പണപ്പെരുപ്പം കുറഞ്ഞു, വ്യാവസായികോല്‍പ്പാദനം കൂടി
- ഭക്ഷ്യവിലപ്പെരുപ്പവും മേയില്‍ 2.91 ശതമാനമായി കുറഞ്ഞു
- ഏപ്രിലിലെ മാനുഫാക്ചറിംഗ് വളര്‍ച്ച 4.9 ശതമാനം
- പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും കേന്ദ്ര ബാങ്കിന്‍റെ കംഫര്‍ട്ട് സോണില്‍
ഇന്ത്യയുടെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഏപ്രിലിലെ 4.7 ശതമാനത്തിൽ നിന്ന് മേയില്‍ 4.25 ശതമാനമായി കുറഞ്ഞു. 25 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് കഴിഞ്ഞ മാസത്തെ സിപിഐ പണപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റെഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു. ഏപ്രിലിലെ ഫാക്റ്ററി ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിലയിലുള്ള, 4.2 % വളര്‍ച്ച നേടിയെന്നും ഇന്നലെ രാത്രി പുറത്തിറങ്ങിയ മറ്റൊരു ഡാറ്റ വ്യക്തമാക്കുന്നു.
ഭക്ഷ്യവിലപ്പെരുപ്പവും മേയില്‍ 2.91 ശതമാനമായി കുറഞ്ഞു. ഏപ്രിൽ മാസത്തിൽ ഇത് 3.84 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ പകുതിയോളം പങ്കുവഹിക്കുന്നത് ഭക്ഷ്യവില പണപ്പെരുപ്പമാണ്. ഇന്ധന, വൈദ്യുതി മേഖലയിലെ പണപ്പെരുപ്പം ഏപ്രിലിലെ 5.52 ശതമാനത്തിൽ നിന്ന് 4.64 ശതമാനമായി കുറഞ്ഞു.
തുടർച്ചയായ രണ്ടാം മാസമാണ് റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കംഫർട്ട് സോണായ ആറ് ശതമാനത്തിനു താഴെ തുടരുന്നത്. എന്നാല്‍ തുടർച്ചയായി 44-ാം മാസവും കേന്ദ്ര ബാങ്കിന്‍റെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് റീട്ടെയില്‍ പണപ്പെരുപ്പം. ഇക്കഴിഞ്ഞ ധനനയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഈ സാമ്പത്തിക വർഷത്തേക്കുള്ള തങ്ങളുടെ പണപ്പെരുപ്പ നിഗമനം 5.1 ശതമാനത്തിലേക്ക് കുറച്ചിരുന്നു. റീട്ടെയിൽ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ യോഗത്തിനു ശേഷം കണക്കാക്കിയിരുന്നത്.
വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) മുൻവർഷം ഏപ്രിലിലെ 134.5 ൽ നിന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ 140.2 ആയി ഉയർന്നു, എന്നാൽ മാർച്ചിലെ 151.4നെ അപേക്ഷിച്ച് ഇടിവാണ് ഉണ്ടായത്.. ഐഐപി-യിൽ നാലിൽ മൂന്ന് (77.6 ശതമാനം) വെയ്റ്റേജുള്ള മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ത്ത മുൻവർഷത്തെ 5.6 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 4.9 ശതമാനത്തിലേക്ക് എത്തി. മാർച്ചിലെ 1.2 ശതമാനത്തിൽ നിന്നും വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
മുന്‍ വര്‍ഷത്തെ ഉയര്‍ന്ന നിലമൂലം മാർച്ചില്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു മാര്‍ച്ചിലെ മാനുഫാക്ചറിംഗ് വളര്‍ച്ച. ഏപ്രിലില്‍ ഇതില്‍ നിന്നുള്ള തിരിച്ചുവരവ് പ്രകടമായി. മൂലധന ചരക്കുകള്‍ (6.2 ശതമാനം), ഇൻഫ്രാസ്ട്രക്ചർ/ കൺസ്ട്രക്ഷൻ ചരക്കുകള്‍ (12.8 ശതമാനം) തുടങ്ങിയ മേഖലകൾ മികച്ച വളർച്ചയാണ് കാണിച്ചതെന്നും വിദഗ്ധർ പറഞ്ഞു. ആഗോള തലത്തിലെ ആവശ്യകതയില്‍ പ്രകടമാകുന്ന തളര്‍ച്ചയ്ക്കിടയില്‍ ഈ തിരിച്ചുവരവ് നിലനിര്‍ത്താനാകുമോ എന്നത് ഉറപ്പിക്കാറായിട്ടില്ലെന്നും വിദഗ്‍ധര്‍ പറയുന്നു.