എച്ച്-1ബി വിസകള്‍; യുഎസ് നീക്കത്തില്‍ ഇന്ത്യക്ക് നേട്ടം

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കാത്തിരുന്ന മാറ്റം
  • നിലവില്‍, യുഎസിനുള്ളില്‍ എച്ച്-1ബി വിസ പുനഃസ്ഥാപിക്കല്‍ അനുവദനീയമല്ല
  • അമേരിക്കന്‍ നടപടി ഐടി,സേവന മേഖലകളില്‍ സ്വാധീനം ചെലുത്തും

Update: 2023-06-28 08:56 GMT

രാജ്യത്ത് പുതുക്കാവുന്ന എച്ച്-1ബി വിസകള്‍ അവതരിപ്പിക്കാനുള്ള യുഎസ് പ്രഖ്യാപനം ഇന്ത്യക്ക് ഏറെ ഗുണകരമാകുമെന്ന് സര്‍വീസസ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) പറഞ്ഞു. ഈ നീക്കം ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അനുഗ്രഹമാകും. കൂടാതെ സേവന രംഗത്തും ഇത് പ്രോത്സാഹജനകമാണ്.

ആഭ്യന്തര ഐടി പ്രൊഫഷണലുകള്‍ക്ക് എളുപ്പത്തില്‍ ഓണ്‍-സൈറ്റ് ക്ലയന്റ് ഇടപെടല്‍ ഈ തീരുമാനം അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് എസ്ഇപിസി പറഞ്ഞു. 'ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിദേശത്തുള്ള ഇടപാടുകാരുടെ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ അവര്‍ക്ക് ക്ലയന്റിന്റെ ആവശ്യകതകള്‍ നന്നായി മനസിലാക്കാനും അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കാനും അതുവഴി ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും കഴിയും. തന്നെയുമല്ല ഈ നേരിട്ടുള്ള ഇടപെടല്‍ ഇടപാടുകാരുടെ സംതൃപ്തി വര്‍ധിപ്പിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ബിസിനസ് ആവര്‍ത്തിക്കുന്നതിലേക്കും ആത്യന്തികമായി ഉയര്‍ന്ന ഐടി കയറ്റുമതിക്കുമാണ് ഇടയാക്കുക എന്ന് എസ്ഇപിസി ചെയര്‍മാന്‍ സുനില്‍ എച്ച് തലത്തി പറഞ്ഞു.

ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ പ്രധാന വിപണി യുഎസ് ആയതിനാല്‍, ഈ വികസനം ഇന്ത്യയില്‍ നിന്നുള്ള ഐടി സേവനങ്ങളുടെ കയറ്റുമതിയില്‍ കാര്യമായ ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐടി കയറ്റുമതി വളര്‍ച്ച 8-12 ശതമാനം എന്ന പരിധിയിലാണ് നേരത്തെ കണക്കാക്കിയിരുന്നതെങ്കിലും ഈ പ്രത്യേക മുന്നേറ്റത്തോടെ ഐടിയിലെ കയറ്റുമതി വളര്‍ച്ച 13-15 ശതമാനം പരിധിയില്‍ കുതിച്ചുയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനത്തോടെയാകും പദ്ധതി ആരംഭിക്കുക. ചില പെറ്റീഷന്‍ അടിസ്ഥാനമാക്കിയുള്ള താല്‍ക്കാലിക തൊഴില്‍ വിസകളുടെ ആഭ്യന്തര പുതുക്കലുകള്‍ക്കായാകും ഇത്. അടുത്തവര്‍ഷം ഈ പദ്ധതി വിപുലീകരിക്കും.

പ്രോജക്റ്റുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഫലങ്ങള്‍ ഉറപ്പാക്കുന്നതിനും ക്ലയന്റ് പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും ഇത് സഹായിക്കും. ഇത് വിശ്വസനീയമായ ഐടി സേവന ദാതാവ് എന്ന നിലയില്‍ ഇന്ത്യയുടെ മികവ് എടുത്തുകാട്ടും. അതുവഴി കയറ്റുമതി അവസരങ്ങളും ഉയരും.

സൈദ്ധാന്തികമോ സാങ്കേതികമോ ആയ വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് വളരെയധികം ആവശ്യപ്പെടുന്ന എച്ച്-1ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികള്‍ ഇതിനെയാണ് ആശ്രയിക്കുന്നത്. വിസാകാലാവധി മൂന്നു വര്‍ഷമായിരിക്കും. എല്ലാ എച്ച്-1ബി വിസ ഉടമകള്‍ക്കും, അവരുടെ വിസ പുതുക്കുമ്പോള്‍, അവരുടെ പാസ്പോര്‍ട്ടുകള്‍ പുതുക്കല്‍ തീയതികള്‍ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്.

അവര്‍ യുഎസിന് പുറത്ത് യാത്ര ചെയ്യാനും യുഎസിലേക്ക് വീണ്ടും പ്രവേശിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ആവശ്യമാണ്. നിലവില്‍, യുഎസിനുള്ളില്‍ എച്ച്-1ബി വിസ പുനഃസ്ഥാപിക്കല്‍ അനുവദനീയമല്ല. ഏതെങ്കിലും യുഎസ് കോണ്‍സുലേറ്റില്‍ മാത്രമേ റീസ്റ്റാമ്പിംഗ് ചെയ്യാന്‍ കഴിയൂ.

Tags:    

Similar News