സ്വീഡനില്‍ പണപ്പെരുപ്പം; കാരണം യുഎസ് ഗായിക ബിയോണ്‍സെന്ന് സ്വീഡന്‍

  • സ്വീഡന്റെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം മെയ് മാസത്തില്‍ 9.7 ശതമാനമായിരുന്നു
  • മെയ് മാസം 10-ാം തീയതിയാണ് വേള്‍ഡ് ടൂര്‍ ബിയോണ്‍സ് ആരംഭിച്ചത്
  • ക്രേസി ഇന്‍ ലവ് ഹലോ തുടങ്ങിയ ഗാനങ്ങള്‍ക്ക് പേരുകേട്ട ഗായികയാണ് ബിയോണ്‍സ്

Update: 2023-06-16 09:31 GMT

ആഗോള സാമ്പത്തിക മാന്ദ്യം, സെന്‍ട്രല്‍ ബാങ്കുകളുടെ പണ നയം, ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം, നിലവിലുള്ള ഡിമാന്‍ഡ്-സപ്ലൈ പ്രശ്‌നം എന്നിവയെയാണ് പല രാജ്യങ്ങളിലെയും വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനു കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സ്വീഡന്റെ കാര്യത്തില്‍ ഇതൊന്നുമല്ല പണപ്പെരുത്തിനുള്ള കാരണമായി കാണുന്നത്. പകരം അമേരിക്കന്‍ ഗായിക ബിയോണ്‍സിനെയാണ് പണപ്പെരുപ്പം ഉയരാനുള്ള കാരണമായി കാണുന്നത്.

കോപ്പന്‍ഹേഗന്‍ ആസ്ഥാനമായ ഡാന്‍സ്‌കെ (Danske Bank) ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത് മെയ് മാസത്തില്‍ സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ലോക പര്യടനം ആരംഭിക്കാനുള്ള 41-കാരിയായ യുഎസ് ഗായിക ബിയോണ്‍സിന്റെ തീരുമാനം ആ രാജ്യത്തെ ഹോട്ടലുകളില്‍ വിലവര്‍ധനയ്ക്ക് കാരണമായെന്നാണ്. ഇതാകട്ടെ, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്‌തെന്ന് അവര്‍ പറഞ്ഞു.

2023 മെയ് മാസം 10-ാം തീയതിയാണ് റെനയ്‌സന്‍സ് വേള്‍ഡ് ടൂര്‍ (Renaissance World Tour) ബിയോണ്‍സ് ആരംഭിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 27 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ മൊത്തം 57 സംഗീതമേളയാണ് ബിയോണ്‍സ് അവതരിപ്പിക്കുന്നത്. മെയ് 10-ലെ ഉദ്ഘാടന ഷോയ്ക്ക് ബിയോണ്‍സിന്റെ ലോകമെങ്ങുമുള്ള ആരാധകര്‍ സ്വീഡനിലേക്ക് ഒഴുകിയെത്തി. പലര്‍ക്കും സ്റ്റോക്ക്‌ഹോം നഗരത്തിനു പുറത്തു പോലും താമസസൗകര്യം ലഭിക്കാതെയും വന്നു. ഇതാകട്ടെ പല ഹോട്ടലുകളിലെ വാടക നിരക്കില്‍ ഗണ്യമായ വര്‍ധനയുണ്ടാകാന്‍ കാരണവുമായി. സ്വീഡനിലെ ഡാന്‍സ്‌കെ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് മൈക്കല്‍ ഗ്രാന്‍ പറയുന്നത് പണപ്പെരുപ്പത്തില്‍ 0.2 ശതമാനം പോയിന്റ് വര്‍ധനയ്ക്ക് കാരണമായത് ബിയോണ്‍സിന്റെ സംഗീതകച്ചേരിയായിരുന്നെന്നാണ്.

ഇത്തരമൊരു പ്രതിഭാസം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളില്‍ ഈ പണപ്പെരുപ്പത്തിന്റെ തോത് കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്വീഡനില്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന സംഗീതമേളകളെക്കുറിച്ചാണ് ചില സാമ്പത്തികവിദഗ്ധര്‍ ഇപ്പോള്‍ ആശങ്കകള്‍ പ്രകടിപ്പിക്കുന്നത്.

സ്വീഡന്റെ ഉപഭോക്തൃവില സൂചിക (consumer price index) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയ് മാസത്തില്‍ 9.7 ശതമാനമായിരുന്നു. ഇതിലേക്ക് 0.3 ശതമാനം റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും സംഭാവനയായിരുന്നു. 0.2 ശതമാനം സംഭാവന ചെയ്തത് വിനോദ-സാംസ്‌കാരിക മേഖലകളുമായിരുന്നു.

ക്രേസി ഇന്‍ ലവ് (Crazy in Love) ഹലോ (Halo) തുടങ്ങിയ ഗാനങ്ങള്‍ക്ക് പേരുകേട്ട ജനപ്രിയ ഗായികയാണ് ബിയോണ്‍സ്. ഒന്നിലധികം തവണ ഗ്രാമി അവാര്‍ഡും നേടിയിട്ടുണ്ട്.

ഏഴ് വര്‍ഷത്തിനു ശേഷമുള്ള ആദ്യ പര്യടനമാണ് ബിയോണ്‍സ് കഴിഞ്ഞമാസം 10-ന് സ്വീഡനില്‍ നിന്ന് ആരംഭിച്ചത്.

പര്യടനത്തിന്റെ ഭാഗമായി, ബ്രസല്‍സ്, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ഇതിനോടകം അവര്‍ പരിപാടി അവതരിപ്പിച്ചു.

കാനഡയിലേക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും പോകുന്നതിന് മുമ്പ് ജര്‍മനി, നെതര്‍ലാന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളില്‍ അവര്‍ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ബിയോണ്‍സിന്റെ പര്യടനത്തിന്റെ സ്വാധീനം സ്വീഡന്‍ ഒഴികെയുള്ള രാജ്യങ്ങളിലൊന്നും പണപ്പെരുപ്പ ഡാറ്റയില്‍ പ്രതിഫലിച്ചിട്ടില്ല.

Tags:    

Similar News