രണ്ട് ട്രില്യണ്‍ ഡോളര്‍ കയറ്റുമതി; നേട്ടം മത്സരക്ഷമതയിലൂടെ മാത്രം

  • പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം
  • സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതിയില്‍ മത്സരക്ഷമത ഉണ്ടാകണം
  • വിദേശ വിപണികളില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ പിന്തുടരേണ്ടതുണ്ട്

Update: 2023-06-13 09:50 GMT

2030ഓടെ ഇന്ത്യയുടെ കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കയറ്റുമതിയിലെ മത്സരക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന്് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ഹൈടെക് വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.

സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതിയില്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം നേടുന്നതിന് ഈ മേഖലയില്‍ നിര്‍ണായകമായ വളര്‍ച്ച ആവശ്യമാണ്. നിലവിലുള്ള സാഹചര്യത്തില്‍ നിന്നും രാജ്യത്തിന് ഏതാണ്ട് 14.5 ശതമാനം വളര്‍ച്ച ഇന്ത്യ നേടേണ്ടതുണ്ട്.

ഈ സാഹചര്യം അനായാസമായി മറികടക്കണമെങ്കില്‍ ഇവിടെ കയറ്റുമതിയുടെ മേഖലയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

കയറ്റുമതി മൂല്യ ശൃംഖലയിലുടനീളമുള്ള മത്സരക്ഷമത രാജ്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ എന്നും പറയാം. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്മെന്റ് ഡയറക്ടര്‍ രാകേഷ് മോഹന്‍ ജോഷിയാണ് ഈ അഭിപ്രായം പങ്കുവെക്കുന്നത്.

ചൈന, യുഎഇ, ഹോങ്കോംഗ്, ജര്‍മ്മനി, വിയറ്റ്നാം, യുകെ, ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, തായ്ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇനിയും പര്യവേഷണം ചെയ്യപ്പെടാത്ത മേഖലകള്‍ ഉണ്ട്.

ഇത് കണ്ടെത്തി മുന്നോട്ടുപോയാല്‍ അത് കയറ്റുമതി രംഗത്ത് ഒരു കുതിപ്പിനു കാരണമാകും.

മിനുക്കിയ വജ്രങ്ങള്‍, ആഭരണങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നീ വിഭാഗങ്ങള്‍ കയറ്റുമതിമേഖലയുടെ വളര്‍ച്ചയെ സഹായിക്കാന്‍ പര്യാപ്തമാണ്.

കയറ്റുമതിക്കാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ആശയവിനിമയം ഇവിടെ വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ കാലതാമസം സൃഷ്ടിക്കപ്പെട്ടാല്‍ ലക്ഷ്യം നേടുക ദുഷ്‌കരമായിരിക്കും. ഇതിനായി പുതിയ സാങ്കേതിക വിദ്യകളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്.

സാങ്കേതിക തടസങ്ങള്‍, ഗുണനിലവാരം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ കയറ്റുമതി മേഖലയെ തളര്‍ത്തുന്ന ഘടകങ്ങളാണ്. ഇവിടെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

താരിഫ് നിയമങ്ങളും പ്രശ്‌നങ്ങളും ഇതിന് അനുബന്ധമായി വരുന്നതാണ്.

ആഭ്യന്തര വിപണിയില്‍ മികച്ച നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം വിദേശവ്യാപാരത്തിലും ഈ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ഉഭയകക്ഷി, ബഹുക്ഷി തലത്തിലുള്ള ചര്‍ച്ചകള്‍ വേണ്ടിവരും. ഈ മേഖലയില്‍ മികവ് പുലര്‍ത്തിയാല്‍ 2030ഓടെയോ അതിനു മുമ്പോ ഇന്ത്യ ലക്ഷ്യം മറികടക്കും.

വിദേശ വ്യാപാര വിപണികളില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ കൃത്യമായി നാം പിന്തുടരുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും വേണം. ഭാവിയില്‍ ഉണ്ടാകാവുന്ന നീക്കങ്ങളും ബിസിനസ് സാധ്യതകളും മുന്‍കൂട്ടി കണ്ട് നീക്കങ്ങള്‍ നടത്തേണ്ടതുമുണ്ട്.

ഇപ്പോള്‍ ചൈനയും യുഎസുമായി നിലവിലുള്ള വ്യാപാര സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ സെമികണ്ടക്റ്ററുകളുടെ നിര്‍മ്മാണം മികവു പുലര്‍ത്താവുന്ന മേഖലയാണ്. ചൈനീസ് ചിപ്പുകള്‍ അമേരിക്ക ക്രമേണ ഒഴിവാക്കുകയാണ്. ഇത് ഇന്ത്യ നിരീക്ഷിക്കേണ്ട വസ്തുതയാണ്.

കൂടാതെ, ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ലോകത്തിന്റെ ഒരു സേവന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയാനും രാകേഷ് മോഹന്‍ ജോഷി നിര്‍ദ്ദേശിക്കുന്നു.


Tags:    

Similar News