ബ്ലിങ്കിറ്റിന് 103 കോടിയുടെ നഷ്ടം

  • രണ്ടാം പാദത്തില്‍ എട്ട് കോടി രൂപ മാത്രമായിരുന്നു നഷ്ടം
  • ബ്ലിങ്കിറ്റിന്റെ വിപുലീകരണം മാതൃകമ്പനിയുടെ മൊത്തത്തിലുള്ള ലാഭത്തെ കാര്യമായി ബാധിച്ചു
  • അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയായി

Update: 2025-01-21 09:34 GMT

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ മൂന്നാം പാദഫലം പുറത്ത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 103 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് ബ്ലിങ്കിറ്റ് രേഖപ്പെടുത്തയത്.

രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ 8 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തില്‍ നിന്ന് വളരെ കൂടുതലാണ് മൂന്നാം പാദത്തില്‍ ഉണ്ടായ നഷ്ടം. സമീപകാലത്ത് ബ്ലിങ്കിറ്റിന്റെ വിപുലീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകമ്പനിയുടെ മൊത്തത്തിലുള്ള ലാഭത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിവരം.

ഈ വര്‍ഷം മാര്‍ച്ചോടെ 1,000 ഡാര്‍ക്ക് സ്റ്റോറുകള്‍ തുറക്കാന്‍ ലക്ഷ്യമിട്ടിരുന്ന ബ്ലിങ്കിറ്റ് കഴിഞ്ഞ ഡിസംബര്‍ 31 ന് മുന്‍പുതന്നെ 1,007 സ്റ്റോറുകള്‍ തുറന്ന് ലക്ഷ്യം കൈവരിച്ചു. 2025 ഡിസംബറോടെ 10 മിനിറ്റിനുള്ളില്‍ ഡെലിവറികള്‍ നടത്തുന്ന 2,000 ഡാര്‍ക്ക് സ്റ്റോറുകളോ മൈക്രോ വെയര്‍ഹൗസുകളോ സ്ഥാപിക്കും. വളര്‍ച്ചാ നിക്ഷേപം ഉയര്‍ന്നതുകൊണ്ടാണ് ഇത്തവണ ഭീമമായ ചെലവുകള്‍ ഉണ്ടാകാന്‍ കാരണമെന്നും സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

കമ്പനിയുടെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന വരുമാനം 64 ശതമാനം വര്‍ധിച്ച് 5,405 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളുമായുള്ള വിപണി മത്സരം കടുത്തതോടെയാണ് ധ്രൂതഗതിയിലുള്ള വിപുലീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

നഷ്ടക്കണക്ക് താല്‍ക്കാലികമാണെന്നും ആളുകള്‍ മറ്റ് പ്ലാറ്റ്ഫോമുകള്‍ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ബ്ലിങ്കിറ്റിലേക്കാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News