നഷ്ടം വെട്ടിക്കുറച്ച് ഡെല്‍ഹിവെരി
- വരുമാനം 10.5 ശതമാനം വളര്‍ച്ചയോടെ 1929 കോടി രൂപയില്‍
- ശേഷിയും പ്രവര്‍ത്തനശൃംഖലയും വിപുലപ്പെടുത്തി
ലോജിസ്റ്റിക് സേവനദാതാവായ ഡെല്‍ഹിവെരി നടപ്പുവര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറില്‍ നഷ്ടം ഗണ്യമായി കുറച്ചു. ആദ്യക്വാര്‍ട്ടറിലെ നഷ്ടം 89.5 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവില്‍ നഷ്ടം 399 കോടി രൂപയും 2023 മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറിലെ നഷ്ടം 159 കോടി രൂപയുമായിരുന്നു.
കമ്പനിയുടെ വരുമാനം 10.5 ശതമാനം വളര്‍ച്ചയോടെ 1929 കോടി രൂപയിലെത്തി. പ്രവര്‍ത്തനനഷ്ടം 25 കോടി രൂപയായി താഴ്ന്നു. മുന്‍വര്‍ഷംമിതേ കാലയളവിലെ പ്രവര്‍ത്തന നഷ്ടം 217 കോടി രൂപയായിരുന്നു.
രണ്ടാം പകുതിയില്‍ മികച്ച വളര്‍ച്ച ലഭിക്കുന്ന വിധത്തില്‍ ആദ്യക്വാര്‍ട്ടറില്‍ കമ്പനിയുടെ ശേഷിയും പ്രവര്‍ത്തനശൃംഖലയും വിപുലപ്പെടുത്തിയതായി കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഹില്‍ ബറുവ പറഞ്ഞു.
പ്രവര്‍ത്തനഫലം മെച്ചപ്പെടുത്തിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിലെ വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വില 5.66 ശതമാനം ഉയര്‍ച്ചയോടെ 420.75 രൂപയിലാണ് ക്ലോസ് ചെയ്തത്. അമ്പത്തിരണ്ട് ആഴ്ചയിലെ കൂടിയ വില 658 രൂപയും കുറഞ്ഞവില 291 രൂപയുമാണ്.