ഇന്ത്യ-യുഎസ് സഹകരണം പുതിയ തലത്തിലേക്ക്: യുഎസ്‌ഐബിസി

  • ബിസിനസ് ലോകം കാത്തിരിക്കുന്ന സന്ദര്‍ശനം
  • നിരവധി കരാറുകള്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടും
  • സ്വകാര്യ കമ്പനികള്‍ തമ്മില്‍ അടുത്ത സഹകരണവും ലക്ഷ്യം

Update: 2023-06-09 10:21 GMT

ഈ മാസം ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്.

ബൈഡന്‍ ഭരണകൂടം ഔദ്യോഗികമായി യുഎസിലേക്ക് ക്ഷണിക്കുന്ന മൂന്നാമത്തെ നേതാവാണ് മോദി. ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇക്കാര്യം പ്രധാനമന്ത്രിയും പ്രസിഡന്റും അംഗീകരിച്ചിട്ടുണ്ട്.

ഈ ഒത്തുചേരല്‍ ഇരു രാജ്യങ്ങളടേയും ഭാവി ഒരുമിച്ചാണെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും ഇത് വളരെ പ്രധാനമാണ്- എന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) പ്രസിഡന്റ് അതുല്‍ കേശപ് പറയുന്നു.

ബിസിനസ് കമ്മ്യൂണിറ്റികളില്‍ മോദിയുടെ സന്ദര്‍ശനം സംബന്ധിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് കമ്മ്യൂണിറ്റികള്‍ക്ക് തങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട പങ്കാളികളാണെന്നും ഇരു ദിശകളിലും നിക്ഷേപവും വ്യാപാരവും കൂടുതല്‍ വര്‍ധിക്കുമെന്നും കേശപ് അഭിപ്രായപ്പെട്ടു. രണ്ടു സര്‍ക്കാരുകളും കൂടുതല്‍ സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തുകയും കൂടിയാണ്.

മോദിയുടെ സന്ദര്‍ശന വേളയില്‍ നിരവധി കരാറുകളും ഒപ്പുവെക്കപ്പെടുമെന്നാണ് കരുതുന്നത്.

ഇതെല്ലാം വ്യവസായലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വസ്തുതകളാണ്.

യുഎസും ഇന്ത്യയും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 500 ബില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുന്നതിനായി അക്ഷീണം പ്രയത്‌നിക്കണമെന്ന്് യുഎസ്‌ഐബിസി പ്രസിഡന്റ് ആവശ്യപ്പെടുന്നു.

ഇപ്പോള്‍ ഇരു രാജ്യങ്ങളുടേയും വാര്‍ഷിക വ്യാപാരം 190ബില്യണ്‍ ഡോളറാണ്. ഊര്‍ജമേഖലയില്‍ ചില കരാറുകളും ഇടപാടുകളും തങ്ങള്‍ പ്രതീക്ഷിക്കുന്നു.

സെമികണ്ടക്റ്ററുകള്‍, ചിപ്പുകള്‍ എന്നിവയിലും പുതിയ കരാറുകള്‍ ബിസിനസ് സമൂഹം ആഗ്രഹിക്കുന്നുതായും കേശപ് പറയുന്നു.

ഇന്ത്യയും യുഎസും കൂടുതല്‍ ശക്തമാകണമെങ്കിലും കൂടുതല്‍ ശക്തമായ പ്രതിരോധങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കിലും ഇരു രാജ്യങ്ങളിലെ കമ്പനികളും സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ജൂണ്‍ 20 ന് യുഎസ് ചേംബറില്‍ യുഎസ്‌ഐബിസി

സംഘടിപ്പിക്കുന്ന പരിപാടി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ജൂണ്‍ 21 മുതല്‍ 24 വരെയാണ് മോദി യുഎസില്‍ സന്ദര്‍ശനം നടത്തുന്നത്.

ലോകത്ത് മാന്ദ്യം പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ യുഎസിന് ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇപ്പോള്‍ നിരവധി തൊഴിലവസരങ്ങള്‍ യുഎസില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു കഴിഞ്ഞു. ഇനിയും പല മേഖലകളിലും ജോലിയില്‍നിന്നും പിരിച്ചുവിടല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി രൂപപ്പെടുന്ന ഏതു കരാറും യുഎസില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു വസ്തുതകൂടിയാണ്.

മുന്‍പ് വ്യാപാര രംഗത്തും സൈനികമായും കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്ന ചൈന ഇന്ന്് സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. യുഎസിന് ചൈനക്കുപകരം ഒരു മികച്ച വിപണി കണ്ടെത്തേണ്ട ആവശ്യകതയും ഉണ്ട്. ഇന്ത്യ യുഎസിന്റെ വിപണി ആണ്. എന്നാല്‍ അത് ചൈനക്കൊപ്പം വരില്ല.

ഇക്കാരണത്താല്‍ യുഎസിന് തങ്ങളുടെ വിപണിയുടെ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതും ഉണ്ടായിരുന്നു.

സൈനികമായി നോക്കിയാലും യുഎസിന് പരിഗണിക്കാവുന്ന രാജ്യം ഇന്ത്യ തന്നെയാണ്.


Tags:    

Similar News