തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞു;ജര്‍മനി മാന്ദ്യത്തിലേക്ക്

  • 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ജര്‍മനിയുടെ ജിഡിപി 0.3 ശതമാനം ഇടിഞ്ഞതായി രേഖപ്പെടുത്തി
  • റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ് ജര്‍മന്‍ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചത്
  • 2023 ന്റെ ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് വില വര്‍ധനയുടെ ആഘാതം അനുഭവപ്പെട്ടു

Update: 2023-05-25 09:03 GMT

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മനി മാന്ദ്യത്തിലേക്ക്. തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞതാണ് ജര്‍മനിയെ മാന്ദ്യത്തിലേക്ക് നയിച്ചത്.

വ്യാഴാഴ്ച ജര്‍മന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ജര്‍മനിയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) 0.3 ശതമാനം ഇടിഞ്ഞതായി രേഖപ്പെടുത്തി. 2022-ലെ അവസാന മൂന്ന് മാസങ്ങളിലും ജിഡിപി 0.5 ശതമാനം ഇടിഞ്ഞിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശമായിരുന്നു കാരണം.ഈ വര്‍ഷം ഏപ്രിലില്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ സൂചിപ്പിച്ചത് ജര്‍മനി മാന്ദ്യം ഒഴിവാക്കിയെന്നായിരുന്നു.

റഷ്യയ്ക്കു മേല്‍ യൂറോപ്പ് ഉപരോധം ഏര്‍പ്പെടുത്തുകയും മറുപടിയായി റഷ്യ, ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഊര്‍ജ്ജവിതരണം അവസാനിപ്പിക്കുകയും ചെയ്തതോടെ ജര്‍മനിയില്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടിരുന്നു. ഇതാണ് ജര്‍മനിയുടെ ജിഡിപിക്ക് തിരിച്ചടിയായത്.

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ജിഡിപി ഇടിവ് രേഖപ്പെടുത്തിയാല്‍ ഒരു സമ്പദ്ഘടന സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയെന്നാണു കണക്കാക്കുന്നത്. ഇപ്പോള്‍ ജര്‍മനിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ് 2022 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജര്‍മന്‍ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചത്. ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ജര്‍മനി റഷ്യയെയാണ് വന്‍തോതില്‍ ആശ്രയിച്ചിരുന്നത്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് വില കുതിച്ചുയരുകയും പണപ്പെരുപ്പമുണ്ടാവുകയും അത് സമ്പദ്വ്യവസ്ഥയെ ഭാരപ്പെടുത്തുകയും ചെയ്തു.

പണപ്പെരുപ്പത്തെ തുടര്‍ന്ന് 2023 ന്റെ ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് വില വര്‍ധനയുടെ ആഘാതം അനുഭവപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ മുന്‍വര്‍ഷത്തേക്കാള്‍ 7.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഭക്ഷണം, വസ്ത്രം തുടങ്ങിയവയ്ക്കായി പണം ചെലവഴിക്കുന്നതിന് ആളുകള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ജര്‍മനി മാന്ദ്യത്തിലാണെന്ന് സ്ഥിരീകരിച്ചതിനാല്‍ യൂറോപ്പിന്റെ കറന്‍സിയായ യൂറോ വ്യാഴാഴ്ച ഇടിഞ്ഞു, അതേസമയം ഡോളര്‍ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 0.2 ശതമാനമാണ് യൂറോ ഇടിഞ്ഞത്.

വാങ്ങല്‍ ശേഷിയിലെ ഇടിവ്, വ്യാവസായിക മേഖലയിലെ ഓര്‍ഡറുകള്‍ ദുര്‍ബലമായത്, പലിശ നിരക്ക് ഉയരുന്നത്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയിലുണ്ടാകുന്ന മാന്ദ്യം എന്നിവയെല്ലാം വരും മാസങ്ങളില്‍ ജര്‍മനിയുടെ സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Similar News