സ്ത്രീകള്‍ക്ക് പ്രിയം എഫ്‍ഡി, ഓഹരിയിലെ നിക്ഷേപം 7% മാത്രം
- ഹൈദരാബാദും മുംബൈയുമാണ് സ്ത്രീകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ മുന്നിൽ
- മെട്രോകളിലെ സ്ത്രീകളില്‍ 29 ശതമാനം പേർ യുപിഐ ഉപയോഗിക്കുന്നു
- ജോലി ചെയ്യുന്ന സ്ത്രീകളിൽ 18% ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നില്ല
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സ്വന്തമായി വരുമാനം നേടുന്ന സ്ത്രീകൾ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് ഏറെയും ബാങ്ക് എഫ്‍ഡികളാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. മെട്രോകളിലെ സ്ത്രീകളുടെ നിക്ഷേപത്തിന്‍റെ 51 ശതമാനമാണ് സ്ഥിര നിക്ഷേപങ്ങളിലേക്ക് പോകുന്നത്. റിസ്‍ക് കുറഞ്ഞ നിക്ഷേപമാര്‍ഗമായി എഫ്‍ഡികള്‍ കണക്കാക്കപ്പെടുന്നതാണ് ഈ പ്രവണതയ്ക്ക് കാരണം.
നിക്ഷേപത്തിന്‍റെ 16 ശതമാനം സ്വർണ്ണത്തിലും 15 ശതമാനം മ്യൂച്വൽ ഫണ്ടുകളിലും 10 ശതമാനം റിയൽ എസ്റ്റേറ്റിലുമാണ്. ഓഹരികളിലെ നിക്ഷേപം 7 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിബിഎസ് ബാങ്ക് ഇന്ത്യയും റേറ്റിംഗ് ഏജൻസിയായ ക്രിസിലും സംയുക്തമായാണ് ഈ പഠനം നടത്തിയത്. ഇന്ത്യയിലെ 10 നഗരങ്ങളിലുള്ള 800-ലധികം സ്ത്രീകളിൽ നിന്ന് സര്‍വെക്കായി നേരിട്ട് വിവരങ്ങള്‍ സ്വീകരിച്ചു.
സാമ്പത്തിക തീരുമാനങ്ങൾ എടുക്കൽ, ലക്ഷ്യം നിശ്ചയിക്കല്‍, സമ്പാദ്യം, നിക്ഷേപ രീതികൾ, ഡിജിറ്റൽ ടൂളുകൾ സ്വീകരിക്കൽ, വിവിധ ബാങ്കിംഗ് ഉൽപ്പന്നങ്ങളിലുള്ള മുൻഗണനകൾ എന്നിങ്ങനെ സാമ്പത്തിക പെരുമാറ്റവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ കസ്‍റ്റമര്‍ ഡാറ്റ വെളിപ്പെടുത്തുന്നത് 10 ശതമാനം സ്ത്രീ ഉപഭോക്താക്കൾക്ക് സജീവ സ്ഥിര നിക്ഷേപമുണ്ടെന്നാണ്. അതേസമയം പുരുഷ ഉപഭോക്താക്കളില്‍ 5 ശതമാനത്തിന് മാത്രമാണ് എഫ്‍ഡി ഉള്ളത്.
ആശ്രിതരുടെ സ്വാധീനം സ്ത്രീകളുടെ നിക്ഷേപ സ്വഭാവത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതായാണ് സര്‍വെ വ്യക്തമാക്കുന്നത്. ആശ്രിതരുള്ള, വിവാഹിതരായ സ്ത്രീകളില്‍ 43 ശതമാനം പേര്‍ തങ്ങളുടെ വരുമാനത്തിന്റെ 10 മുതല്‍ 29 ശതമാനം വരെ നിക്ഷേപത്തിനായി നീക്കിവെക്കുന്നു, അതേസമയം, ആശ്രിതരില്ലാത്ത വിവാഹിതരായ സ്ത്രീകളിൽ 25 ശതമാനത്തോളം പേര്‍ തങ്ങളുടെ വരുമാനത്തിന്റെ പകുതിയിൽ കൂടുതലും നിക്ഷേപിക്കാൻ തയാറാണ്
ഹൈദരാബാദും മുംബൈയുമാണ് സ്ത്രീകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്നത്. മുംബൈയിലെ വരുമാനമുള്ള സ്ത്രീകളില്‍ 96 ശതമാനം പേര്‍ ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നു, അതേസമയം കൊൽക്കത്തയിൽ 63 ശതമാനം മാത്രമേ അവ ഉപയോഗിക്കുന്നുള്ളൂ. ജോലി ചെയ്യുന്ന സ്ത്രീകളിൽ 18 ശതമാനം പേരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നില്ല. വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ചെലവിടല്‍ നിയന്ത്രിക്കുന്നതിലെ ആശങ്ക, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട്, മറഞ്ഞിരിക്കുന്ന ഫീസിനെ കുറിച്ചുള്ള ആശങ്കകൾ, പണമിടപാടുകൾക്ക് ഉയർന്ന മുൻഗണന എന്നിവയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍.
നഗരങ്ങളിലെ സ്ത്രീകളിൽ 14 ശതമാനം മാത്രമാണ് പണമിടപാടുകൾ തിരഞ്ഞെടുക്കുന്നത്. 29 ശതമാനം പേർ യുപിഐ ഉപയോഗിക്കുന്നു, 16 ശതമാനം പേര്‍ മൊബൈൽ ബാങ്കിംഗിനും 13 ശതമാനം പേര്‍ ക്രെഡിറ്റ് കാർഡുകള്‍ക്കും 11 ശതമാനം പേര്‍ നെറ്റ് ബാങ്കിംഗിനും മുന്‍ഗണന നല്‍കുന്നു.