദേശീയ തലത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. 2022-23 കാലയളവില്‍ മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍, ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് എന്നിവ കൂടാതെയാണ് ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന് പദ്ധതിയും നടപ്പിലാക്കി വരുന്നത്.
റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലെ റീട്ടെയില്‍ ഔട്ട്ലെറ്റ്, റീട്ടെയില്‍ കം കാറ്ററിംഗ് സ്ഥാപനം, ഫുഡ് പ്ലാസ,ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റാളുകള്‍, കിയോസ്കുകള്‍, കൂടാതെ സ്റ്റേഷന് യാര്‍ഡിലെ വെയര്‍ഹൗസ്, ബേസ് കിച്ചണ്‍ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരുന്നവയാണ്.
ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.