ഈ അതിസമ്പന്നര്‍ എങ്ങോട്ട് പോകുന്നു?

  • ഏറ്റവും അധികം കോടീശ്വരന്‍മാര്‍ വിദേശങ്ങളിലേക്ക് കുടിയേറിയത് ചൈനയില്‍നിന്ന്
  • രാഷ്ട്രീയ സ്ഥിരത,വിദ്യാഭ്യാസം,ആരോഗ്യം, സുരക്ഷ ഇവയെല്ലാം കുടിയേറ്റത്തിന്റെ ഘടകങ്ങള്‍
  • ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രിയം ദുബായ്‌യും സിംഗപ്പൂരും

Update: 2023-06-14 07:15 GMT

ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ പുറത്തേക്ക് ഒഴുകുന്നുവോ? ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടുപ്രകാരം അതെ എന്നാണ് ഉത്തരം.

ഈ വര്‍ഷം കുറഞ്ഞത് 6500 ഇന്ത്യയില്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരുടെ ഒഴുക്ക് കാണാനിടയുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തെ കണക്കിനേക്കാള്‍ 13ശതമാനം കുറവായിരിക്കും. 2022ല്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ വന്‍കിടക്കാര്‍ 7500ഓളം ആയിരുന്നു. ഈ ഒരു പ്രവണത ഇന്ത്യയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇന്ന് കാണാന്‍ കഴിയും.

ഒരു ദശലക്ഷം ഡോളറോ അതില്‍ക്കൂടുതലോ (8.22കോടി രൂപ) നിക്ഷേപിക്കാന്‍ സമ്പത്തുള്ളവരെയാണ് അതിസമ്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം കോടീശ്വരന്‍മാര്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത് ചൈനയില്‍നിന്നാണ് എന്നുകാണാം. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള 13500 പേരാണ് അവിടെ വിട്ട് വിദേശങ്ങളിലേക്ക് കുടിയേറിയത്. ഇന്ത്യ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

യുകെ, റഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ പിന്നിലുണ്ട്.

എന്തുകൊണ്ടാകും മികച്ച സാമ്പത്തിക ശേഷിയുള്ളവര്‍ സ്വന്തം നാടുവിട്ട് വിദേശങ്ങളിലേക്ക് കുടിയേറുന്നത്?

ഇതിനു പിന്നില്‍ നിരവധി കാരണങ്ങളാണ് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിലെ പ്രൈവറ്റ് ക്ലയന്റുകളുടെ ഗ്രൂപ്പ് മേധാവി ഡൊമിനിക് വോലെക് ചൂണ്ടിക്കാട്ടുന്നത്. പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷമുള്ള സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കുടിയേറ്റം നടത്തുന്നവര്‍ ഇഷ്ടപ്പെടുന്നില്ല എന്നത് ആദ്യ കാരണമാണ്.

സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ ഇവയെല്ലാം കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഈ കാരണങ്ങളാല്‍ വന്‍കിടക്കാര്‍ തങ്ങളുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആലോചിക്കുന്നു.

കൂടാതെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാന്‍ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു.

താമസിക്കാനുള്ള അവകാശത്തിന് പകരമായി വിദേശ നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളും ഇന്ന് വന്‍കിടക്കാരെ ആകര്‍ഷിക്കുന്നു. ഇത് പിന്നീട് പൗരത്വം ലഭിക്കുന്നതിനും കാരണമാകും. അസ്ഥിരതയുള്ള ഇടത്തുനിന്നുമാണ് ഈ പുറപ്പാട് കാണാന്‍ സാധിക്കുന്നത്.

ഇന്ത്യയിലെ നികുതി സമ്പ്രദായം, സങ്കീര്‍ണമായ നിയമങ്ങള്‍ എന്നിവ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ദുബായ്‌യും സിംഗപ്പൂരും ആണ് ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. 'ഗോള്‍ഡന്‍ വിസ' പ്രോഗ്രാം, അനുകൂലമായ നികുതി അന്തരീക്ഷം, ശക്തമായ ബിസിനസ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം എന്നിവക്ക് ദുബായ് പേരുകേട്ടതാണ്.

പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശേഷി കണക്കിലെടുക്കുമ്പോള്‍, പുറത്തേക്ക് ഒഴുകുന്നത് പ്രത്യേകിച്ച് ഭയാനകമായി കണക്കാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2031ഓടെ സാമ്പത്തികമായി ഉന്നമനം കൈവരിച്ചവരുടെ എണ്ണത്തില്‍ 80ശതമാനം വറെ വളര്‍ച്ച ഉണ്ടാകുമെന്ന് ഗ്ലോബല്‍ വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് പ്രവചിക്കുന്നു.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണ് എന്നമികവും ഇവിടെയുണ്ട്. അതേസമയം സമ്പന്നരായ വ്യക്തികള്‍ ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിന്റെ ശ്രദ്ധേയമായ പ്രവണതയും ഉണ്ടാകുന്നുണ്ട്.

പോര്‍ച്ചുഗലിന്റെ ഗോള്‍ഡന്‍ റെസിഡന്‍സ് പെര്‍മിറ്റ് പ്രോഗ്രാം 2023-ല്‍ ഏറ്റവും പ്രചാരമുള്ള ഒന്നായി വിലയിരുത്തപ്പെടുന്നു.

തുടര്‍ന്ന് നിക്ഷേപ ഓഫറിലൂടെ ഓസ്ട്രിയയുടെ പൗരത്വവും ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമിലൂടെ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ പൗരത്വവും ഇന്ന് ലഭ്യമാണ്. സംരംഭകര്‍ക്കും സമ്പന്നരായ വ്യക്തികള്‍ക്ക് കാനഡയിലേക്കും വടക്കേ അമേരിക്കന്‍ വിപണിയിലേക്കും പ്രവേശിക്കാനുള്ള അതിവേഗ മാര്‍ഗമാണ് സ്റ്റാര്‍ട്ട്-അപ്പ് വിസ പ്രോഗ്രാം. ഇറ്റലിയുടെ റസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമും ഗ്രീസിന്റെ ഗോള്‍ഡന്‍ വിസ പ്രോഗ്രാമും ജനശ്രദ്ധ നേടുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ നഷ്ടമാകുന്ന ചൈനയ്ക്ക് പക്ഷേ അതൊരു തിരിച്ചടിയാണ്. ചൈനയുടെ സമ്പദ്വ്യവസ്ഥ 2000 മുതല്‍ 2017 വരെ അതിവേഗത്തിലാണ് വളര്‍ന്നത്. എന്നാല്‍ പിന്നീട് സാമ്പത്തിക രംഗം മന്ദഗതിയിലായി. അതിനര്‍ത്ഥം അടുത്തിടെയുള്ള സാമ്പത്തികശേഷിയുള്ളവരുടെ പുറത്തേക്കുള്ള ഒഴുക്ക് പതിവിലും കൂടുതല്‍ ദോഷകരമാകുമെന്നാണ്.

ബ്രിട്ടനിലും കാര്യങ്ങള്‍ ഗുരുതരമാണ്. 2023-ല്‍ യുകെ 3,200 അതിസമ്പന്നരുടെ പുറത്തേക്കുള്ള ഒഴുക്കിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

3,200 അതിസമ്പന്നരുടെ വരവിനാണ് സിംഗപ്പൂര്‍ സാക്ഷ്യംവഹിക്കുന്നത്. യുഎഇയും ഇഷ്ടസ്ഥലങ്ങളിലൊന്നാണ്.

Tags:    

Similar News