കേരളത്തിൽ ബിയർ വില്പന ഇടിഞ്ഞതായി യുണൈറ്റഡ് ബ്രൂവറീസ്
- പ്രീമിയം വിഭാഗം 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
ബിയര്‍ നിര്‍മ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 85.80 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി.
ഡച്ച് മള്‍നാഷ്ണല്‍ ബ്രൂവിംഗ് കമ്പനിയായ ഹെന്‍കെയ്‌ന്റെ നിയന്ത്രണത്തിലുള്ളതാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1.8 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. അതേസമയം മൂന്നാം പാദത്തില്‍ വരുമാനം 12.28 ശതമാനം ഉയര്‍ന്ന് 4,155 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,700 കോടി രൂപയായിരുന്നു വരുമാനം.
പ്രീമിയം വിഭാഗം 14 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കേരളത്തിലും ഡെല്‍ഹിയിലും വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും തമിഴ്‌നാട്, തെലങ്കാന, ഒഡീസ, മഹാരാഷ്ട്ര, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലെ വളര്‍ച്ച ഈ വിടവ് നികത്തുന്നതായിരുന്നു. യൂണൈറ്റഡ് ബ്രൂവറീസിന്റെ മൊത്തം ചെലവ് ഡിസംബര്‍ പാദത്തില്‍ 10.54 ശതമാനം ഉയര്‍ന്ന് 4,062.87 കോടി രൂപയാണ്. മൊത്തം വരുമാനം 12.55 ശതമാനം ഉയര്‍ന്ന് 4,179.75 കോടി രൂപയായി.
രണ്ടാം പാദത്തില്‍ പണപ്പെരുപ്പത്തില്‍ അല്‍പം ആശ്വസം നേടിയിട്ടുണ്ടെന്നും എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം നിലനില്‍ക്കുമെന്നും കമ്പനി അറിയിച്ചു.