ബ്രിട്ടനില്‍ ജീവിതച്ചെലവ് ക്രമാതീതമാകുന്നു; കടകളില്‍ മോഷണം പതിവായി

  • ചീസിനും പാലിനും അടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ സുരക്ഷാ ടാഗുകള്‍
  • ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മാസം 14.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി
  • കഴിഞ്ഞ സെപ്റ്റംബര്‍ വരെ കടകളില്‍ മോഷണം 22 ശതമാനം ഉയര്‍ന്നു

Update: 2023-05-11 10:02 GMT


ബ്രിട്ടനില്‍ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി സാധാരണ പൗരന്മാരെ സ്ഥിരമായി പ്രതിസന്ധിയിലാക്കി. സാധാരണ ജിവിതച്ചെലവിനുപോലും പണം കണ്ടെത്താനാകാതെ ജനം നട്ടം തിരിയുന്ന കാഴ്ച സാധാരണമായിരിക്കുന്നു.

2021 നും 2022 നും ഇടയിലാണ് യുകെയിലുടനീളം ജീവിതച്ചെലവ് കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായത്. അതിന് ഇന്നും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബ്രീട്ടീഷ് ജനതയ്ക്കുതന്നെ രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ അസാധാരണമായിരിക്കന്നു. അതിനുപുറമേ കുടിയേറ്റക്കാരായ ജനതയ്ക്കും വിവിധ ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്നവരുടെയും കാര്യങ്ങള്‍ അതീവ ദുഷ്‌കരമാകുകയാണ്.

ഇതിലേറെയും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും എത്തിയിട്ടുള്ളവരാണ്. ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ളവര്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷതയില്‍നിന്ന് അല്‍പ്പമെങ്കിലും അകന്നുനില്‍ക്കുന്നത്.

സാമ്പത്തിക രംഗത്ത് തുടരുന്ന ഈ അസാധാരണ സാഹചര്യം യുകെയിലെ കടകളില്‍ മോഷണം നടത്തുന്ന സംഭവങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായി അവിടെനിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് ഉയര്‍ത്തിയ പ്രതിസന്ധിയെ നേരിടാന്‍ പത്ത് യുവാക്കളില്‍ ഒരാളെങ്കിലും സാധനങ്ങള്‍ മോഷ്ടിക്കുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. പണപ്പെരുപ്പം മാസങ്ങളായി ഇരട്ട അക്കത്തില്‍ തുടരുകയാണ്. മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പം കഴിഞ്ഞ മാസം 14.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നു.

ഇക്കാരണത്താല്‍ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലകള്‍ ഉയര്‍ന്ന നിലയില്‍തന്നെ തുടരുകയാണ്. ഭക്ഷണത്തിന്റെയും മദ്യമല്ലാത്ത പാനീയങ്ങളുടെയും വില 19.1ശതമാനമാണ് ഉയര്‍ന്നത്. ഇത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. ചില വസ്തുക്കളുളെ വില ഒരു വര്‍ഷംകൊണ്ട് ഇരട്ടിയായി. ഇറക്കുമതിചെയ്യുന്ന ഭക്ഷണങ്ങളുടെ കണക്കുകളിലും കാര്യമായ അന്തരമുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.

കുട്ടികളുടെ മരുന്നായ കാല്‍പോള്‍ പോലുള്ള അവശ്യവസ്തുക്കള്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന സാധനങ്ങളില്‍ ഒന്നാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏറ്റവും പുതിയ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ വരെ കടകളില്‍ മോഷണം 22 ശതമാനം ഉയര്‍ന്നു എന്നാണ്. പലചരക്ക് സാധനവിലവര്‍ദ്ധനെയെത്തുടര്‍ന്നാണ് കടകളില്‍ മോഷണം ഉയര്‍ന്നതെന്ന് റീട്ടെയില്‍ മേധാവിമാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

പാലും ചീസും പോലുള്ള ഉല്‍പ്പന്നങ്ങളില്‍ സുരക്ഷാ ടാഗുകള്‍ ഘടിപ്പിക്കുന്നത് പതിവായി മാറുകയാണെന്നും ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജീവിതച്ചെലവ് പ്രതിസന്ധി കാരണം യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ നില വളരെ മോശമാണെന്നും ബിപി കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ മേധാവി ട്രേസി ക്ലെമന്റ്‌സും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വരും മാസങ്ങളിലും സാധനവില ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. സാധാരണ കുടുംബത്തിന്റെ വാര്‍ഷിക പലചരക്ക് ബില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 837 പൗണ്ട് കൂടുതലാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷോപ്പ് മോഷണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്ന് സ്‌റ്റോറുകള്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.


Tags:    

Similar News