ഇന്ത്യന്‍ വിപണിയിലെ 'മനുഷ്യ നിര്‍മിത ദുരന്തം' , ഹിന്‍ഡന്‍ബര്‍ഗ് എന്ന 'ഇടിത്തീ'

1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.

Update: 2023-01-28 04:34 GMT



രണ്ട് ദിവസമായി അദാനി ഗ്രൂപ്പിനെയും, ഇന്ത്യന്‍ ഓഹരി വിപണിയെയും ഒപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തേയും കോര്‍പ്പറേറ്റ് ലോകത്തേയും  കാര്യമായി തന്നെ ഹിന്‍ഡന്‍ബര്‍ഗ് എന്ന പേര് പിടിച്ചുലച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, ഗണ്യമായ കടമുണ്ടെന്നുമൊക്കെ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന സ്ഥാപനം പുറത്തുവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

റിപ്പോര്‍ട്ട് തെറ്റിധരിപ്പിക്കുന്നതും, അടിസ്ഥാനരഹിത ആരോപണങ്ങളടങ്ങിയതുമാണെന്ന് അദാനി ഗ്രൂപ്പ് മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കമ്പനി ഓഹരികള്‍ കാര്യമായ നഷ്ടമാണ് രണ്ട് ദിവസംകൊണ്ട് നേരിട്ടിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ടുമായി രംഗത്ത് എത്തിയിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ആരാണെന്നും, എന്താണെന്നും ഒന്നു പരിശോധിക്കാം.

അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അക്കൗണ്ടിംഗിലെ ക്രമക്കേട്, നിയമവിരുദ്ധവും, അധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ നിരീക്ഷിച്ച് പുറത്തു കൊണ്ടിവരികയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 2017 ല്‍ നഥാന്‍ ആന്‍ഡേഴ്സണാണ് കമ്പനി സ്ഥാപിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കണക്റ്റികറ്റിലെ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ആന്‍ഡേഴ്സണ്‍. അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ജറുസലേമില്‍ സജീവമായിരുന്ന ആന്‍ഡേഴ്സണ്‍ നിരവധി കമ്പനികളുടെ ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി സ്ഥാപിക്കുന്നതിനു മുമ്പ് ബേണി മഡോഫ്സ് തട്ടിപ്പ് പദ്ധതി പുറത്തുകൊണ്ടുവന്ന ഹാരി മാര്‍ക്കോപോളോയോടൊപ്പം ആന്‍ഡേഴ്സണ്‍ പ്രവര്‍ത്തിച്ചിരുന്നു.

1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.

'പൂര്‍ണ്ണമായും മനുഷ്യനിര്‍മിതവും, ഒഴിവാക്കാവുന്നതുമായ ഒരു ദുരന്തമായാണ് ഞങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗിനെ കാണുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വേഗത്തില്‍ ജ്വലിക്കുന്ന മൂലകം (ഹൈഡ്രജന്‍) നിറച്ച ബലൂണില്‍ ഏകദേശം 100 പേരെ കയറ്റി. മുമ്പും ഡസന്‍ കണക്കിന് ഹൈഡ്രജന്‍ അധിഷ്ഠിത വിമാനങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടായിട്ടും ഇത് സംഭവിച്ചു. കാരണം, ഹിന്‍ഡന്‍ബര്‍ഗിന്റെ നടത്തിപ്പുകാര്‍ 'ഇത് വ്യത്യസ്തമാണ്' എന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് മുന്നോട്ട് പോയത്,' ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് അതിന്റെ വെബ്‌സൈറ്റില്‍ ദുരന്തത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നതാണിത്. 'വിപണിയിലെ സമാനമായ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കായാണ് ഞങ്ങള്‍ തെരയുന്നത്. കൂടുതല്‍ സംശയാസ്പദമായ ഇരകളെ കണ്ടെത്തുന്നതിനു മുമ്പ് അവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,' ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് അവരുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും ഉണ്ടാകുന്ന മനുഷ്യ നിര്‍മിത ദുരന്തങ്ങളെ പഠിക്കുകയും വിശകലനം ചെയ്യുകയും അത് പുറത്തു കൊണ്ടു വരികയുമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമായി വിശദീകരിക്കുന്നത്. ആക്ടിവിസ്റ്റ് ഷോര്‍ട്ട് സെല്ലിംഗ് എന്നാണ് ഇവരുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് പറയുന്നത്. അദാനി ഗ്രൂപ്പില്‍ പെട്ട കമ്പനികളുടെ ഓഹരികളില്‍ ഇത്തരത്തില്‍ വ്യാപകമായി ഷോര്‍ട്ട് സെല്ലിംഗ് നടന്നിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പറയുന്നത്. ഒപ്പം വ്യാപകമായ അക്കൗണ്ടിംഗ് തട്ടിപ്പ്, മൂല്യം പെരുപ്പിച്ച് കാണിക്കല്‍, കടബാധ്യത എന്നിവയെല്ലാം റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു.

2016 മുതല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവരുന്ന സ്ഥാപനത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് അദാനി ഗ്രൂപ്പിന്റേത്. 2020 സെപ്റ്റംബറില്‍ അമേരിക്കയിലെ നിക്കോള എന്ന ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാതാക്കള്‍ ഇല്ലാത്ത വാഹനത്തിന്റെ പേര് പറഞ്ഞ് നിക്ഷേപകരെ തെറ്റിധരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പുറത്തിക്കിയിരുന്നു.



Tags:    

Similar News