ഉടമയ്ക്കും പറയാനുണ്ടാകും, അക്കൗണ്ട് ഫ്രോഡ് ആണെന്ന് പ്രഖ്യാപിക്കും മുമ്പ് അവസരം നല്‍കണം- സുപ്രീം കോടതി

വായ്പ എടുത്തയാള്‍ക്ക് ഇത്തരത്തില്‍ ഹൈക്കോടതി ഒരവസരം കൊടുത്തത് വഴി ബാങ്കിംഗ് തട്ടിപ്പുകള്‍ കണ്ടെത്തി തടയാനുള്ള ആര്‍ബി ഐ സര്‍ക്കുലറിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകുകയാണ് എന്നാണ് ആര്‍ബി ഐയും വായ്പാ ദാതാക്കളായ മറ്റ് ബാങ്കുകളും വാദിച്ചത്.

Update: 2023-03-29 05:09 GMT


വായ്പ കുടുശിക ഉണ്ടെങ്കിലും അക്കൗണ്ട് ഫ്രോഡാണെന്ന് പ്രഖ്യാപിക്കും മുമ്പ് ബാങ്കുകള്‍ അക്കൗണ്ടുടമകളെ കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ഒരു അക്കൗണ്ട് ഫ്രോഡ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് മുമ്പ് ഉടമയ്ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. തെലങ്കാന ഹൈക്കോടതി വിധി ശരി വച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി പുറപ്പെടുവിച്ചത്.


90 ദിവസത്തിലേറെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിഷ്‌ക്രിയ ആസ്തി ആയതിനാലാണ് അക്കൗണ്ട് ഫ്രോഡായി പ്രഖ്യാപിച്ചതെന്നായിരുന്നു എസ്ബി ഐയുടെ വാദം. ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് തിരിച്ചറിയുന്നതിന്റെ ഭാഗമായിയുള്ള ആര്‍ബി ഐ സര്‍ക്കുലറിന്റെ ചുവട് പിടിച്ചാണ് വായ്പാ ദാതാക്കളായ ബാങ്കുകള്‍ ഇത്തരം നടപടികളെടുക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട ആള്‍ക്ക് അയാളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതിരിക്കുക വഴി ഇവിടെ സാധാരണ നീതി നിഷേധിക്കപ്പെടുകയാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

വായ്പ എടുത്തയാള്‍ക്ക് ഇത്തരത്തില്‍ ഹൈക്കോടതി ഒരവസരം കൊടുത്തത് വഴി ബാങ്കിംഗ് തട്ടിപ്പുകള്‍ കണ്ടെത്തി തടയാനുള്ള ആര്‍ബി ഐ സര്‍ക്കുലറിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകുകയാണ് എന്നാണ് ആര്‍ബി ഐയും വായ്പാ ദാതാക്കളായ മറ്റ് ബാങ്കുകളും വാദിച്ചത്. ഇതാണ് സുപ്രീം കോടതി തള്ളിയത്.


എസ്ബി ഐ ബാങ്കിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 1,400 കോടി രൂപ ബിഎസ് കമ്പനി ലിമിറ്റഡിന് വേണ്ടി രാജേഷ് അഗര്‍വാള്‍ ആണ് വായ്പ എടുത്തത്. അടവ് മുടങ്ങിയതോടെ അക്കൗണ്ട് തട്ടിപ്പ് ഗണത്തിലേക്ക് മാറ്റിയതിനെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്.


Tags:    

Similar News