ഫാക്ടിന്റെ ലാഭത്തിൽ ഇടിവ്; എഫ്ഐഐ കളുടെ ഇഷ്ട കേരള ഓഹരി

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 36.27% താഴ്ന്നു
  • പ്രവർത്തന വരുമാനം 67.46% കുറഞ്ഞു
  • ഇപിഎസ് 85.99% കുറഞ്ഞ് 0.47 രൂപയായി

Update: 2024-02-16 11:17 GMT

കൊച്ചി ആസ്ഥനമായി പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിലെ കമ്പനിയുടെ ലാഭത്തിൽ 81.71 ശതമാനം ഇടിവ്. ഈ കാലയളവിലെ കമ്പനിയുടെ ലാഭം 30.32 കോടി രൂപ. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 165.79 കോടി രൂപയായിരുന്നു. 

മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 1721.94 കോടി രൂപയിൽ നിന്നും 36.27 ശതമാനം താഴ്ന്ന് 1097.33 കോടി രൂപയിലെത്തി. മുൻ പാദത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 34.02 ശതമാനവും ലാഭത്തിൽ 71.19 ശതമാനവും ഇടിവുണ്ടായി. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ പാദത്തെക്കാളും 67.46 ശതമാനം കുറഞ്ഞു, മുൻ വർഷത്തേക്കാളും 80.35 ശതമാനമാണ് ഇടിഞ്ഞത്. ഓഹരിയൊന്നിനുള്ള ഈ കാലയളവിലെ ലാഭം 85.99 ശതമാനം കുറഞ്ഞ് 0.47 രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷമിത് 3.20 രൂപയായിരുന്നു.

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ഓഹരികൾ കഴിഞ്ഞ 6 മാസത്തിൽ ഉയർന്നത് 63.58 ശതമാനമാണ്. കഴിഞ്ഞ ഒരു ആഴ്‌ചയിൽ 5.36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വിപണി മൂല്യം 48180.98 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്.

കൂടി വരുന്ന വിദേശ സ്ഥാന നിക്ഷേപകരുടെ പങ്കാളിത്തം

2023ൽ ജൂൺ പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർക്കുണ്ടായിരുന്ന 0.05 ശതമാനം ഓഹരി പങ്കാളിത്തം ഡിസംബെരിൽ അവസാനിച്ച പാദത്തിൽ 0.11 ശതമാനമായി ഉയർന്നു.

ഫാക്ട് ഓഹരികൾ എൻഎസ്ഇ യിൽ 0.63 ശതമാനം ഉയർന്ന് 783 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News