യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതി; ഇന്ത്യ ഡബ്ല്യുടിഒയെ സമീപിക്കും

  • 20% മുതല്‍ 35% വരെ താരിഫ് ചുമത്താനാണ് നിര്‍ദ്ദേശം
  • 2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ പൂര്‍ണമായും ഒഴിവാക്കുക ലക്ഷ്യം
  • തീരുമാനം നടപ്പാക്കിയാല്‍ കയറ്റുമതിക്കാര്‍ക്കും ചെറുകിട കമ്പനികള്‍ക്കും തിരിച്ചടി

Update: 2023-05-16 12:04 GMT

സ്റ്റീല്‍, ഇരുമ്പയിര്, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 20% മുതല്‍ 35% വരെ താരിഫ് ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ പ്രാദേശിക വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത യൂറോപ്യന്‍ യൂണിയന്റെ പദ്ധതിക്കെതിരായ ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമാണിത്.

ഉഭയകക്ഷി പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബ്രസല്‍സിലുണ്ട്.സന്ദര്‍ശനവേളയില്‍ ഒഴിവാക്കാവുന്ന തടസങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.

2026മുതല്‍ ഉയര്‍ന്ന കാര്‍ബണ്‍ പുറംതള്ളല്‍ ഉണ്ടാകുന്ന ചരക്കുകളുടെ ഇറക്കുമതിക്ക് ലെവി ചുമത്താനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ പദ്ധതിയാണിത്.

സ്റ്റീല്‍, സിമന്റ്, അലുമിനിയം, രാസവളങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങിയവയുടെ ഇറക്കുമതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ലക്ഷ്യം 2070 ആണ്.

'പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍, ഇന്ത്യന്‍ കയറ്റുമതിയെ മാത്രമല്ല, മറ്റ് പല വികസ്വര രാജ്യങ്ങളെയും നേരിട്ട് ബാധിക്കുന്ന നീക്കമാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ചിരിക്കുന്നത്.' വിഷയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇക്കാരണത്താലാണ് യൂറോപ്യന്‍ യൂണിയന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഡബ്ല്യുടിഒയ്ക്ക് പരാതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കര്‍ശനമായി ഇയു തീരുമാനം നടപ്പാക്കിയാല്‍ കയറ്റുമതിക്കാര്‍ക്കും ചെറുകിട കമ്പനികള്‍ക്കും അത് വലിയ തിരിച്ചടിയാകും.

നിര്‍ദിഷ്ട ലെവിയെ വിവേചനപരവും വ്യാപാര തടസ്സവുമായാണ് ഇന്ത്യ കാണുന്നത്.

യുഎന്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള പ്രോട്ടോക്കോളുകള്‍ ഇന്ത്യ ഇതിനകം തന്നെ പിന്തുടരുന്നുണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും ലോക വ്യാപാര സംഘടനയില്‍ യൂറോപ്യന്‍ സൂണിയന്റെ നീക്കത്തെ ഇന്ത്യ എതിര്‍ക്കുക. നിര്‍ദ്ദേശത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചുകഴിഞ്ഞതായി ഡബ്ല്യുടിഒ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. അതില്‍ പങ്കെടുത്ത വ്യവസായികള്‍ തന്നെ ഡബ്ല്യുടിഒയില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള പദ്ധതികളെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒദ്യോഗികമായി സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വാണിജ്യ മന്ത്രാലയവും സ്റ്റീല്‍ കമ്പനികളും പ്രതികരിച്ചിട്ടില്ല.

സ്റ്റീല്‍ വ്യവസായത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നയ നിര്‍മ്മാതാക്കള്‍ പരിശോധിക്കുകയാണ്. ഉരുക്ക്, ചെറുകിട നിര്‍മ്മാതാക്കള്‍ തുടങ്ങിയ മേഖലകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറയുന്നു. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായി തുടരാന്‍ കമ്പനികള്‍ കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്‌ക്കേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദിഷ്ട നിര്‍ദ്ദേശം മറ്റുരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന്് കയറ്റുമതിക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിലകള്‍ ഉയരാനും ഇത് കാരണമാകും.

തുടക്കത്തില്‍, ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി പ്രധാനമായും സ്റ്റീല്‍, ഇരുമ്പ് അയിര്, അലുമിനിയം എന്നിവയ്ക്ക് താരിഫ് നേരിടേണ്ടിവരുമെന്ന് സഹായ് പറയുന്നു. എന്നാല്‍ 2034 ആകുമ്പോഴേക്കും യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇത് ബാധകമാകും.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍ യുകെ, കാനഡ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വികസിത രാജ്യങ്ങള്‍ യൂണിയന്റെ നിര്‍ദ്ദേശത്തിന് അനുസൃതമായി ക്രമീകരണം നടത്താനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News