ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ച് ഓണ്‍ലൈന്‍ വില്‍പ്പന

  • ശക്തമായ ഡിമാന്റ് നിലനിര്‍ത്താന്‍ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു.
  • ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 2.6 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

Update: 2023-11-01 06:30 GMT

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി ഉത്സവ സീസണ്‍. കാര്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍ തുടങ്ങിയവയ്ക്കാണ് ഈ ഉത്സവകാലത്ത് കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥളിലൊന്നായ ഇന്ത്യയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയാണ്.

ചെലവാക്കാനുള്ള ശേഷിയില്‍ കാര്യമായ വര്‍ധനവും ഉത്സവ സീസണിലെ വില്‍പ്പനക്ക് കാരണമാണ്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വില്‍പ്പന ആദ്യ ആഴ്ചയില്‍ തന്നെ മുന്‍വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചിലൊന്ന് വര്‍ധനയാണ് ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്.

യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണ് ഈ ഒക്ടോബറിലുണ്ടായത്. ഭക്ഷണം, സമ്മാനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയിലാണ് ആളുകള്‍ കൂടുതല്‍ പണം ഓണ്‍ലൈനായി ചെലവഴിക്കുന്നത്. ഈ മാസം 12 നാണ് ദീപവലി ആഘോഷം. ഇതിന്റെ ഭാഗമായി നിരവധി ഓഫറുകള്‍ മിക്ക ഓണ്‍ലൈനുകളും മുന്നോട്ടു വച്ചിട്ടുണ്ട്.

ഉപഭോഗത്തിന്റെ ആരോഗ്യകരമായ സൂചകം എന്ന് പറയപ്പെടുന്നത് വിറ്റഴിക്കലാണ്. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 60 ശതമാനം വരും. ക്രെഡിറ്റ് കാര്‍ഡ് പോലുള്ള വായ്പാ സൗകര്യങ്ങള്‍ ലഭിക്കുന്നതും പണപ്പെരുപ്പത്തിന്റെ ലഘൂകരണവും വേതനത്തിലെ വര്‍ധനവുമാണ് ഈ ചെലവാക്കലിന് ആധാരം. പ്രത്യേകിച്ച് ഭൂരിപക്ഷം വരുന്ന ഗ്രാമീണ മേഖലയില്‍.

 ഈ വര്‍ഷം പലിശ നിരക്ക് ഉയര്‍ത്തിയിട്ടും ബാങ്ക് വായ്പകളുടെ ആവശ്യം 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ആര്‍ബിഐയുടെ പുതിയ കണക്കുകള്‍ പറയുന്നു.

മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആറ് ശതമാനത്തിലധികം വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും ശക്തമായ ചെലവുകള്‍ സഹായിക്കുന്നു.

2023ലും 2024 ലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രവചിക്കുന്നത്. ഉത്സവ സീസണ്‍ മാത്രമല്ല, ക്രിക്കറ്റ് ലോകകപ്പും വരാനിരിക്കുന്ന വിവാഹ സീസണുമെല്ലാം  വിപണിയെ ശക്തിപ്പെടുത്തുന്നവയാണ്.

ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 2.6 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഈ മാസം മുതല്‍ ഡിസംബര്‍ വരെ വരെ നീളുന്ന വിവാഹ സീസണില്‍ സ്വര്‍ണ്ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയ്ക്കായി 50 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി ഗ്രൂപ്പായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രതീക്ഷിക്കുന്നു.

ഉത്സവ കാലത്തിന് ശേഷം വിവാഹ സീസണ്‍ ആരംഭിക്കുന്നതും, ഒപ്പം ക്രിക്കറ്റ് ലോകകപ്പും വ്യക്തികള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ സജീവമായി തുടരാന്‍ ഇടയാക്കുന്നു. ഒക്ടോബര്‍ 15 വരെയുള്ള ആഴ്ചയില്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ വില്‍പ്പന 4700 കോടി രൂപയില്‍ (565 ദശലക്ഷം ഡോളര്‍) എത്തിയതായി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്സീന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, വലിയ വീട്ടുപകരണങ്ങള്‍ എന്നിവയില്‍ 67 ശതമാനം വില്‍പ്പനയും നേടി.

തത്സമയ ഡിജിറ്റല്‍ പേയ്മെന്റുകളായ യുപിഐ വഴി ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ 16.46 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ 16 ശതമാനം ഉയര്‍ന്ന് 1.42 ലക്ഷം കോടി രൂപയായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ കാണിക്കുന്നു.

ചരക്ക് സേവന നികുതി പിരിവ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 10 ശതമാനം ഉയര്‍ന്ന് 1.6 ലക്ഷം കോടി രൂപയായി. വ്യാവസായിക, ഉല്‍പാദന മേഖലകളിലെ പ്രവര്‍ത്തനം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും വൈദ്യുതി ഉപയോഗത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. വൈദ്യുതി ആവശ്യം സെപ്തംബറില്‍ റെക്കോഡായ 240 ജിഗാവാട്ടിലേക്ക് ഉയര്‍ന്നു. ശക്തമായ ഡിമാന്‍ഡ്    നിലനിര്‍ത്താന്‍ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു.

മൊബൈല്‍ ഫോണുകള്‍, എല്‍ഇഡി ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് മികച്ച് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ഡിക്‌സണ്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സൗരഭ് ഗുപ്ത പറഞ്ഞു. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പാദനം നടത്തുന്നതിനായി ഡിക്സണിന്റെ 20 ഫാക്ടറികളില്‍ ഭൂരിഭാഗവും ഒന്നിലധികം ഷിഫ്റ്റുകള്‍ നടപ്പാക്കിക്കഴിഞ്ഞു.

Tags:    

Similar News