മൊത്തവില പണപ്പെരുപ്പം 3 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയില്‍

  • പണച്ചുരുക്കത്തിലേക്ക് നീങ്ങുന്നത് തുടര്‍ച്ചയായ രണ്ടാം മാസം
  • 2022 മേയില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 16.63%
  • ഇന്ധന, വൈദ്യുതി മേഖലയില്‍ വിലയിടിവ്

Update: 2023-06-14 08:08 GMT

രാജ്യത്തെ മൊത്തവില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മേയില്‍ (-) 3.48 ശതമാനത്തിലേക്ക് കുറഞ്ഞു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടർച്ചയായ രണ്ടാം മാസമാണ് നെഗറ്റീവ് ടെറിട്ടറിയിലേക്ക് അഥവാ പണച്ചുരുക്കത്തിലേക്ക് നീങ്ങുന്നത്. ഏപ്രിലിൽ (-) 0.92 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പ നിരക്ക്.

മൂന്നു വര്‍ഷ കാലയളവിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണ് മേയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം, ഇന്ധനം, മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് പ്രധാനമായും പണച്ചുരുക്കത്തിലേക്ക് നയിച്ചത്. 2022 മേയില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 16.63 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ മൊത്തവില പണപ്പെരുപ്പം ഏപ്രിലിൽ 3.54 ശതമാനത്തിൽ നിന്ന് മേയിൽ 1.51 ശതമാനത്തിലേക്ക് താഴ്ന്നു. ധാതു എണ്ണകൾ, അടിസ്ഥാന ലോഹങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, അസംസ്‌കൃത പെട്രോളിയം, പ്രകൃതിവാതകം, കെമിക്കൽ, കെമിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ വിലയിടിവാണ് മേയിലെ പണപ്പെരുപ്പ നിരക്ക് കുറയാൻ കാരണമായതെന്ന് വാണിജ്യം- വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഡാറ്റയില്‍ വ്യക്തമാക്കുന്നു.

ഇന്ധന, വൈദ്യുതി മേഖലയിലെ പണപ്പെരുപ്പം ഏപ്രിലിലെ 0.93 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ (-) 9.17 ശതമാനമായി കുറഞ്ഞു. മാനുഫാക്ചറിംഗ് ഉൽപ്പന്നങ്ങളിൽ, പണപ്പെരുപ്പ നിരക്ക് ഏപ്രിലിലെ (-) 2.42 ശതമാനത്തിൽ നിന്ന് മേയിൽ (-) 2.97 ശതമാനത്തിലേക്ക് എത്തി. 

ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) റീട്ടെയിൽ പണപ്പെരുപ്പം 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാക്കുന്ന ഡാറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന കണക്കുകളാണ് ഡബ്ല്യുപിഐ ഡാറ്റയിലും പുറത്തുവന്നിട്ടുള്ളത്. രാജ്യത്തെ അടിസ്ഥാന പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പമാണ്. 

Tags:    

Similar News