ജൂണ്‍ ആദ്യപകുതിയില്‍ പെട്രോള്‍,ഡീസല്‍ വില്‍പ്പന ഇടിഞ്ഞു
- രാജ്യത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇന്ധനമാണ് ഡീസല്‍
- മൊത്തം ഇന്ധന ആവശ്യത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗം ഡിമാന്‍ഡും ഡീസലിനാണ്
- ഡീസല്‍ ഡിമാന്‍ഡ് ഈ വര്‍ഷം 6.7 ശതമാനം കുറഞ്ഞ് 3.43 ദശലക്ഷം ടണ്ണിലെത്തി
രാജ്യത്ത് ജൂണ്‍ മാസത്തിന്റെ ആദ്യ പകുതിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. മണ്‍സൂണ്‍ വന്നതോടെ കാര്‍ഷിക മേഖലയില്‍നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലും കുറവ് വന്നു. ഇതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇന്ധനമാണ് ഡീസല്‍. മൊത്തം ഇന്ധന ആവശ്യത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗം ഡിമാന്‍ഡും ഡീസലിനാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡീസല്‍ ഡിമാന്‍ഡ് ഈ വര്‍ഷം 6.7 ശതമാനം കുറഞ്ഞ് 3.43 ദശലക്ഷം ടണ്ണിലെത്തി. അതേസമയം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡീസല്‍ വില്‍പ്പന ഉയര്‍ന്ന നിലയിലായിരുന്നു. ഏപ്രിലില്‍ 6.7 ശതമാനവും, മെയ് മാസത്തില്‍ 9.3 ശതമാനവും വില്‍പ്പന ഉയര്‍ന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചതും വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ വാഹനങ്ങളില്‍ ഏസി ഉപയോഗം കൂടിയതും കാരണമായി.
എന്നാല്‍ മെയ് ആദ്യപകുതിയിലെ 3.31 ദശലക്ഷം ടണ്‍ ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജൂണ്‍ ആദ്യപകുതിയില്‍ ഡീസല്‍ വില്‍പ്പനയില്‍ 3.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
ഇനി പെട്രോളിലേക്ക് വരികയാണെങ്കില്‍, മുന്‍വര്‍ഷം ജൂണ്‍ ആദ്യപകുതിയിലെ പെട്രോള്‍ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വില്‍പ്പന 5.7 ശതമാനം കുറഞ്ഞ് 1.3 ദശലക്ഷം ടണ്ണിലെത്തി.
വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നേറിയതിനാല്‍ മാര്‍ച്ച് രണ്ടാം പകുതി മുതല്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ, കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആവശ്യം കുറഞ്ഞു.
2021 ജൂണ്‍ ആദ്യപകുതി കോവിഡ്19 ബാധിച്ച സമയമായിരുന്നു. അന്നത്തെ പെട്രോള്‍ ഡിമാന്‍ഡിനേക്കാള്‍ 44.2 ശതമാനത്തിന്റെ ഡിമാന്‍ഡ് 2023 ജൂണ്‍ ആദ്യപകുതിയിലുണ്ടായി.
കോവിഡ്19 ബാധിക്കുന്നതിനു മുമ്പുള്ള 2019 ജൂണ്‍ ആദ്യപകുതിയെക്കാള്‍ 14.6 ശതമാനത്തിന്റെയും ഡിമാന്‍ഡ് ഇപ്രാവശ്യം ജൂണിലുണ്ടായി.
2021 ജൂണ്‍ ആദ്യപകുതിയിലുണ്ടായ ഡിമാന്‍ഡിനെക്കാള്‍ ഇപ്രാവിശ്യം ഡീസലിന് 38 ശതമാനത്തിന്റെ ഡിമാന്‍ഡുണ്ടായി. 2019 ജൂണ്‍ ആദ്യപകുതിയേക്കാള്‍ 8.8 ശതമാനത്തിന്റെയും ഡിമാന്‍ഡ് ഇപ്രാവിശ്യം ഡീസലിനുണ്ടായി.
കോവിഡ്19 ഏല്‍പ്പിച്ച മഹാമാരിയില്‍ നിന്നും വ്യോമയാന മേഖല മെല്ലെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ എയര്‍പോര്‍ട്ടുകളിലെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ച് കോവിഡ്19-നു മുമ്പുള്ള നിലയിലേക്ക് എത്തി. ഇതോടെ ജെറ്റ് ഇന്ധനത്തിന്റെ (എടിഎഫ്) ഡിമാന്‍ഡ് മുന്‍വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.6 ശതമാനം ഉയര്‍ന്ന് 290,000 ടണ്ണിലെത്തി. 2021 ജൂണ്‍ ആദ്യപകുതിയേക്കാള്‍ 148 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
എന്നാല്‍ ഇത് കോവിഡ്19-നു മുമ്പുള്ള 2019 ജൂണ്‍ 1-15 കാലയളവിനെ അപേക്ഷിച്ച് 6.8 ശതമാനം കുറവാണ്.
എല്‍പിജി പാചകവാതക വില്‍പ്പന ജൂണ്‍ ആദ്യപകുതിയില്‍, മുന്‍വര്‍ഷം ഇതേകാലയളവിലെ വില്‍പ്പനയില്‍നിന്ന് 1.3 ശതമാനം കുറഞ്ഞ് 1.14 ദശലക്ഷം ടണ്ണായി.
2023 ജൂണ്‍ ആദ്യപകുതിയിലെ എല്‍പിജി ഉപഭോഗം 2021 ജൂണ്‍ മാസത്തെ അപേക്ഷിച്ച് കൂടുതലാണ്. 2019 ജൂണിനേക്കാള്‍ 26.7 ശതമാനത്തിന്റെ വര്‍ധനയും ഇപ്രാവിശ്യം ജൂണില്‍ രേഖപ്പെടുത്തി.