എൻപിഎ വർധിച്ചെങ്കിലും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂന്നാംപാദ ലാഭം 34% ഉയർന്നു
- ഏകീകൃത അടിസ്ഥാനത്തിൽ ബാങ്കിന്റെ ലാഭം 39 ശതമാനം വർധിച്ചു
- കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 12,259 കോടി രൂപയായിരുന്നു ബാങ്കിൻ്റെ അറ്റാദായം
- മൊത്ത വരുമാനം 1,15,015 കോടി രൂപയായി ഉയർന്നു
2023 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 34 ശതമാനം വർധിച്ച് 16,373 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 12,259 കോടി രൂപയായിരുന്നു ബാങ്കിൻ്റെ അറ്റാദായം. 2024 സാമ്പത്തിക വർഷത്തിൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ മൊത്ത വരുമാനം 81,720 കോടി രൂപയായി ഉയർന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഏകീകൃത അടിസ്ഥാനത്തിൽ ബാങ്കിന്റെ ലാഭം 39 ശതമാനം വർധിച്ച് 12,735 കോടി രൂപയിൽ നിന്ന് 17,718 കോടി രൂപയായി.
ഏകീകൃത മൊത്ത വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 54,123 കോടി രൂപയിൽ നിന്ന് 1,15,015 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) ഒരു വർഷം മുമ്പ് 1.23 ശതമാനത്തിൽ നിന്ന് 2023 ഡിസംബർ അവസാനത്തോടെ മൊത്ത വായ്പയുടെ 1.26 ശതമാനമായി നേരിയ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും, അറ്റ എൻപിഎകൾ മുൻ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ 0.33 ശതമാനത്തിൽ നിന്ന് 0.31 ശതമാനമായി കുറഞ്ഞു.