വരുന്നു 75 രൂപയുടെ നാണയം
- രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ് നാണയം പുറത്തിറക്കുന്നത്
- വൃത്താകൃതിയിലുള്ള നാണയത്തിന് 44 എംഎം വ്യാസവും, 200 സെറേഷനുകളും ഉണ്ടായിരിക്കും
- 35 ഗ്രാം ഭാരമുണ്ടായിരിക്കും
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. ഇക്കാര്യം മെയ് 25 വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ധനമന്ത്രാലയമാണ് അറിയിച്ചത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ് നാണയം പുറത്തിറക്കുന്നത്.
ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
Coinage Rules, 2023 പ്രകാരമാണ് നാണയം പുറത്തിറക്കുന്നത്.
വൃത്താകൃതിയിലുള്ള നാണയത്തിന് 44 എംഎം വ്യാസവും, 200 സെറേഷനുകളും (serrations) ഉണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മ്മിക്കുന്നത്. 35 ഗ്രാം ഭാരമുണ്ടായിരിക്കും. നാണയത്തിന്റെ മുന്‍വശത്ത് മധ്യഭാഗത്തായി അശോക സ്തംഭത്തിലെ സിംഹമാണ് ആലേഖനം ചെയ്യുക. ഇതിനു താഴെ ഹിന്ദിയില്‍ 'സത്യമേവ ജയതേ' എന്ന വാചകം നല്‍കും. ഇടതുവശത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലത് വശത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുതും. നാണയത്തില്‍ രൂപയുടെ ചിഹ്നവുമുണ്ടായിരിക്കും.
നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരിക്കും. സന്‍സദ് സന്‍കുല്‍ എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്റ് സമുച്ചയമെന്ന് ഇംഗ്ലീഷില്‍ താഴെയും എഴുതും.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പങ്കെടുക്കാന്‍ 25-ഓളം പാര്‍ട്ടികള്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളതെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20-ഓളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.