ഡാറ്റാ മോഷണത്തിലൂടെ 30,000 കോടിയുടെ ജിഎസ്‍ടി തട്ടിപ്പ്

  • 16 സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സംഘടിത റാക്കറ്റ്
  • പിഎം കിസാന്‍ ഗുണഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തല്‍
  • 4,000 ഷെൽ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും തട്ടിപ്പിന് ഉപയോഗിച്ചു

Update: 2023-06-14 06:33 GMT

രാജ്യവ്യാപകമായി ചരക്കു സേവന നികുതി (ജിഎസ്‍ടി) ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയിൽ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍മെനന്‍റ് അക്കൗണ്ട് നമ്പറുകളും (പാൻ) ആധാർ കാർഡുകളും ഉൾപ്പെടെ 18,000ഓളം തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ചാണ് ഈ തട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്ന് ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎം കിസാന്‍ സ്‍കീമിന്‍റെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് 4,000 ഷെൽ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

രാജ്യവ്യാപകമായി നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും പരിഹാരം കാണുന്നതിനുമായി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഒരു ഉദ്യമത്തിന് മേയ് 16 ന് ജിഎസ്‍ടി അധികൃതർ തുടക്കമിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 10,000 വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തി. 16 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംഘടിത സ്വഭാവത്തിലുള്ള തട്ടിപ്പാണ് ഇതെന്ന വിലയിരുത്തലില്‍ ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായും ജിഎസ്‍ടി അധികൃതര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

തട്ടിപ്പുകള്‍ നടത്തിയതായി സംശയിക്കുന്ന വ്യക്തികള്‍ക്കെതിരായ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നികുതി ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. "പിഎം കിസാൻ, ഗ്രാമീണ തൊഴിൽ പദ്ധതി, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയിൽ നിന്നുള്ള ഡാറ്റ മോഷ്ടിച്ച് ഷെൽ കമ്പനികളും വ്യാജ ജിഎസ്ടി രജിസ്ട്രേഷനും സൃഷ്ടിച്ച് 16 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വലിയ സംഘടിത റാക്കറ്റായിരുന്നു ഇത്, ” പേരുവെളിപ്പെടുത്താതെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഷ്ടിക്കപ്പെട്ട രേഖകള്‍ വ്യാജ ബില്ലുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചു, അവ പിന്നീട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനായി വിവിധ കമ്പനികൾക്ക് വിറ്റു. മോഷ്‌ടിക്കപ്പെട്ട ഐഡന്റിറ്റികളിൽ നിന്ന് ഷെൽ കമ്പനികൾ സൃഷ്ടിക്കുന്നതിനും വ്യാജ ഇ-വേ ബില്ലുകളും വ്യാജ ഇൻവോയ്‌സുകളും സൃഷ്‌ടിക്കുന്നതിനും ആവശ്യമുള്ള കമ്പനികൾക്ക് ഇൻവോയ്‌സുകൾ വിതരണം ചെയ്യുന്നതിനിമായി മൂന്ന് വ്യത്യസ്ത ടീമുകൾ പല സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു. പലരും തങ്ങളുടെ അറിവില്ലാതെയാണ് വിവിധ കമ്പനികളുടെ ഡയറക്ടർമാരാക്കപ്പെട്ടത്. അവരുടെ വിലാസത്തിൽ നികുതി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അവര്‍ ഇക്കാര്യം അറിയുന്നത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനായി വ്യാജ ഇൻവോയ്സുകൾ നേടിയ കമ്പനികൾക്ക് അധികൃതർ ഉടൻ നോട്ടീസ് അയക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്‍ടി ഇന്റലിജൻസും (ഡിജിജിഐ) ചില കേസുകളിൽ നികുതി വെട്ടിപ്പ് കണ്ടെത്തി തുക വീണ്ടെടുത്തതായി നികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഭാവ്‌നഗറിലും സൂറത്തിലും മോഷ്ടിച്ച ഐഡികൾ ഉപയോഗിച്ച് വ്യാജ ഇൻവോയ്‌സുകള്‍ സൃഷ്ടിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഗുജറാത്തിലെ ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി പരിശോധനകള്‍ ആരംഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നു കഴിഞ്ഞു.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ബിസിനസുകള്‍ ബാധിക്കപ്പെടാതിരിക്കാന്‍ വേണ്ടത്ര വിലയിരുത്തലുകളും മുന്നൊരുക്കങ്ങളും നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

Tags:    

Similar News