2000 രൂപ പിന്‍വലിക്കല്‍: കോളടിച്ചത് ബാങ്കുകള്‍ക്ക്, നിക്ഷേപത്തില്‍ 3.26 ട്രില്യന്‍ രൂപയുടെ വര്‍ധന

  • പോസ്റ്റോഫീസുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെങ്കിലും ഭൂരിഭാഗവും ബാങ്കുകളിലാണ് നിക്ഷേപം നടത്തുന്നത്
  • മെയ് 19-നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്
  • ബാങ്ക് നിക്ഷേപം ഇപ്പോള്‍ 187.02 ട്രില്യന്‍ രൂപയിലെത്തി

Update: 2023-06-17 06:30 GMT

പ്രചാരത്തില്‍ നിന്ന് 2,000 രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെത്തുടര്‍ന്ന് ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.

2023 ജൂണ്‍ രണ്ട് വരെയുള്ള കണക്ക്പ്രകാരം നിക്ഷേപയിനത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളിലേക്ക്‌ ഒഴുകിയെത്തിയ 2000 രൂപയുടെ നോട്ടുകള്‍ 3.26 ട്രില്യന്‍ മൂല്യമുള്ളതാണെന്ന് ആര്‍ബിഐ ഡാറ്റ വിശദമാക്കുന്നു. അതോടെ ബാങ്ക് നിക്ഷേപം 187.02 ട്രില്യന്‍ രൂപയിലെത്തി. മെയ് 19-നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

ബാങ്കുകള്‍ കൂടാതെ പോസ്റ്റോഫീസുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെങ്കിലും ആളുകള്‍ ഭൂരിഭാഗവും ബാങ്കുകളിലാണ് നിക്ഷേപം നടത്തുന്നത്.

ടേം ഡിപ്പോസിറ്റുകളില്‍ 2.65 ലക്ഷം കോടി രൂപയുടെയും ഡിമാന്‍ഡ് ഡിപ്പോസിറ്റുകളില്‍ 760,968 കോടി രൂപയുടെയും വര്‍ധനയുണ്ടായി. അതോടെ വാര്‍ഷിക നിക്ഷേപ വളര്‍ച്ചാ നിരക്ക് 11.8 ശതമാനവുമായി. ഇത് മുന്‍വര്‍ഷം 9.3 ശതമാനമായിരുന്നു.

2023 ജൂണ്‍ എട്ടിന് പണ നയം പ്രഖ്യാപിച്ചതിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ എസ്.കെ. ദാസ് പറഞ്ഞത്, 2023 മാര്‍ച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2,000 നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ്. മെയ് 19-ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം 2000 രൂപയുടെ ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നും എസ്.കെ. ദാസ് അറിയിച്ചിരുന്നു.

റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്ന തായി പ്രഖ്യാപനം നടത്തി ഒരാഴ്ച പിന്നിട്ടപ്പോള്‍ 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ തിരിച്ചെത്തിയതായി ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര അറിയിച്ചിരുന്നു. ഇതില്‍ 14,000 കോടി രൂപയും നിക്ഷേപമായിട്ടാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപ നോട്ടുകള്‍ക്ക് നിയമസാധുത കല്‍പിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് ഒരേസമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്ക് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.

2016 നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിച്ചത്. 2018-19-ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുകയും ചെയ്തു.

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് പഴയ നോട്ടുകള്‍ പിന്‍വലിക്കുന്ന ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമാണെന്നാണ് ആര്‍ബിഐ വിശദീകരണം.

Tags:    

Similar News