ഇന്ത്യയുടെ ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയില്‍

  • പിഎംഐ ഓഗസ്റ്റിലെ 57.5 ല്‍ നിന്ന് സെപ്റ്റംബറില്‍ 56.5 ആയി കുറഞ്ഞു
  • പിഎംഐ ഡാറ്റ ഇന്ത്യയിലുടനീളമുള്ള ഉല്‍പ്പാദന വളര്‍ച്ചയില്‍ നേരിയ തിരിച്ചടി വെളിപ്പെടുത്തി

Update: 2024-10-01 09:20 GMT

ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച സെപ്റ്റംബറില്‍ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫാക്ടറി ഉല്‍പ്പാദനം, വില്‍പന, പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ എന്നിവയിലെ വളര്‍ച്ചയുടെ വേഗത കുറഞ്ഞതായി ഒരു പ്രതിമാസ സര്‍വേ പറയുന്നു.

എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) ഓഗസ്റ്റിലെ 57.5 ല്‍ നിന്ന് സെപ്റ്റംബറില്‍ 56.5 ആയി കുറഞ്ഞു. ജനുവരിമുതലുള്ള വളര്‍ച്ചയിലെ ഏറ്റവും ദുര്‍ബലമായ മുന്നേറ്റമാണ് സെപ്റ്റംബറില്‍ ഉണ്ടായത്. 50-ന് മുകളിലുള്ള സ്‌കോര്‍ വിപുലീകരണത്തെ അര്‍ത്ഥമാക്കുന്നു, അതേസമയം 50-ന് താഴെയുള്ള സ്‌കോര്‍ സമ്പദ് വ്യവസ്ഥയുടെ സങ്കോചത്തെ സൂചിപ്പിക്കുന്നു.

''ഔട്ട്പുട്ടും പുതിയ ഓര്‍ഡറുകളും മന്ദഗതിയിലാണ് വളര്‍ന്നത്. കയറ്റുമതിയുടെ ഡിമാന്‍ഡ് വളര്‍ച്ചയിലെ ഇടിവ് പ്രത്യേകിച്ചും പ്രകടമായിരുന്നു,'' എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.

സെപ്റ്റംബറിലെ പിഎംഐ ഡാറ്റ ഇന്ത്യയിലുടനീളമുള്ള ഉല്‍പ്പാദന വളര്‍ച്ചയില്‍ നേരിയ തിരിച്ചടി വെളിപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം മാസവും ഫാക്ടറി ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും വിപുലീകരണ നിരക്ക് കുറഞ്ഞു. മാത്രമല്ല, അന്താരാഷ്ട്ര ഓര്‍ഡറുകള്‍ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായി.

വിലയുടെ കാര്യത്തില്‍, ഇന്‍പുട്ട് ചെലവുകളിലും വില്‍പ്പന നിരക്കുകളിലും മിതമായ വര്‍ധനവുണ്ടായി.

വര്‍ധിച്ചുവരുന്ന വാങ്ങല്‍ വിലകളുടെയും ഉയര്‍ന്ന തൊഴില്‍ ചെലവുകളുടെയും അനുകൂലമായ ഡിമാന്‍ഡ് സാഹചര്യങ്ങളുടെയും ഫലമായി, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സെപ്റ്റംബറില്‍ അവരുടെ ചാര്‍ജുകള്‍ നേരിയ തോതില്‍ ഉയര്‍ത്തി.

ഭണ്ഡാരി പറയുന്നതനുസരിച്ച്, സെപ്റ്റംബറില്‍ ഇന്‍പുട്ട് വിലകള്‍ അതിവേഗം ഉയര്‍ന്നു, അതേസമയം ഫാക്ടറി ഗേറ്റ് വിലക്കയറ്റം കുറയുകയും ചെയ്തു. 'മൂന്നാം മാസവും തൊഴില്‍ വളര്‍ച്ചയുടെ വേഗത കുറഞ്ഞതിനാല്‍, ദുര്‍ബലമായ ലാഭ വളര്‍ച്ച കമ്പനികളുടെ റിക്രൂട്ട് ഡിമാന്‍ഡില്‍ സ്വാധീനം ചെലുത്തിയേക്കാം,' ഭണ്ഡാരി അഭിപ്രായപ്പെട്ടു. പാര്‍ട് ടൈം, താത്കാലിക തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവ് പ്രതിഫലിപ്പിച്ച്, സെപ്റ്റംബറില്‍ നിയമന വളര്‍ച്ചയും കുറഞ്ഞു.

ബിസിനസ്സ് ആത്മവിശ്വാസത്തിന്റെ മൊത്തത്തിലുള്ള നിലവാരം 2023 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഏകദേശം 23 ശതമാനം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വരും വര്‍ഷത്തില്‍ ഉല്‍പ്പാദന വളര്‍ച്ച പ്രവചിക്കുന്നു, ബാക്കിയുള്ള സ്ഥാപനങ്ങള്‍ മാറ്റമൊന്നും പ്രവചിക്കുന്നില്ല.

ഏകദേശം 400 നിര്‍മ്മാതാക്കളുടെ ഒരു പാനലില്‍ പര്‍ച്ചേസിംഗ് മാനേജര്‍മാര്‍ക്ക് അയച്ച ചോദ്യാവലികളോടുള്ള പ്രതികരണങ്ങളില്‍ നിന്ന് എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ചതാണ് എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ. 

Tags:    

Similar News