നാലാം പാദത്തിൽ വണ്ടർലയുടെ ലാഭം ഇടിഞ്ഞു; വില്പനയിൽ നേരിയ വർധന

  • സാമ്പത്തിക വർഷത്തിലെ അറ്റാദായം 6.08% ഉയർന്ന് 157.96 കോടി രൂപയിലെത്തി
  • നാലാം പാദത്തിലെ സഞ്ചാരികളുടെ എണ്ണം 7.09 ലക്ഷമായി കുറഞ്ഞു
  • മൊത്തവരുമാനം 7 ശതമാനം ഇടിഞ്ഞ് 104.8 കോടി രൂപയായി

Update: 2024-05-17 10:04 GMT

വണ്ടർല ഹോളിഡേയ്‌സിൻ്റെ അറ്റാദായം 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 35.49 ശതമാനം കുറഞ്ഞ് 22.61 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 35.05 കോടി രൂപയായിരുന്നു അറ്റാദായം. നാലാം പാദത്തിലെ വില്പന1.11 ശതമാനം ഉയർന്ന് 99.69 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ സമാന പാദത്തിലെ വിൽപ്പന 98.60 കോടി രൂപയുടേതായിരുന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ എബിറ്റ്ഡ (EBITDA) 28 ശതമാനം ഇടിഞ്ഞ് 40.6 കോടി രൂപയായി.

വണ്ടർലാ ഹോളിഡേയ്‌സിൻ്റെ നാലാം പാദത്തിലെ സഞ്ചാരികളുടെ എണ്ണം മുൻ വർഷത്തെ 8.04 ലക്ഷത്തിൽ 7.09 ലക്ഷമായി കുറഞ്ഞു. ഇതിനെ തുടർന്ന് മൊത്തവരുമാനം 7 ശതമാനം ഇടിഞ്ഞ് 104.8 കോടി രൂപയായി. മുൻ വർഷത്തിൽ ഇത് 112.6 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന്  എക്കാലത്തെയും ഉയർന്ന വരുമാനമായ (ഇപിഎസ്) 27.93 രൂപയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഓഹരിയൊന്നിന് 2.5 രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

2024 സാമ്പത്തിക വർഷത്തിലെ അറ്റാദായം 6.08 ശതമാനം ഉയർന്ന് 157.96 കോടി രൂപയായി രേഖപ്പെടുത്തി. മുൻവർഷമിത് 148.90 കോടി രൂപയായിരുന്നു. ഇത് കാലയളവിലെ വിൽപ്പന 12.54 ശതമാനം വർദ്ധനവോടെ 483.04 കോടി രൂപയിലെത്തി. മുൻ വർഷമിത് 429.22 കോടി രൂപയായിരുന്നു.

"വെല്ലുവിളി നിറഞ്ഞ ഒരു പാദമാണ് കടന്ന് പോയത്. മെയ് 24 ന് ഭുവനേശ്വറിൽ പുതിയ അമ്യൂസ്‌മെൻ്റ് പാർക്ക് സോഫ്റ്റ്‌ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഈ പുതിയ കൂട്ടിച്ചേർക്കൽ ഞങ്ങളുടെ വളർച്ച വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ട്," വണ്ടർല ഹോളിഡേയ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

നിലവിൽ വണ്ടർലാ ഓഹരികൾ എൻഎസ്ഇ യിൽ 4.67 ശതമാനം താഴ്ന്ന് 873.45 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News