ജൂലൈ 11ന് ജിഎസ്‍ടി കൗണ്‍സില്‍ യോഗം; ഓണ്‍ലൈന്‍ ഗെയിമിംഗ് ചര്‍ച്ചയാകും

  • നികുതി തട്ടിപ്പുകളും വ്യാജ രജിസ്ട്രേഷനുകളും തടയുന്നതിന് മാര്‍ഗങ്ങള്‍ ആരായും
  • ഓൺലൈൻ ഗെയിമിംഗ് സംബന്ധിച്ച് മന്ത്രിതല സമിതി റിപ്പോര്‍ട്ട് നല്‍കിയത് ഡിസംബറില്‍
  • നികുതി വെട്ടിപ്പ് തടയാന്‍ രാജ്യവ്യാപക പരിശോധനകള്‍ തുടരുന്നു

Update: 2023-06-16 09:32 GMT

ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗം ജൂലൈ 11ന് നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നികുതി ചോര്‍ച്ചയും തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ചും .ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ച് വിലയിരുത്തിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. വ്യാജ രജിസ്ട്രേഷനുകളിലൂടെയും തട്ടിപ്പിലൂടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) സൃഷ്ടിച്ചും നടക്കുന്ന നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ചില നടപടികൾ യോഗത്തിന്‍റെ പരിഗണയ്ക്ക് എത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ​​ജോഹ്‌രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓൺലൈൻ ഗെയിമിംഗ് സംബന്ധിച്ച് പഠനം നടത്തിയ മന്ത്രിതല സംഘം കഴിഞ്ഞ വർഷം ഡിസംബറിൽ ജിഎസ്‍ടി കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ ഇത് ചർച്ചയ്ക്ക് എടുത്തിട്ടില്ല. കൗൺസിലിന്‍റെ ചർച്ചയ്ക്കും ശേഷം റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് കൈമാറും. കൂടാതെ, നികുതി നിരക്കുകള്‍ യുക്തിസഹമാക്കുന്നത് സംബന്ധിച്ച് പരിശോധിക്കുന്ന മന്ത്രിതല സമിതിയുടെ കണ്‍വീനറെയും കൗൺസിൽ തീരുമാനിക്കും.

നേരത്തേ കർണാടക മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയായിരുന്നു കൺവീനര്‍. ഇപ്പോള്‍ കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടായ സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്. ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നത് വരാനിരിക്കുന്ന കൗൺസില്‍ യോഗം പരിഗണിക്കുന്നില്ലെന്നാണ് സൂചന.

വ്യാജ രജിസ്ട്രേഷനെതിരെ ജിഎസ്ടി ഉദ്യോഗസ്ഥർ ഇതിനകം രണ്ട് മാസത്തെ പ്രത്യേക കര്‍മപദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ വ്യാജ രജിസ്ട്രേഷൻ ഉള്ള 60,000 സ്ഥാപനങ്ങളെ ജിഎസ്‍ടി നെറ്റ്‌വർക്ക് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ നേരിട്ടുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. "ഞങ്ങൾ 43,000 പരിശോധനകൾ പൂർത്തിയാക്കി. അതിൽ 10,000 എണ്ണത്തില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. 15,000 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയിമുകൾ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. " ജോഹ്രി കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി ചരക്കു സേവന നികുതി (ജിഎസ്‍ടി) ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയിൽ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പെര്‍മെനന്‍റ് അക്കൗണ്ട് നമ്പറുകളും (പാൻ) ആധാർ കാർഡുകളും ഉൾപ്പെടെ 18,000ഓളം തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ചാണ് ഈ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്.

പിഎം കിസാന്‍ സ്‍കീമിന്‍റെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് 4,000 ഷെൽ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 16 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംഘടിത സ്വഭാവത്തിലുള്ള തട്ടിപ്പാണ് ഇതെന്ന വിലയിരുത്തലില്‍ ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായും ജിഎസ്‍ടി അധികൃതര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

Tags:    

Similar News