നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ ഫലത്തില്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ അറ്റാദായം എട്ട് ശതമാനം ഉയര്‍ന്ന് 549 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തില്‍ 509 കോടി രൂപ അറ്റാദായം കമ്പനി നേടിയിരുന്നു.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ മൊത്തവരുമാനം 3,656 കോടി രൂപയില്‍ നിന്ന് 4,742 കോടി രൂപയായി ഉയര്‍ന്നതായി എസ്ബിഐ കാര്‍ഡ് അറിയിച്ചു.
മൊത്തം പ്രവര്‍ത്തന ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ 1,974 കോടി രൂപയില്‍ നിന്ന് നടപ്പ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 23 ശതമാനം വര്‍ധിച്ച് 2,426 കോടി രൂപയായി.
മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പുള്ള 2.22 ശതമാനത്തില്‍ നിന്ന് 2.64 ശതമാനമായി ഉയര്‍ന്നു. അറ്റ എന്‍പിഎയും മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തിന്റെ അവസാനത്തെ 0.80 ശതമാനത്തില്‍ നിന്ന് 0.96 ശതമാനമായി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 533 കോടി രൂപയില്‍ നിന്ന് നഷ്ടങ്ങളും കിട്ടാക്കടം ചെലവുകളും 883 കോടി രൂപയായി വളര്‍ന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ, കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം 2023 മാര്‍ച്ച് 31 ലെ 23.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.4 ശതമാനമാണ്.
ആര്‍ബിഐ പുറപ്പെടുവിച്ച മൂലധന പര്യാപ്തത മാനദണ്ഡങ്ങള്‍ അനുസരിച്ച്, ടയര്‍ I, ടയര്‍ II മൂലധനം അടങ്ങുന്ന കമ്പനിയുടെ മൂലധന-റിസ്‌ക് അനുപാതം ബാലന്‍സ് ഷീറ്റിലും അപകടസാധ്യതയിലും കമ്പനിയുടെ മൊത്തം റിസ്‌ക് വെയ്റ്റഡ് ആസ്തിയുടെ 15 ശതമാനത്തില്‍ കുറവായിരിക്കരുത്.