സെന്റ് ഗോബെയ്ന്‍ തമിഴ്‌നാട്ടില്‍ 3,400 കോടി നിക്ഷേപിക്കും

  • ഇതോടെ സംസ്ഥാനത്തെ കമ്പനിയുടെ നിക്ഷേപം 8000കോടിയായി ഉയരും
  • തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സെന്റ് ഗോബെയ്ന്‍
  • ഫ്രാന്‍സിന് പുറത്ത് തങ്ങളുടെ ആദ്യത്തെ വാര്‍ഷിക ബോര്‍ഡ് മീറ്റിംഗ് ചെന്നൈയില്‍

Update: 2023-10-07 07:43 GMT

തമിഴ്‌നാട്ടില്‍ ഫ്രഞ്ച് കമ്പനിയായ സെന്റ് ഗോബെയ്ന്‍ അവരുടെ വിവിധ ബിസിനസുകളിലായി 3,400 കോടി കൂടി നിക്ഷേപിക്കും. ഇതോടെ കമ്പനിയുടെ സംസ്ഥാനത്തെ മൊത്തം നിക്ഷേപം ഏകദേശം 8,000 കോടിയായി ഉയരും.

ഗ്ലാസ് വൂള്‍, ജിപ്സം പ്ലാസ്റ്റര്‍ ബോര്‍ഡ്, പ്ലാസ്റ്റര്‍, അക്കോസ്റ്റിക് സീലിംഗ്, ഫ്‌ലോട്ടിംഗ് ഗ്ലാസ്, സോളാര്‍ ഗ്ലാസ്, എന്നിങ്ങനെ വിവിധ ബിസിനസുകളിലായി 3,400 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുകയെന്ന് ഏഷ്യാ പസഫിക് ആന്‍ഡ് ഇന്ത്യ റീജിയന്‍ സിഇഒയും സെന്റ്-ഗോബൈന്‍ ഇന്ത്യ ചെയര്‍മാനുമായ ബി സന്താനം പറയുന്നു. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഘട്ടത്തിലാണ് കമ്പനിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ഗ്ലോബല്‍ ബോര്‍ഡ് ചെയര്‍മാന്‍ പിയറി ആന്ദ്രെ ഡി ചലന്ദര്‍, സിഇഒ ബെനോയിറ്റ് ബാസിന്‍ എന്നിവര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മുതിര്‍ന്ന മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

76 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ 350-ലധികം വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സിന് പുറത്ത് തങ്ങളുടെ ആദ്യത്തെ വാര്‍ഷിക ബോര്‍ഡ് മീറ്റിംഗ് ചെന്നൈയില്‍ നടന്നു. സെയിന്റ് ഗോബെയ്നിന്റെ ആഗോള ബോര്‍ഡ് അംഗങ്ങളുമായി മുഖ്യമന്ത്രി സ്റ്റാലിന്‍ ആശയവിനിമയം നടത്തിയതായി തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ എക്സ് (ട്വിറ്റര്‍)-ല്‍ കുറിച്ചു.

സെന്റ് ഗോബെയ്ന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 2022-ല്‍ 12,300 കോടി രൂപയുടേതായി. ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിലെ പ്ലാന്റില്‍ നിന്ന് ഏകദേശം 1.3 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഗ്ലാസും 90 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്ലാസ്റ്റര്‍ ബോര്‍ഡുകളും ഉല്‍പ്പാദിപ്പിക്കുന്നു.

2021 ഡിസംബറില്‍, റോക്ക് വൂള്‍ ഇന്ത്യയെ 150 കോടി രൂപയ്ക്ക് സെന്റ് ഗോബെയ്ന്‍ ഏറ്റെടുത്തിരുന്നു.കൂടാതെ യുപി ആസ്ഥാനമായുള്ള ഗ്ലാസ്‌വൂള്‍ നിര്‍മ്മാതാക്കളായ ട്വിഗയെ 400 കോടി രൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്തു.

Tags:    

Similar News