8.7 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പദ്ധതികളുമായി ദുബായ്, ഇന്ത്യയ്ക്കും ഗുണകരം
- പ്രതിവര്‍ഷം 60 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു.
ദുബായ്: ആഗോള സാമ്പത്തിക ശക്തികളുടെ നിരയില്‍ മുന്‍പന്തിയിലെത്തുക എന്ന ലക്ഷ്യവുമായി യുഎഇ തയാറാക്കുന്ന പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്‍പ്പടെ ഗുണകരമായേക്കും. വരുന്ന 10 വര്‍ഷങ്ങള്‍കൊണ്ട് 8.7 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 719 ലക്ഷം കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുക, രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരിക എന്നിവയാണ് മുഖ്യമായും പദ്ധതി വഴി ലക്ഷ്യമിടുന്നത്.
2022ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ദുബായിലെ സമ്പദ്വ്യവസ്ഥ 4.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. വ്യാപാര ഇടനാഴികള്‍ ദൃഢമാക്കുന്നതിനൊപ്പം ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തും. ഇതുവഴി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച വളര്‍ച്ച ലഭിച്ച കമ്പനികള്‍ക്ക് യുഎഇയില്‍ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിന് അവസരമൊരുങ്ങും. 2033 ആകുമ്പോഴേയ്ക്കും വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ മൂല്യം 25.6 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം 60 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു. എന്നാല്‍ നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ഇത്തരം വളര്‍ച്ച അതിവേഗത്തില്‍ കൈവരിക്കാന്‍ യുഎഇയ്ക്ക് സാധിക്കുമെന്ന് ഉറപ്പിച്ച് പറയുക അസാധ്യമാണ്. ഇത് സാമ്പത്തിക വിദഗ്ധരും അടിവരയിടുന്നുവെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
ആഗോള സമ്പദ് വ്യവസ്ഥകളില്‍ മൂന്നിലൊന്നും 2023 ല്‍ മാന്ദ്യം നേരിടുമെന്ന് ഐഎംഎഫ് ചീഫ് ക്രിസ്റ്റലിന ജോര്‍ജ്ജീവ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ നിലവിലുള്ളതിലും രൂക്ഷമായാല്‍ ഊ പട്ടികയില്‍ ദുബായിയും ഉള്‍പ്പെട്ടേക്കാം. മുന്‍ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം കഠിനമായിരിക്കുമെന്നും യുഎസ്, യൂറോപ്യന്‍, ചൈന സമ്പദ് വ്യവസ്ഥകളെല്ലാം മന്ദഗതിയിലാകും മെന്നും ക്രിസ്റ്റലിന പറഞ്ഞു.
പത്ത് മാസത്തിലേറെയായി യുക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ശമിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക്, ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ കുതിച്ചുചാട്ടം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ഐഎംഎഫ് കരുതുന്നുവെന്നാണ് ജോര്‍ജീവ അഭിപ്രായപ്പെട്ടത്.