ഡീമെര്‍ജര്‍ വാര്‍ത്തയുടെ പിന്‍ബലത്തില്‍ റെക്കോഡിട്ട് റിലയന്‍സ് ഓഹരി

  • ഇഷാ അംബാനിയെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചു
  • ഓഹരി ഉടമകള്‍ക്ക് റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി കൂടി ലഭിക്കും
  • ബിഎസ്ഇയില്‍ 4.5 ശതമാനത്തിലധികം ഉയര്‍ന്നു

Update: 2023-07-10 07:41 GMT

ജുലൈ 10-തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍സ് (bulls) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL ) ഓഹരി വാങ്ങാന്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു.

ആര്‍ഐഎല്‍ ഓഹരികള്‍ തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇയില്‍ 4.5 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും പുതിയ തലമായ 2,755 രൂപയിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിക്കുകയാണ്. ജുലൈ 20-നാണ് വിഭജിക്കുന്നത്. ഇനി മുതല്‍ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഇല്ല. പകരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) ആയിരിക്കും ഉണ്ടാവുക. ജുലൈ എട്ടിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജുലൈ 10ന് ആര്‍ഐഎല്ലിന്റെ ഓഹരി വില ഉയരങ്ങളിലെത്തിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ റിലയന്‍സ് ഓഹരി 13 ശതമാനമാണ് ഉയര്‍ന്നത്.

റിലയന്‍സിന്റെ ഓഹരി ഉടമകള്‍ക്ക് റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി ലഭിക്കും.

റിലയന്‍സിന് 36 ലക്ഷം ഓഹരിയുടമകളാണുള്ളത്. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 36 ലക്ഷം ഓഹരിയുടമകള്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.

വിഭജനവും തുടര്‍ന്നുള്ള ലിസ്റ്റിംഗും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂല്യം ഉയര്‍ത്തും. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാറും.

മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

Tags:    

Similar News