റഷ്യന്‍ ഉപപ്രധാനമന്ത്രി എത്തി; വ്യാപാരക്കരാര്‍ പരിഗണനയില്‍

  • റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഇനിയും ഉയരും
  • ഇന്ത്യയില്‍ നിന്നുള്ള മെഷിനറി ഇറക്കുമതി കൂട്ടുമെന്ന് റഷ്യ
;

Update: 2023-04-17 11:28 GMT

രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെന്നിസ് മന്‍ത്രോവ് ഇന്ത്യയിലെത്തി. വ്യാപാരം, സംസ്‌കാരം, ശാസ്ത്ര സാങ്കേതക വിദ്യ എന്നിവയിലൂന്നിയുള്ള മന്ത്രിതല ചര്‍ച്ചകള്‍ക്കായാണ് പ്രധാനമായും അദ്ദേഹം എത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപം ഉയര്‍ത്തുന്നതിനായി ഒരു സ്വതന്ത്ര വ്യാപര കരാര്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ഇന്ത്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ ഇറാഖിനെ മറികടന്ന് കഴിഞ്ഞ മാസം റഷ്യ മുന്നിലെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി നാലുമടങ്ങ് വര്‍ധിച്ച് $46.33ല്‍ എത്തിയിരുന്നു. ഒപെക് രാഷ്ട്രങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായി കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരക്കമ്മി കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള മെഷിനറി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ റഷ്യയും ശ്രമിക്കുന്നതായി ഡെന്നിസ് മന്‍ത്രോവ് പറഞ്ഞു. ഏതെല്ലാം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ വ്യാപാര വളര്‍ച്ച കണ്ടെത്താനാകുമെന്നത് പരിശോധിക്കണം. സിവിലിയന്‍ പ്രൊജക്റ്റുകളില്‍ വിപുലമായ സഹകരണം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിതല ചര്‍ച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതൃത്വങ്ങളുമായും സംവദിക്കുന്നുണ്ട്.

ഇന്ത്യക്കും റഷ്യക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ $40 ബില്യണിലെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇത് $50 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    

Similar News